മദ്യനയം
തീരുമാനം യുഡിഎഫിന് വിട്ടുവെന്ന് സതീശൻ; ബജറ്റ് നിർദേശം പാസായാൽ യുഡിഎഫിന് വിടുന്നത് പ്രഹസനമെന്ന് കെ എൻ ബാലഗോപാൽ

കെ എൻ ബാലഗോപാൽ, വി ഡി സതീശൻ (Photo: Screengrab, Sabha T V)
തിരുവനന്തപുരം: ഏറെ വിവാദമായ മദ്യനയത്തിൽ വീണ്ടും ഉരുണ്ടുകളിയുമായി മുഖ്യമന്ത്രി വി ഡി സതീശൻ. വീര്യം കുറഞ്ഞ മദ്യത്തിന് വൻ നികുതിയിളവ് ബജറ്റിൽ പ്രഖ്യാപിച്ച തീരുമാനം യുഡിഎഫിന് വിട്ടതായി സതീശൻ നിയമസഭാ പ്രസംഗത്തിൽ പറഞ്ഞു. യുഡിഎഫുമായി ചർച്ച ചെയ്ത് ആലോചിക്കുമെന്നും കൂട്ടായ തീരുമാനം എടുക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വേണ്ടെന്ന് വെയ്ക്കുമെന്നും പറഞ്ഞു. അതേസമയം, ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയളവ് എന്ന നിർദേശം പിൻവലിക്കാൻ സതീശൻ തയ്യാറായിട്ടില്ല.
നിർദേശം പിൻവലിക്കാത്തിടത്തോളം ബജറ്റ് പാസായാൽ യുഡിഎഫിന് ചർച്ച ചെയ്യാൻ വിടുന്നത് വെറും പ്രഹസനമാണെന്ന് മുൻ ധനകാര്യമന്ത്രിയും എംഎൽഎയുമായ കെ എൻ ബാലഗോപാൽ മറുപടി നൽകി. നിലവിലുള്ള നികുതി നിരക്ക് 251 ശതമാനമാണ്. ഇതിൽ 10 ശതമാനം വരെ സ്പിരിറ്റ് ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കുന്ന മദ്യത്തിന് 120 ശതമാനമായും 20 ശതമാനം വരെ വീര്യമുള്ളതിന് 175 ആയുമാണ് ബജറ്റില്‍ നികുതി ഇളവ് ചെയ്തത്.
3 വർഷത്തോളം എൽഡിഎഫ് സർക്കാർ തടഞ്ഞുവെച്ച കോർപ്പറേറ്റ് മദ്യ കമ്പനിയുടെ ഫയലാണ് വി ഡി സതീശൻ അധികാരത്തിലേറി ശരവേഗത്തിൽ ഫയൽ നീക്കം നടത്തി ബജറ്റിൽ പ്രഖ്യാപനം നടത്തിയത്. സർക്കാരിന്റെ ചെലവിൽ സംസ്ഥാനത്ത് മദ്യം വ്യാപകമായി ഒഴുക്കി സർക്കാരിന് വലിയ വരുമാന നഷ്ടം ഉണ്ടാക്കി കൊണ്ട് നികുതിയിളവ് നൽകുന്നതിന് പിന്നിലുള്ള താത്പര്യം എന്താണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ കേരള സമൂഹത്തോട് മറുപടി പറയേണ്ടി വരും. എത്ര കിട്ടി എന്ന് സതീശൻ പറഞ്ഞാൽ മതിയെന്ന് മുൻ എക്സൈസ് മന്ത്രി എം ബി രാജേഷ് ആരോപിച്ചിരുന്നു.









0 comments