ad
Deshabhimani

കൊച്ചിയിൽ പോയതുകൊണ്ട് നിക്ഷേപകരെ കണ്ടു; കള്ളങ്ങളിലും യൂടേൺ അടിച്ച് സതീശൻ

v d satheesan
വെബ് ഡെസ്ക്

Published on Aug 05, 2026, 02:58 PM | 1 min read

തിരുവനന്തപുരം: വാടക ഹെലികോപ്‌റ്ററിൽ കൊച്ചിയിലേക്ക്‌ അടിയന്തരയാത്ര നടത്തിയതിൽ ആദ്യം പറഞ്ഞ മറുപടിയിൽ നിന്ന് വീണ്ടും യൂടേൺ അടിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ. സ്വകാര്യ നിക്ഷേപക ഗ്രൂപ്പുമായി ചർച്ച നടത്താനാണ് ഹെലികോപ്‌റ്ററിൽ കൊച്ചിയിലെത്തിയതെന്നാണ് മുഖ്യമന്ത്രി തിങ്കളാഴ്ച പത്രസമ്മേളനത്തിൽ വ്യക്തമാക്കിയത്. എന്നാൽ ബുധനാഴ്ച നടന്ന പത്രസമ്മേളനത്തിൽ ഇതിൽ നിന്ന് നേരെ വിരുദ്ധമായാണ് സതീശൻ മറുപടി പറഞ്ഞത്. കൊച്ചിയിൽ പോയതു കൊണ്ട് അവിടെവച്ച് നിക്ഷേപകരെ കണ്ടു എന്നാണ് ഇന്ന് പറ‍ഞ്ഞത്. എന്നാൽ നിക്ഷേപകർ ആരാണെന്നുള്ള ചോദ്യത്തിന് ഇന്നും മറുപടി നൽകിയില്ല. മാധ്യമപ്രവർത്തകർ ആവർത്തിച്ച് ചോദ്യങ്ങൾ ചോദിച്ചിട്ടും മുഖ്യമന്ത്രി കൃത്യമായ ഉത്തരം നൽകിയില്ല. നിക്ഷേപകർ ആരാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടുമില്ല.


ചിപ്‌സൻ ഏവിയേഷന്റെ എച്ച്145 എയർബസ് ഹെലികോപ്റ്ററിൽ വെള്ളി രാവിലെ 9. 27നാണ്‌ മുഖ്യമന്ത്രി തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലേക്ക് പോയത്‌. കാലാവസ്ഥ മോശമായതിനാൽ ഹെലികോപ്റ്റർ 11.35ന്‌ തിരുവനന്തപുരത്ത്‌ തിരിച്ചിറക്കി. 12.37ന് വീണ്ടും കൊച്ചിക്ക്‌ പറന്നു. 1.52ന്‌ നെടുമ്പാശേരിയിൽ. ആലുവ കാരോത്തുകുഴി ആശുപത്രിയിൽ ഭാര്യാപിതാവിനെ കണ്ടശേഷം ദേശത്തെ വീട്ടിലേക്ക്‌. പൊലീസ്‌ ഇന്റലിജൻസിന്റെ മൂവ്‌മെന്റ്‌ രജിസ്റ്റർ പ്രകാരം മുഖ്യമന്ത്രി വീട്ടിൽത്തന്നെയായിരുന്നു.


ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്‌റ്ററിൽ പോയത്‌ വിവാദമായപ്പോഴാണ്‌ നിക്ഷേപക ഗ്രൂപ്പുമായി ചർച്ചയ്‌ക്കാണ്‌ പോയതെന്ന കള്ളം ചമച്ചത്‌. നിക്ഷേപകർ ആരെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന്‌ മുഖ്യമന്ത്രിക്ക് മറുപടിയുണ്ടായില്ല. ‘അതറിഞ്ഞിട്ട്‌ കുളമാക്കാനല്ലേ’ എന്നായിരുന്നു മറുചോദ്യം. എന്നാൽ ഇതിൽ നിന്ന് കടകവിരുദ്ധമായായിരുന്നു ഇന്നത്തെ പ്രതികരണം. കൊച്ചിയിൽ പോയതുകൊണ്ടാണ് നിക്ഷേപകരെ കണ്ടതെന്നാണ് ഇന്നു പറഞ്ഞത്. എന്നാൽ കൊച്ചിയിൽ പോയത് എന്തിനാണെന്ന് ഇപ്പോഴും വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്‌ച ആലുവ ദേശത്തെ വീട്ടിൽനിന്ന്‌ മുഖ്യമന്ത്രി എവിടെയും പോയില്ലെന്നാണ്‌ പൊലീസ്‌ പറയുന്നത്‌. സന്ദർശകരെയും അനുവദിച്ചിട്ടില്ല. പിന്നെ എവിടെവച്ചാണ് അജ്ഞാത നിക്ഷേപകരെ കണ്ടതെന്ന ചോദ്യവും ദുരൂഹമായി അവശേഷിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home