print edition തിരുവിതാംകൂർ ദേവസ്വം ബോർഡ്: ഡിജിറ്റലെെസേഷന് 70 കോടിയുടെ പദ്ധതി; റിപ്പോർട്ട് ഹെെക്കോടതി അംഗീകരിച്ചു

കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും കീഴിലുള്ള 1250 ഓളം ക്ഷേത്രങ്ങളുടെയും വരവുചെലവു കണക്കുകളടക്കം സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഹൈക്കോടതി നിർദേശിച്ച സമ്പൂർണ ഡിജിറ്റലൈസേഷനുള്ള പദ്ധതി റിപ്പോർട്ട് ഹെെക്കോടതി അംഗീകരിച്ചു. രണ്ടുവർഷംകൊണ്ട് നടപ്പാക്കുന്ന 70 കോടിയുടെ പദ്ധതിയുടെ വിശദാംശങ്ങൾ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് മേധാവി ഡോ. സന്തോഷ് ബാബു കോടതിയിൽ സമർപ്പിച്ചു.
നിർദേശങ്ങൾ കാലതാമസമില്ലാതെ നടപ്പാക്കാൻ ജസ്റ്റിസ് വി രാജ വിജയരാഘവൻ, ജസ്റ്റിസ് കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് നിർദേശിച്ചു. പദ്ധതിക്കായി എസ്‌ബിഐയിൽ പ്രത്യേക അക്കൗണ്ട് ആരംഭിക്കാനും സാങ്കേതിക -ഭരണവിഭാഗം ജീവനക്കാരെ നിയമിക്കാനും നിർദേശിച്ചു.
പൊതുമേഖലാ സ്ഥാപനമായ കിറ്റ്ഫ്രയുമായി ചേർന്ന് നാലുഘട്ടമായാണ് ക്ഷേത്രങ്ങളിൽ സമ്പൂർണ കംപ്യൂട്ടറൈസേഷൻ നടപ്പാക്കുക. 10 രൂപയുടെ വഴിപാടുമുതലുള്ള എല്ലാ സാമ്പത്തിക ഇടപാടുകളും ഇതിലുൾപ്പെടുത്തും. ആദ്യ വർഷത്തെ ചെലവ് 33.25 കോടിയായിരിക്കും. പദ്ധതിയുടെ സുതാര്യത ഉറപ്പാക്കാൻ ഓരോ ഇടപാടും മാറ്റം വരുത്താനാകാത്തവിധം ഡിജിറ്റലായി രേഖപ്പെടുത്തുന്ന ‘ഓഡിറ്റ് ട്രയൽ' സംവിധാനം സോഫ്റ്റ്‌വെയർ ശൃംഖലയുടെ ഭാഗമായി ഏർപ്പെടുത്തണമെന്നും കോടതി നിർദേശിച്ചു.
ഇൻഫർമേഷൻ കേരള മിഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. കെ പി നൗഫൽ, കിറ്റ്‌ഫ്ര ജനറൽ മാനേജർ രാഹുൽ എ രാജ് എന്നിവരെ പദ്ധതിക്കായി നിയമിക്കുന്നതിന് രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കാൻ സർക്കാരിന് നിർദേശവും നൽകി. വിഷയം ജൂലൈ 13-ന് വീണ്ടും പരിഗണിക്കും.










0 comments