നിയമവൈദഗ്‌ധ്യ പരിശീലനം; ധാരണപത്രം ഒപ്പുവച്ച് ഒമാനും മൊറോക്കോയും

മസ്‌കത്ത് : അഭിഭാഷകർ, നിയമ വിദഗ്ധർ തുടങ്ങി നിയമമേഖലയിൽ പ്രവർത്തിക്കുന്നവരെ പരിശീലിപ്പിക്കാനും സഹകരണം വർധിപ്പിക്കാനും വികസിപ്പിക്കാനുമായി മൊറോക്കോയുമായി ധാരണപത്രം ഒപ്പുവച്ച് ഒമാൻ. മൊറോക്കൻ തലസ്ഥാനമായ റബാത്തിൽ ഒമാൻ നീതിന്യായ നിയമ മന്ത്രി ഡോ. അബ്ദുള്ള ബിൻ മുഹമ്മദ് അൽ-സൈദിയും മൊറോക്കൻ നീതിന്യായ മന്ത്രി അബ്ദെല്ലാത്തീഫ് വെഹ്ബെയും ചേർന്നാണ് ധാരണപത്രം ഒപ്പുവച്ചത്.
നീതിന്യായ, നിയമ മേഖലകളിൽ ഇരുകക്ഷികളും തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനുള്ള പ്രായോഗിക ചട്ടക്കൂടാണ് ഈ മെമ്മോറാണ്ടം പ്രതിനിധീകരിക്കുന്നത്. പ്രൊഫഷണൽ കഴിവുകളും നിയമസേവനങ്ങളുടെ ഗുണനിലവാരവും വികസിപ്പിക്കുന്നതിനും രണ്ട് രാജ്യങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ കൈവരിക്കുന്നതിനും സഹായിക്കുന്ന വിധത്തിൽ രൂപകൽപ്പന ചെയ്‌തിട്ടുള്ള സുപ്രധാന കരാറാണിതെന്നും അൽ-സൈദി പറഞ്ഞു. ഇരുരാജ്യങ്ങളുടെയും സഹകരണത്തോടെ നീതിന്യായ പ്രവർത്തനങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കുകയാണ് കരാറിന്റെ ലക്ഷ്യം.
പ്രത്യേക പരിശീലന പരിപാടികൾ, സെമിനാറുകൾ, വർക്ക്ഷോപ്പുകൾ തുടങ്ങിയ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. സന്ദർശനത്തോടനുബന്ധിച്ച് മൊറോക്കോയിലെ നീതിന്യായ വ്യവസ്ഥയിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥരുമായി ഡോ. അൽസൈദി ഔദ്യോഗിക കൂടിക്കാഴ്ച നടത്തി. മേഖലയിലെ സഹകരണം വർധിപ്പിക്കുന്നതിനും അനുഭവങ്ങൾ കൈമാറുന്നതിനുമുള്ള വഴികൾ ചർച്ചകളുടെ ഭാഗമായതായി മന്ത്രാലയവൃത്തങ്ങൾ അറിയിച്ചു.










0 comments