Deshabhimani

print edition രാജദാനമല്ല, നേടിയെടുത്തത്‌ പ‍ൗരാവകാശം

Karthikayan

പ്രൊഫ. വി കാർത്തികേയൻ നായർ

വെബ് ഡെസ്ക്

Published on Nov 13, 2026, 02:28 AM | 2 min read

തിരുവനന്തപുരം : ദേശീയപ്രസ്ഥാനത്തിന്റെയും കേരളത്തിലെ നവോത്ഥാന പോരാട്ടങ്ങളുടെയും പ്രധാന വിജയമാണ്‌ 1936ലെ ക്ഷേത്രപ്രവേശന വിളംബരം. ‘രാജഭരണത്തിനുകീഴിൽ ലഭിച്ച മഹത്തായദാനം’ എന്ന്‌ ചിലർ പുതിയ വ്യാഖ്യാനം ചമയ്‌ക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത്‌ എങ്ങനെയാണ്‌ പ‍ൗരാവകാശങ്ങൾ നമുക്ക്‌ ലഭിച്ചതെന്ന്‌ ഓർമിപ്പിക്കണം.


അവർണർ, അധഃസ്ഥിതർ എന്നൊക്കെവിളിച്ച്‌ മാറ്റിനിർത്തിയിരുന്നവർക്കും പ‍ൗരാവകാശങ്ങളുണ്ട്‌ എന്ന് ഉദ്‌ഘോഷിച്ചത്‌ രാജാക്കൻമാരും അവരുടെ ആശ്രിതരുമല്ല. നവോത്ഥാന നായകരും ദേശീയ പ്രസ്ഥാനവുമാണ്‌. നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിൽ ക്ഷേത്രപ്രവേശന വിളംബരം സാധ്യമായതിന്റെ ചരിത്രം പറയുകയാണ്‌ അധ്യാപകനും ചരിത്രകാരനുമായ പ്രൊഫ. വി കാർത്തികേയൻ നായർ.


1917–18 കാലഘട്ടത്തിൽ ശ്രീമൂലം പ്രജാസഭയിൽ കുമാരനാശാനുൾപ്പെടെയുള്ളവർ എല്ലാവർക്കും ക്ഷേത്രങ്ങളിൽ പ്രവേശിച്ച്‌ ദൈവാരാധന നടത്താനുള്ള അവകാശം നൽകണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.


‘നാട്ടാചാരപ്രകാരം അനുവദിക്കാൻ കഴിയില്ല’ എന്നായിരുന്നു ദിവാന്റെ മറുപടി. 1924–25ൽ വൈക്കം സത്യഗ്രഹം വന്നപ്പോഴും സർക്കാർ എടുത്തത്‌ ഇതേ നിലപാടായിരുന്നു. 1812ൽ ജോൺ മൺറോ ദിവാനായിരുന്നപ്പോൾ തിരുവിതാംകൂറിലെ 378 ക്ഷേത്രങ്ങൾ സർക്കാർ ഏറ്റെടുത്തു. അവയെ പരിരക്ഷിക്കാൻ ഹജൂർകച്ചേരിയിൽ (സെക്രട്ടറിയറ്റ്‌) ദേവസ്വം വകുപ്പ്‌ തുടങ്ങി. ‘തൃപ്പടിദാനം’വഴി തിരുവിതാംകൂർ രാഷ്‌ട്രം (സർക്കാർ) മുഴുവൻ ശ്രീപത്മനാഭന്റെതായി മാറിക്കഴിഞ്ഞിരുന്നു. സർക്കാർ ഏറ്റെടുത്ത ക്ഷേത്രങ്ങളും പത്മനാഭന്റെതായി മാറി.


പത്മനാഭന്റെ അടുത്തേക്ക്‌ പ്രവേശനമില്ലാത്ത ആർക്കും സർക്കാർ ക്ഷേത്രങ്ങളിലും പോകാനാകില്ല എന്നതായിരുന്നു നാട്ടാചാരം. ‘അതുപറ്റില്ല, ഞങ്ങളും ശ്രീപത്മനാഭന്റെ മക്കളാണ്‌, വിദ്യാസന്പന്നരാണ്‌, നികുതി നൽകുന്നവരാണ്‌, ഞങ്ങളെയും പ്രവേശിപ്പിക്കണം’ എന്നവകാശമുന്നയിച്ചാണ്‌ മറ്റുജാതിക്കാർ ക്ഷേത്രപ്രവേശനത്തിനുള്ള ആവശ്യം ശക്തമാക്കിയത്‌.


പിന്നീട്‌ പ‍ൗരസമത്വമുന്നണി (സിവിക്‌ റൈറ്റ്‌ ലീഗ്‌) രൂപീകരിക്കപ്പെട്ടു. സർക്കാർ സർവീസിലും ക്ഷേത്രങ്ങളിലും പ്രവേശിക്കുന്നത്‌ പ‍ൗരാവകാശമാണെന്ന്‌ മുന്നണി അവകാശപ്പെട്ടു. സർക്കാർ വകുപ്പിൽ പ്രവേശനം എന്നത്‌ തത്വത്തിൽ അംഗീകരിക്കപ്പെട്ടു.


റവന്യു, ദേവസ്വം വകുപ്പുകൾ രണ്ടാക്കി. ദേവസ്വം വകുപ്പിൽ പിന്നാക്കക്കാരെ നിയമിക്കില്ല. റവന്യ‍ു വകുപ്പിൽ ആകാം എന്ന്‌ തീരുമാനം വന്നു. പിന്നാലെയാണ്‌ വൈക്കം സത്യഗ്രഹം വരുന്നത്‌. ഇതിലൂടെ നടക്കാനുള്ള സ്വാതന്ത്ര്യവും ഭാഗികമായി അംഗീകരിച്ചു.


തിരുവിതാംകൂറിൽ ജനസംഖ്യയിൽ കൂടുതലുള്ള ഇ‍ൗഴവർ ഒന്നടങ്കം ക്രിസ്‌തുമതത്തിൽ ചേരുമെന്ന്‌ പ്രഖ്യാപിച്ചു. അങ്ങനെ സംഭവിച്ചാൽ ക്രിസ്‌ത്യാനികൾ ജനസംഖ്യയിൽ മുന്നിലെത്തുകയും തിരുവിതാംകൂറിന്‌ ഹിന്ദുരാഷ്‌ട്രം എന്ന പദവി നഷ്‌ടമാകുകയും ചെയ്യുമെന്ന്‌ രാജാവിന്‌ മനസ്സിലായി. പ‍ൗരാവകാശ മുന്നണിയിൽ ഇ‍ൗഴവർ, മുസ്ലിങ്ങൾ‍, ക്രിസ്‌ത്യാനികൾ എന്നിവരാണുണ്ടായിരുന്നത്‌.


ക്രിസ്‌ത്യാനികളിലെ ഒരു വിഭാഗം അതിസന്പന്നരും ബ്രിട്ടീഷുകാരുടെ പിന്തുണയുള്ളവരുമായിരുന്നു. അവരെ ഇ‍ൗ മുന്നണിയിൽനിന്ന്‌ അടർത്തിമാറ്റുക എന്ന ലക്ഷ്യം സർക്കാരിനുണ്ടായിരുന്നു. ക്രിസ്‌ത്യാനികളുള്ള മുന്നണിയിൽനിന്ന്‌ ഇ‍ൗഴവരെ അടർത്തിയെടുക്കാനുള്ള മാർഗമായും സർക്കാർ ക്ഷേത്രപ്രവേശനത്തെ കണ്ടിരുന്നു. 1936ൽ തിരുവിതാംകൂറിൽ പബ്ലിക്‌ സർവീസ്‌ കമീഷൻ വരികയും അതിൽ ജാതിയടിസ്ഥാനത്തിലുള്ള ഉദ്യോഗസ്ഥ നിയമനം നടത്തുകയും ചെയ്‌തു.


ഇ‍ൗഴവസമുദായം മുന്നോട്ടുവച്ച ആവശ്യമായിരുന്നു അത്‌. 35 ശതമാനം നിയമനം ജാതിമതാടിസ്ഥാനത്തിൽ നടപ്പാക്കി, ഇ‍ൗഴവസമൂഹത്തെ കൂടെ നിർത്താൻ രാജാവിന്‌ കഴിഞ്ഞു എന്ന രാഷ്‌ട്രീയതന്ത്രവും ക്ഷേത്രപ്രവേശനത്തിന്‌ പിന്നിലുണ്ട്‌. ഗുരുവായൂർ ക്ഷേത്രപ്രവേശനത്തിനുവേണ്ടി എ കെ ജിയും പി കൃഷ്‌ണപിള്ളയും പോരാടി. കൊച്ചി സംസ്ഥാനത്ത്‌ നടന്ന തിരുവാർപ്പ്‌, പാലിയം സമരത്തിലും കമ്യൂണിസ്‌റ്റ്‌ പാർടിയാണ്‌ നേതൃത്വം നൽകിയത്‌. അത്‌, ഇന്ത്യൻ ഭരണഘടനയിൽ പറയുന്ന ‘ആരാധനയ്‌ക്കുള്ള അവകാശം’ നേടിയെടുക്കാനായിരുന്നുവെന്നും പ്രൊ-ഫ. വി കാർത്തികേയൻ നായർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

CITU

02

print edition മാധ്യമം പത്രത്തിലെ ശമ്പളനിഷേധം; ഡിസം. 9ന്‌ നിയമസഭാ മാർച്ച്
Seminar

04

print edition പി ജി ജന്മശതാബ്ദി സെമിനാർ
deshabhimani section

Recommended

Deshabhimani
Home