ad
Deshabhimani

ചൊവ്വ അർധരാത്രി മുതൽ ട്രോളിങ് നിരോധനം

trawling image a r arunraj

കാലവർഷം എത്തിയതോടെ മത്സ്യബന്ധനം നിലച്ച് വിജനമായ വലിയതുറ ചന്ത. ഫോട്ടോ: എ ആർ അരുൺരാജ്

avatar
സ്വന്തം ലേഖകൻ

Published on Jun 07, 2026, 10:25 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്ത് ജൂൺ 10 അർധരാത്രി മുതൽ മൺസൂൺ കാല ട്രോളിങ് നിരോധനം നിലവിൽ വരും. കേരള തീരത്ത്‌ കരയിൽനിന്ന് കടലിലേക്ക്‌ 12 നോട്ടിക്കൽ മൈൽ ( 22 കിലോമീറ്റർ ) വരെ 52 ദിവസങ്ങളിലായി നടപ്പാക്കുന്ന നിരോധം ജൂലൈ 31 വരെ നീളും. ഈ കാലയളവിൽ മീൻപിടിത്ത ട്രോൾ ബോട്ടുകൾ കടലിലിറങ്ങില്ല. 2007 ലെ ഉപരിതല മത്സ്യബന്ധന നിയന്ത്രണ-സംരക്ഷണ നിയമം നിലവിലുള്ളതിനാൽ തീരക്കടലിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഉപരിതല മത്സ്യബന്ധനം നടത്തുന്നതിന് തടസമുണ്ടാകില്ല.


പശ്ചിമ തീരത്തെ പ്രത്യേക സാമ്പത്തിക മേഖലയായ ഇഇസെഡിൽ തിങ്കൾ മുതൽ ജൂലൈ 31 വരെ 61 ദിവസത്തേക്ക് നോൺ-മോട്ടോറൈസ്ഡ് യാനങ്ങൾ ഒഴികെയുള്ള എല്ലാ മത്സ്യബന്ധന പ്രവർത്തനങ്ങൾക്കും നിരോധനം ഏർപ്പെടുത്തും. അന്യസംസ്ഥാന ബോട്ടുകൾ കേരള തീരം വിടുന്നുവെന്ന് ഉറപ്പാക്കുന്നതിനും ഹാർബറുകളിലെ ഡീസൽ ബങ്കുകൾ നിയന്ത്രിക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ട്രോളിംഗ് ബോട്ടുകൾ ജൂൺ 9 വൈകുന്നേരത്തോടെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ്, മറൈൻ എൻഫോഴ്‌സ്‌മെന്റ്, കോസ്റ്റൽ പൊലീസ് എന്നിവർ ഉറപ്പാക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.


ട്രോളിംഗ് നിരോധനം ലംഘിക്കുന്ന ബോട്ടുകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും. ആവശ്യമായ സാഹചര്യങ്ങളിൽ ഇന്ത്യൻ നേവിയും ഇന്ത്യൻ കോസ്റ്റ് ഗാർഡും രക്ഷാപ്രവർത്തനങ്ങൾക്ക് സജ്ജമായിരിക്കും. എല്ലാ തീരദേശ ജില്ലകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ മേയ് 15 മുതൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. വിഴിഞ്ഞം, വൈപ്പിൻ ഫിഷറീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് രണ്ട് മറൈൻ ആംബുലൻസുകളും പ്രവർത്തിക്കും.


ഭൂരിഭാഗം കടൽ മത്സ്യങ്ങളുടേയും പ്രജനനം നടക്കുന്ന മൺസൂൺ കാലത്ത് ട്രോളിങ് നടത്തുന്നത് മത്സ്യങ്ങളുടെ മുട്ടയും ചെറുമത്സ്യങ്ങളും നശിക്കുന്നതിലൂടെ കടൽ മത്സ്യസമ്പത്തിനെ പ്രതികൂലമായി ബാധിക്കുന്നതായുള്ള വിവിധ പഠനങ്ങളുടെ പശ്ചാത്തലത്തിലാണ് 1988 മുതൽ കേരള തീരക്കടലിൽ മൺസൂൺ കാല ട്രോളിങ് നിരോധം നടപ്പാക്കിവരുന്നത്. നിരോധത്തിന്റെ ഫലമായി കടൽ മത്സ്യ ഉൽപ്പാദനം ഗണ്യമായി വർധിച്ചിട്ടുള്ളതായും പഠനങ്ങൾ തെളിയിക്കുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home