ad
Deshabhimani

കിഴക്കൻ വെള്ളത്തിന്റെ വരവ്, പൊഴിമുഖം തുറന്നില്ല; കുട്ടനാട്‌ മുങ്ങുന്നു

alappuzha muttar flood

ആലപ്പുഴ മുട്ടാറിൽ വെള്ളപ്പൊക്ക ദുരിതത്തിൽപ്പെട്ടവരെ വള്ളത്തിൽ കിടങ്ങറയിലേക്ക് എത്തിക്കുന്നു

വെബ് ഡെസ്ക്

Published on Aug 05, 2026, 02:50 PM | 2 min read

ആലപ്പുഴ : തോട്ടപ്പള്ളി പൊഴിമുഖം ഡ്രഡ്‌ജ്‌ ചെയ്‌ത്‌ ആഴം വർധിപ്പിച്ച്‌ ഒഴുക്ക്‌ സുഗമമാക്കുന്നതിൽ യുഡിഎഫ്‌ സർക്കാർ വരുത്തിയ അനാസ്ഥ കുട്ടനാടൻ, അപ്പർകുട്ടനാടൻ മേഖലയെ വെള്ളത്തിൽ മുക്കുന്നു. കിഴക്കൻ വെള്ളത്തിന്റെ വരവും ശക്തമായതോടെ കുട്ടനാട് വെള്ളത്തിനടിയിലായി. കൃഷിയില്ലാത്ത പാടശേഖരത്തിനുള്ളിൽകൂടി പോകുന്ന റോഡുകളെല്ലാം വെള്ളത്തിലായി. എ സി റോഡിൽ ഭാഗികമായി വെള്ളംകയറി. 2019 ലെ വെളളപ്പൊക്കത്തിനൊപ്പമായി ജലനിരപ്പ്‌. കുട്ടനാട്ടിലെ ജനങ്ങൾ പ്രളയഭീതിയിൽ ബന്ധുവീടുകളിൽ അഭയം തേടുകയാണ്.


പമ്പ, മണിമല ആറുകൾ കവിഞ്ഞൊഴുകിയതോടെ നൂറ് കണക്കിന് വീടുകൾ വെള്ളത്തിലായി. കുട്ടനാട് മുട്ടാർ പഞ്ചായത്ത് പൂർണമായും ഒറ്റപ്പെട്ടു. റോഡ് മുങ്ങി പുറത്തേക്കെത്താനുള്ള മാർ​ഗം അടഞ്ഞതിനാൽ അളുകൾ ക്യാമ്പിലേക്കും എത്തുന്നില്ല. അസുഖബാധിതരെയടക്കം ടിപ്പർലോറിയിൽ കയറ്റി എ സി റോഡിൽ കിടങ്ങറയിൽ എത്തിച്ചാണ് രക്ഷപ്പെടുത്തുന്നത്. ഇതുവരെ കുട്ടനാട്ടിൽ 19 ദുരിതാശ്വാസ ക്യാമ്പുകളാണ് ആരംഭിച്ചത്. 312 കുടുംബങ്ങളാണ് ക്യാമ്പിൽ.


കനത്തമഴയിൽ കിഴക്കൻവെള്ളത്തിന്റെ വരവ് ക്രമാതീതമായതോടെ ദേശീയജലപാത, ടി എസ് കനാൽ എന്നിവിടങ്ങളിലൂടെ ഒഴുകിയെത്തുന്ന വെള്ളം സ്‌പിൽവേ ഷട്ടറുകൾ വഴി കടലിലേക്ക്‌ പോകുന്നത്‌ വളരെ കുറഞ്ഞ അളവിലാണ്‌. പൊഴിമുഖം തുറന്ന്‌ ഒഴുക്ക്‌ വർധിപ്പിച്ചാലേ ആശ്വാസമാകൂ. ഇതിനുള്ള നടപടിയൊന്നും ഇതുവരെയുണ്ടായിട്ടില്ല. പൊഴിമുഖത്ത്‌ 300 മീറ്റർ വീതിയിലാണ്‌ മണൽ നീക്കേണ്ടത്‌. 100 മീറ്ററോളം മാത്രമാണ് ഇത്തവണ മാറ്റിയത്. തിങ്കളാഴ്‌ചയാണ്‌ ഇതിന്‌ ജോലിയാരംഭിച്ചത്‌. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ്‌ മണൽനീക്കൽ. തടസമില്ലാത്ത ഒഴുക്കിനാവശ്യമായ ആഴവും ലഭിച്ചിട്ടില്ല.


എല്‍ഡിഎഫ് സര്‍ക്കാർ തുടർച്ചയായ 10 വർഷവും ഇവിടെ കൃത്യമായി ഡ്രഡ്‌ജിങ് നടത്താന്‍ നടപടി സ്വീകരിച്ചിരുന്നു. ജലസേചനവകുപ്പിനായിരുന്നു ചുമതല. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം ഇത്തവണ ഡ്രഡ്‌ജിങ് നടന്നില്ല. ശക്തമായ മഴ തുടങ്ങിയശേഷം മാത്രമാണ്‌ ജലസേചനവകുപ്പ് നേരിട്ട് മണ്ണുമാന്തി ഉപയോഗിച്ച് മണ്ണ് നീക്കാനിറങ്ങിയത്‌.


സ്‌പിൽവേയുടെ കിഴക്കുഭാഗത്തെ കനാലിന്റെ വശങ്ങളിൽ കല്ലുകെട്ടി സംരക്ഷിക്കുന്നതിനും ആഴംവർധിപ്പിച്ച് ഒഴുക്ക് സുഗമമാക്കുന്നതിനും എൽഡിഎഫ്‌ സർക്കാർ നടപടി സ്വീകരിച്ചിരുന്നു. യുഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തി ആഴ്‌ചകൾ പിന്നിട്ടതോടെ ഇത്‌ നിലച്ചു. നദികളിലെ ചെളിയും എക്കലും നീക്കി ആഴം വർധിപ്പിക്കാനുള്ള ശ്രമമൊന്നും യുഡിഎഫ് സർക്കാർ നടത്തിയിട്ടില്ല. പമ്പ ഉൾപ്പെടെ നദികളിലെ മണൽനീക്കാനുള്ള ശ്രമത്തിനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉയർത്തി യുഡിഎഫ്‌ രംഗത്തുവരികയും ചെയ്‌തു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home