കരിമണൽ: സർക്കാരിനെതിരെ അതിശക്തമായ പ്രക്ഷോഭം നടത്തും- ബിനോയ് വിശ്വം

തിരുവനന്തപുരം: കേരള തീരത്തെ അമൂല്യവും അപൂർവവുമായ കരിമണൽ സമ്പത്ത് സ്വകാര്യ മേഖലയ്ക്ക് തീറെഴുതുന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനത്തിനെതിരെ ജനങ്ങളെ ആകെ അണിനിരത്തിക്കൊണ്ട് അതിശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ജൂലായ് മൂന്നാം വാരത്തിൽ ആലപ്പുഴയിൽ കരിമണൽ ഖനനത്തിനെതിരെ സിപിഐ ബഹുജന കൺവെൻഷൻ സംഘടിപ്പിക്കും. പ്രക്ഷോഭത്തിൽ വി എം സുധീരൻ അടക്കം യോജിക്കാവുന്ന എല്ലാവരുമായും കമ്മ്യൂണിസ്റ്റ് പാർട്ടി കൈകോർത്ത് നീങ്ങും.
ലോലപരിസ്ഥിതിയെയും തീരദേശ ജനതയെയും അപകടപ്പെടുത്തിക്കൊണ്ട് സ്വകാര്യ ഖനനലോബിക്ക് വൻലാഭമുണ്ടാക്കിക്കൊടുക്കാനുള്ള ഈ നീക്കത്തിൽ അഴിമതിയുടെ സാധ്യതകളും ദേശരക്ഷാ പ്രതിസന്ധികളും ഒളിഞ്ഞു കിടക്കുന്നു.ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിലുൾപ്പെടെ എല്ലാ ക്ഷേമസേവനരംഗങ്ങളിലും സർക്കാർ നേരിട്ട് നടത്തിയ നിക്ഷേപങ്ങളുടെ സാമൂഹ്യ വികാസ സൂചികകളിലുണ്ടാക്കിയ ഉജ്വലമായ നേട്ടങ്ങളിലൂടെയാണ് ഇന്ത്യയിലെ ഏറ്റവും മികച്ച സംസ്ഥാനമായി വളരാൻ കേരളത്തിന് കഴിഞ്ഞത്. ഈ വസ്തുതയെ തമസ്‌കരിച്ചു കൊണ്ടും കടഭീതിയുടെ വ്യാജപ്രതീതി സൃഷ്ടിച്ചു കൊണ്ടും സമൂഹത്തിന്റെ പൊതു വിഭവങ്ങൾ സ്വകാര്യ മേഖലക്ക് കൊള്ളയടിക്കാൻ അവസരം സൃഷ്ടിക്കുകയാണ് യുഡിഎഫിന്റെ ധവളപത്രവും ബജറ്റും.
അവയിലൂടെ മുന്നോട്ടുവെക്കുന്ന ഏറ്റവും അപകടകരമായ നിർദ്ദേശങ്ങളിൽ ഒന്നാണ് സ്വകാര്യ കരിമണൽ ഖനനം. കെഎംഎംഎൽ, ഐആർഇഎൽ എന്നീ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി നിയന്ത്രിതവും ക്രമീകൃതവുമായി ഖനനം നടത്തിവന്ന പൊതുനയമായിരുന്നു കേരളം ഇതുവരെ സ്വീകരിച്ചിരുന്നത്.ഇതിൽനിന്നുള്ള കുതന്ത്രപൂർണമായ വ്യതിചലനത്തിന് വി ഡി സതീശൻ സർക്കാർ കേരളത്തിലെ ജനാധിപത്യ സമൂഹത്തോട് കണക്ക് പറയേണ്ടിവരുമെന്നും ബിനോയ് വിശ്വം പറഞ്ഞു.









0 comments