കോട്ടയം ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണമില്ല; തീരാദുരിതത്തിലായി ജനം

കോട്ടയം: പ്രളയക്കെടുതിയിൽ ദുരിതാശ്വസ ക്യാമ്പുകളിൽ എത്തിയവർക്ക് തീരാദുരിതം. കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പിൽ കഴിഞ്ഞ നൂറ്റമ്പതോളം പേർക്ക് രാവിലെ ഭക്ഷണം കിട്ടിയില്ലെന്നാണ് പരാതി. കോട്ടയം ചങ്ങനാശ്ശേരി ഗവ. ടൗൺ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ഭക്ഷണമില്ലാതെ ജനങ്ങൾ ദുരിതത്തിലായത്.
പായിപ്പാട് ഒന്നാം വാര്‍ഡിലെ 150 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്. രാവിലെ ക്യാമ്പിൽ ഭക്ഷണം ലഭിക്കാതെ വന്നതോടെ ഉച്ചയ്ക്ക് തൊട്ടടുത്ത ക്യാമ്പില്‍ പോയി ഭക്ഷണം കഴിക്കാന്‍ മെമ്പര്‍ പറഞ്ഞതായി ദുരിത ബാധിതര്‍ മാധ്യമങ്ങളോട് പറഞ്ഞു.
ചങ്ങനാശേരിയിലെ ക്യാമ്പുകളിൽ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടില്ല, സ്ഥലം എംഎൽഎയോ, നഗരസഭാ ചെയർമാനോ ക്യാമ്പുകളിൽ എത്തുകയോ വേണ്ട സഹായങ്ങളോ ചെയ്യുന്നില്ലെന്നും നേരത്തെ പരാതി ഉയർന്നിരുന്നു. നഗരസഭാ പരിധിയിലും മഴയ്ക്ക് ശമനം ഉണ്ടെങ്കിലും കിഴക്കൻ വെള്ളത്തിന്റെ വരവിൽ ചങ്ങനാശ്ശേരിയുടെ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു. ഇതേ തുടർന്ന് കൂടുതൽ ആളുകളെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചിരുന്നു.









0 comments