37.6608 ഹെക്ടർ ഭൂമിയും വിതരണം ചെയ്യാനായില്ല
ആദിവാസി പുനരധിവാസ മിഷൻ ഭൂമിവിതരണം നിലച്ചിട്ട് ആറുമാസം; 417 കുടുംബങ്ങൾ കാത്തിരിപ്പിൽ

എം സനോജ്
Published on Sep 26, 2026, 09:54 PM | 2 min read
നിലമ്പൂർ: മലപ്പുറം ജില്ലയിലെ ഭൂരഹിതരായ ആദിവാസികൾക്ക് ഭൂമി നൽകുന്നതിനുള്ള ആദിവാസി പുനരധിവാസ വികസന മിഷന്റെ രണ്ടാംഘട്ട ഭൂമിവിതരണം നിലച്ചിട്ട് ആറുമാസം. 417 ഗുണഭോക്താക്കൾ ഉൾപ്പെട്ട പട്ടികയിലെ നറുക്കെടുപ്പ് ഫെബ്രുവരി 24ന് തടസ്സപ്പെട്ടതോടെയാണ് ഭൂമിവിതരണം അനിശ്ചിതത്വത്തിലായത്. നറുക്കെടുപ്പിലെ ഗുണഭോക്താക്കൾ അനർഹരാണെന്ന് ആരോപിച്ച് വെൽഫെയർ പാർട്ടി പിന്തുണയുള്ള ആദിവാസി നേതാവിൻ്റെ നേതൃത്വത്തിൽ നിലമ്പൂർ വ്യാപാര ഭവനിൽ നടന്ന നറുക്കെടുപ്പ് തടസ്സപ്പെടുത്തുകയായിരുന്നു.
കലക്ടറുടെ നിർദേശത്തെ തുടർന്ന് നറുക്കെടുപ്പ് നിർത്തിവെച്ചു. തുടർന്ന് നറുക്കെടുപ്പ് തടസ്സപ്പെടുത്തിയവർ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയതോടെ നടപടികൾ കൂടുതൽ നീണ്ടു. സ്റ്റേ നീക്കുന്നതിനുള്ള സർക്കാർ നടപടി വൈകുന്നതോടെ ഭൂമിവിതരണവും പ്രതിസന്ധിയിലായി.
വനംവകുപ്പ് റവന്യൂ വകുപ്പിന് കൈമാറിയ ഭൂമിയിൽ നേരത്തെ വിതരണം ചെയ്തതിന് ശേഷമുള്ള 37.6608 ഹെക്ടർ വനഭൂമിയാണ് രണ്ടാംഘട്ടത്തിൽ വിതരണം ചെയ്യാൻ തയ്യാറാക്കിയിരുന്നത്. ചാലിയാർ പഞ്ചായത്തിലെ കണ്ണംകുണ്ടിൽ 3.1175 ഹെക്ടർ, അത്തിക്കൽ ബിറ്റിൽ 6.4233 ഹെക്ടർ, ചുങ്കത്തറ പഞ്ചായത്തിലെ നെല്ലിപ്പൊയിൽ കൊടീരി ബിറ്റിൽ 28.12 ഹെക്ടർ എന്നിങ്ങനെയാണ് ഭൂമി.
604 കുടുംബങ്ങൾക്ക് 78.1591 ഹെക്ടർ
വനാവകാശ നിയമപ്രകാരം ജില്ലയിൽ 203.64 ഹെക്ടർ വനഭൂമിയാണ് ഉണ്ടായിരുന്നത്. ഇതിൽ എടവണ്ണ റെയ്ഞ്ചിലെ അത്തിക്കൽ ഒന്ന്, രണ്ട് ബിറ്റുകളിലെ 55.34 ഹെക്ടർ വനഭൂമി 1978ൽ വിതരണം ചെയ്തു. ശേഷിച്ച ഭൂമിയിൽ 2003ലെ സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 138.38 ഹെക്ടർ ഭൂമി സർവേ നടത്തി. ഇതിൽ വാസയോഗ്യമെന്ന് കണ്ടെത്തിയ 117.1164 ഹെക്ടർ ഭൂമിക്ക് 2018ൽ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു.
ഇതിൽ 78.1591 ഹെക്ടർ വനഭൂമി 604 കുടുംബങ്ങൾക്ക് ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. കണ്ണംകുണ്ടിൽ പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി 34 കുടുംബങ്ങൾക്ക് 50 സെന്റ് വീതം ഭൂമി നൽകി. തൃക്കൈക്കുത്ത് ബിറ്റിൽ 131 കുടുംബങ്ങൾക്ക് 10 സെന്റ് വീതവും അത്തിക്കൽ ബിറ്റ് മൂന്നിൽ 63 കുടുംബങ്ങൾക്ക് 20 സെന്റ് വീതവും ചുങ്കത്തറ നെല്ലിപ്പൊയിൽ കൊടീരി ബിറ്റ് ഒന്നിൽ 376 കുടുംബങ്ങൾക്ക് 40 സെന്റ് വീതവും വിതരണം ചെയ്തു.
ഇതിന് പിന്നാലെയാണ് ശേഷിക്കുന്ന 37.6608 ഹെക്ടർ ഭൂമി 417 കുടുംബങ്ങൾക്ക് വിതരണം ചെയ്യുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. നറുക്കെടുപ്പ് തടസ്സപ്പെട്ടതോടെ ആറുമാസമായി ഇവരുടെ ഭൂമിയുടെ കാര്യത്തിലും തീരുമാനമാകാതെ തുടരുകയാണ്.









0 comments