മുംബൈയെ വലച്ച് പെരുമഴ; റോഡുകൾ വെള്ളത്തിനടിയിൽ, ജനജീവിതം ദുസ്സഹം, അതീവ ജാഗ്രതാ നിർദേശം

കനത്ത മഴയില്‍ മരം വീണ് തകര്‍ന്ന കാര്‍ (Photo: Indian Express)
മുംബൈ: കഴിഞ്ഞ ദിവസത്തെ പെരുമഴയിൽ വലഞ്ഞ് മുംബൈ. റോഡുകൾ വെള്ളത്തിനടിയിലായി. മരങ്ങൾ വീണ് പലയിടങ്ങളിലും നാശനഷ്ടങ്ങൾ റിപ്പോർട് ചെയ്തു. ഇതോടെ മുംബൈയിലെ ജനജീവിതം ദുസ്സഹമായി. ചൊവ്വാഴ്ച രാത്രിയാണ് മുംബൈയിൽ അതിശക്തമായ മഴ പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളിലും 200 മില്ലിമീറ്ററിലധികം മഴ ലഭിച്ചു. ചൊവ്വാഴ്ച രാത്രി 8:30 നും ബുധനാഴ്ച രാവിലെ 5:30 നും ഇടയിൽ രാം മന്ദിർ, കൊളാബ, സാന്താക്രൂസ് എന്നീ മൂന്ന് സ്റ്റേഷനുകളിൽ അതിശക്തമായ മഴ രേഖപ്പെടുത്തി.
രാം മന്ദിറിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് (224 മി.മീ), കൊളാബയിൽ 218.5 മി.മീറ്ററും സാന്താക്രൂസിൽ 210.6 മി.മീറ്ററും മഴ ലഭിച്ചു. സാധാരണ ലഭിക്കേണ്ടതിനേക്കാൾ 13 ദിവസങ്ങൾക്ക് ശേഷമാണ് ഇത്തവണ മുംബൈയിൽ കാലവർഷം എത്തിയത്. കഠിനമായ ചൂട് അനുഭവപ്പെടുന്ന മുംബൈയ്ക്ക് മഴ ആശ്വാസം പകർന്നുവെങ്കിലും ഇരത്തെത്തിയ മഴ വൻനാഷ്ടങ്ങളും സൃഷ്ടിച്ചു. മഴയെത്തുടർന്ന് വിക്രോളി വെസ്റ്റിലെ ഒരു കെട്ടിടത്തിന് സമീപമുള്ള മതിൽ തകർന്നു വീണു.
മറ്റൊരു അപകടത്തിൽ ഒരു മരം കാറിന് മുകളിലേക്ക് വീണ് വാഹനം തകരുകയും ഡ്രൈവർക്ക് പരിക്കേറ്റു. കനത്ത മഴ സെൻട്രൽ റെയിൽവേയുടെ ട്രാൻസ്-ഹാർബർ ലൈൻ സേവനങ്ങളെയും സാരമായി ബാധിച്ചു. തുർഭെക്കും കോപ്പർഖൈറാനെയ്ക്കും ഇടയിലുള്ള ട്രാക്ക് വെള്ളപ്പൊക്കത്തിൽ തകർന്നതിനെ തുടർന്ന് താനെക്കും വാഷിക്കും ഇടയിലുള്ള ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഇതോടെ യാത്രക്കാരും ദുരിതം നേരിട്ടു.
നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടുവെങ്കിലും നിലവിൽ വെള്ളം ഇറങ്ങിയിട്ടുണ്ടെന്നും ഗതാഗതം സാധാരണ നിലയിലായെന്നും അധികൃതർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് ബുധനാഴ്ച മുംബൈയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട് പ്രഖ്യാപിച്ചു. ഇടിമിന്നലോടു കൂടിയ കനത്ത മഴ സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.









0 comments