ക്ലാസ്മുറിയില്‍ സുഖമായി ഉറങ്ങുന്ന അധ്യാപകന്‍, ഫോണിൽ കളിച്ച് വിദ്യാര്‍ഥികള്‍; വീഡിയോ വൈറല്‍

ലഖ്നൗ : ഇന്ത്യയിലെ കുത്തഴിഞ്ഞ വിദ്യാഭ്യാസമേഖലയെക്കുറിച്ച് വീണ്ടും ഓർമപ്പെടുത്തുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയാണ്. ഉത്തർപ്രദേശിലെ കനൗജ് ജില്ലയിലെ ഒരു സർക്കാർ സ്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസരംഗത്തിന്റെ അവസ്ഥയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തുന്നു.
ക്ലാസ് സമയത്ത് അധ്യാപകൻ സുഖമായി കിടന്നുറങ്ങുകയും കുട്ടികൾ ഫോണിൽ കളിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. ക്ലാസിലെ മേശയ്ക്ക് മുകളിൽ നിവർന്ന് കിടന്ന് ഉറങ്ങുന്ന അധ്യാപകനെയും ബെഞ്ചിലിരുന്ന് മൊബൈൽ ഫോണിൽ വീഡിയോ കാണുന്ന കുട്ടികളെയും ദൃശ്യങ്ങളിൽ കാണാം. കുട്ടികൾ പരസ്പരം സംസാരിക്കുന്നുണ്ടെങ്കിലും ഇതൊന്നുമറിയാതെ അധ്യാപകൻ സുഖമായി ഉറങ്ങുകയാണ്. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ യുപിയിലെ വിദ്യാഭ്യാസ സംവിധാനത്തെ വിമർശിച്ചുകാണ്ട് നിരവധി പേർ രംഗത്തെത്തി.
സ്കൂളുകൾ അടച്ച് പൂട്ടുന്നതിനാണ് സർക്കാരിന് ആവേശമെന്നും ഉള്ളത് നടത്തിക്കൊണ്ടുപോകാനുള്ള ഉത്തരവാദിത്വം കാണിക്കുന്നില്ലെന്നും ചിലർ ആരോപിച്ചു. ഇന്ത്യയിലെ സ്കൂളുകളിലെ പഠനനിലവാരത്തെയും അധ്യാപകരുടെ ഉത്തരവാദിത്തബോധത്തെയും കുറിച്ച് ചിലർ ചോദ്യം ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ യുപി വിദ്യാഭ്യാസ വകുപ്പ് വിഷയത്തിൽ വിശദീകരണം തേടിയതായി റിപ്പോർട്ടുകൾ പറയുന്നു.









0 comments