ad
Deshabhimani

ഡൽഹിയിൽ നടപ്പാതയിൽ ഉറങ്ങിക്കിടന്ന 11 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് കുഴിച്ചുമൂടി; ക്യാബ് ഡ്രൈവർ അറസ്റ്റിൽ

sexual assault rape
വെബ് ഡെസ്ക്

Published on Jun 24, 2026, 12:37 PM | 2 min read

ന്യൂഡൽഹി : തെക്കൻ ഡൽഹിയിൽ നടപ്പാതയിൽ കുടുംബത്തോടൊപ്പം ഉറങ്ങുകയായിരുന്ന 11 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. സംഭവത്തിൽ ന​ഗരത്തിലെ ക്യാബ് ഡ്രൈവർ അറസ്റ്റിലായി. ജൂൺ 22 ന് പുലർച്ചെയായിരുന്നു ക്രൂരകൃത്യം. ബീഹാർ സ്വദേശിയായ ബാഷു കുമാർ സിംഗ് (29) എന്ന പ്രതിയെ 20ഓളം പൊലീസ് സംഘങ്ങൾ ഉൾപ്പെട്ട വിപുലമായ അന്വേഷണത്തിനൊടുവിൽ സംഭവം നടന്ന് ആറ് മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്തു.


മെഹ്‌റൗളിയിലെ ഛത്തർപൂർ മെട്രോ സ്റ്റേഷന് സമീപമുള്ള നടപ്പാതയിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു പെൺകുട്ടി. തിങ്കളാഴ്ച പുലർച്ചെ 4.15 ഓടെയാണ് സിംഗ് പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയത്. പെൺകുട്ടിയെ ഫരീദാബാദ്- ഗുരുഗ്രാം അതിർത്തിയിലെ ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയ പ്രതി ലൈംഗികമായി പീഡിപ്പിച്ച ശേഷം തുണികൊണ്ട് കഴുത്തു ഞെരിച്ചു കൊന്നു. കല്ലുകൊണ്ട് നെഞ്ചിൽ ഇടിച്ച ശേഷം തെളിവുകൾ നശിപ്പിക്കാനായി മൃതദേഹം കല്ലുകൊണ്ട് മൂടി. സംഭവസമയത്ത് പ്രതി കഞ്ചാവിന്റെ ലഹരിയിലായിരുന്നു.


കുട്ടിയെ തട്ടിക്കൊണ്ടുപോകുന്നതിന് മുമ്പ് സിംഗ് തന്റെ വെളുത്ത ഹാച്ച്ബാക്ക് കുടുംബത്തിന് സമീപം കുറച്ചുനേരം പാർക്ക് ചെയ്തിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി നിമിഷങ്ങൾക്കുള്ളിൽ കുട്ടിയുടെ അച്ഛൻ ഉണർന്നു. പരിസരത്തുനിന്ന് ഒരു വാഹനം വേഗത്തിൽ പോകുന്നത് ശ്രദ്ധിച്ച പിതാവ് മകളെ കാണാനില്ലെന്ന് മനസ്സിലാക്കിയതോടെ മെഹ്‌റോളി പൊലീസിൽ വിവമരമറിയിച്ചു. തുടർന്ന് തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുള്ള അന്വേഷണത്തിൽ പടിഞ്ഞാറൻ ഡൽഹിയിലെ വികാസ്പുരിയിൽ നിന്നാണ് സിം​ഗ് അറസ്റ്റിലായത്. കുറ്റകൃത്യത്തിനു ശേഷം ഇയാൾ മറ്റൊരു യാത്രക്കാരനുമായി സഞ്ചരിച്ചിരുന്നു.


ചോദ്യം ചെയ്യലിൽ കുറ്റകൃത്യത്തിന് മുമ്പ് താൻ കഞ്ചാവ് ഉപയോ​ഗിച്ചതായി സിം​ഗ് സമ്മതിച്ചെങ്കിലും പല തവണ മൊഴി മാറ്റി. ഗുരുഗ്രാം അതിർത്തിക്കടുത്തുള്ള ഫത്തേപൂർ ബെരിക്ക് സമീപമുള്ള മണ്ടി റോഡിൽ കാറിനുള്ളിൽ വെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് സിങ്ങ് ആദ്യം മൊഴി നൽകിയത്. ഫരീദാബാദ്-ഗുരുഗ്രാം റോഡരികിലെ ആളൊഴിഞ്ഞ വനപ്രദേശത്തേക്ക് പെൺകുട്ടിയെ കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയെന്നായിരുന്നു രണ്ടാമത്തെ മൊഴി. കുട്ടി ശബ്ദമുണ്ടാക്കാതിരിക്കാനായി പ്രതി കഞ്ചാവ് നൽകിയിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.


വൈകിട്ട് 5ഓടെ പ്രതിയുമായി അന്വേഷണ ഉദ്യോഗസ്ഥർ കുറ്റകൃത്യം നടന്ന സ്ഥലത്തെത്തി. കല്ലുകൾക്കടിയിൽ ഒളിപ്പിച്ച നിലയിൽ മൃതദേഹം കണ്ടെത്തി. പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലത്തേക്ക് തിരികെ കൊണ്ടുവരാൻ ആദ്യം ഉദ്ദേശിച്ചിരുന്നെങ്കിലും പ്രദേശത്ത് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതിനെത്തുടർന്ന് രക്ഷപ്പെട്ടുവെന്ന സിങ്ങിന്റെ വാദവും അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുന്നുണ്ട്.


ഫോറൻസിക് സയൻസ് ലബോറട്ടറി സംഘങ്ങൾ പ്രതിയുടെ കാറിൽ നിന്നും കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്നും സാമ്പിളുകൾ ശേഖരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. കുറ്റകൃത്യത്തിൽ മറ്റാരുടെയും പങ്കാളിത്തം സൂചിപ്പിക്കുന്ന തെളിവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. പോക്സോ നിയമത്തിലെ സെക്ഷൻ 6 പ്രകാരമുള്ള കേസും ബിഎൻഎസ് പ്രകാരം ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നീ കുറ്റങ്ങളും ചുമത്തി പൊലീസ് കേസെടുത്തു. സിങ്ങ് വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നുമാണ് വിവരം.


ഛത്തർപൂരിലെ ശ്മശാനത്തിൽ പെൺകുട്ടിയുടെ മൃതദേഹം കനത്ത പൊലീസ് സുരക്ഷയിൽ സംസ്കരിച്ചു. പ്രതിക്ക് വധശിക്ഷ നൽകണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയുടെ കുടുംബം സംസ്കാരചടങ്ങുകൾക്കിടെ പ്രതിഷേധിച്ചു. രണ്ട് കൊലപാതകശ്രമം ഉൾപ്പെടെ ബിഹാറിൽ സിങ്ങിനെതിരെ അഞ്ച് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തി. ശരിയായ പശ്ചാത്തല പരിശോധന നടത്തിയിട്ടുണ്ടോ എന്ന് ഉറപ്പാക്കാൻ സിങ് ജോലി ചെയ്തിരുന്ന ഓൺലൈൻ കാബ് അഗ്രഗേറ്ററെയും ബന്ധപ്പെടുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എത്രയും വേഗം കുറ്റപത്രം സമർപ്പിച്ച് പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നും പൊലീസ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home