എസ്‌എസ്‌സി സിജിഎൽ 2026: അപേക്ഷിക്കാൻ നാളെ രാത്രി വരെ അവസരം

ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ (CGL) പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് സുവർണ്ണാവസരം. അപേക്ഷ സമർപ്പിക്കാനുള്ള ഓൺലൈൻ വിൻഡോ കമ്മീഷൻ വീണ്ടും തുറന്നു.
ഉദ്യോഗാർത്ഥികളിൽ നിന്നുള്ള നിരന്തരമായ അഭ്യർത്ഥനകൾ മാനിച്ചാണ് ഈ തീരുമാനം. മേയ് 21 മുതൽ ജൂൺ 22 വരെയുള്ള ആദ്യ റജിസ്ട്രേഷൻ ഘട്ടത്തിൽ 28 ലക്ഷത്തിലധികം ഉദ്യോഗാർത്ഥികൾ വിജയകരമായി അപേക്ഷ സമർപ്പിച്ചതായി എസ്‌എസ്‌സി ഔദ്യോഗിക വിജ്ഞാപനത്തിൽ അറിയിച്ചു.
പുതുക്കിയ തീയതികൾ പ്രകാരം ഓൺലൈൻ അപേക്ഷയ്ക്കുള്ള അവസാന തിയതി ജൂൺ 25, 2026 (രാത്രി 11 മണി വരെ), ഓൺലൈൻ ഫീസ് അടയ്ക്കേണ്ട അവസാന തീയതി ജൂൺ 26, 2026 (രാത്രി 11 മണി വരെ), അപേക്ഷയിലെ തിരുത്തലുകൾ വരുത്താനുള്ള വിൻഡോജൂലൈ 1 മുതൽ ജൂലൈ 3, 2026 (രാത്രി 11 മണി വരെ) എന്നിങ്ങനെയാണ്.
പുതിയ സമയക്രമം അനുസരിച്ച്, യോഗ്യതാ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിനുള്ള അവസാന തീയതി ഇനി മുതൽ പുതുക്കിയ അപേക്ഷാ തീയതിയായ ജൂൺ 25, 2026 ആയിരിക്കും.
അവസാന നിമിഷത്തെ തിരക്കും സാങ്കേതിക തടസ്സങ്ങളും ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ എത്രയും വേഗം അപേക്ഷ പൂർത്തിയാക്കാൻ ശ്രദ്ധിക്കുക. ആദ്യം എസ്‌എസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ ssc.gov.in സന്ദർശിക്കുക.
ഹോംപേജിലുള്ള "Apply Link" ക്ലിക്ക് ചെയ്ത്, അതിൽ നിന്നും "Combined Graduate Level Examination, 2026" എന്നത് തിരഞ്ഞെടുക്കുക. നിങ്ങളുടെ റജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും നൽകി ക്യാപ്‌ച കോഡും ടൈപ്പ് ചെയ്ത് ലോഗിൻ ചെയ്യുക.
പുതിയ ഉപയോക്താക്കൾ ആദ്യം വൺ ടൈം റജിസ്ട്രേഷൻ പൂർത്തിയാക്കണം. അപേക്ഷാ ഫോമിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി, നിശ്ചിത രേഖകൾ അപ്‌ലോഡ് ചെയ്യുക. തുടർന്ന് ഓൺലൈനായി അപേക്ഷാ ഫീസ് ഒടുക്കി ജൂൺ 25-നകം ഫോം ഫൈനൽ സബ്മിറ്റ് ചെയ്യുക.










0 comments