ad
Deshabhimani

ഇന്ന്‌ 
അധ്യാപകദിനം

അക്ഷരങ്ങളുടെ കൈപിടിച്ചെത്തി, കാട്ടുവഴികൾ താണ്ടി

a
avatar
വി കെ സനോജ്‌

Published on Sep 05, 2026, 12:05 AM | 2 min read

നിലമ്പൂർ

അവരുടെ വഴിയിൽ സ്‌കൂളുണ്ടായിരുന്നില്ല. അക്ഷരങ്ങളുടെ ലോകത്തേക്കുള്ള വഴിയും എളുപ്പമായിരുന്നില്ല. അവിടേക്ക്‌ ഒരു ദിവസം ഒരു മാഷ് കടന്നുചെന്നു. സ്കൂളിലെത്താൻ കഴിയാതെപോയ കുരുന്നുകളെ തേടിയവണ്‌ അദ്ദേഹം കാടുകയറിയത്‌. അവരുടെ ജീവിതത്തിലേക്ക് അക്ഷരങ്ങളുടെ വെളിച്ചം പകർന്നു. പഠനത്തിലേക്ക് മാത്രമല്ല, സ്വപ്നങ്ങളിലേക്കും അവരെ കൈപിടിച്ചുയർത്തി. നിലമ്പൂരിലെ ആദിവാസി ഉന്നതികളിൽ എം മനോജ് കുമാർ വെറുമൊരു അധ്യാപകനായിരുന്നില്ല. പഠനം മുടങ്ങിയ കുട്ടിയെ കണ്ടെത്തി വീണ്ടും സ്കൂളിലെത്തിക്കുന്നതുമുതൽ കുടുംബത്തിന്റെ ആശങ്കകൾ മനസ്സിലാക്കുന്നതുവരെയുള്ള കരുതലിന്റെ യാത്രായിരുന്നു അദ്ദേഹത്തിന്‌ അധ്യാപനം. ക്ലാസ് മുറിയുടെ നാലുചുവരുകൾക്കപ്പുറത്തേക്ക് അധ്യാപനം കൊണ്ടുപോയപ്പോൾ കുട്ടികളുടെ ജീവിതസാഹചര്യങ്ങൾ തന്നെയായിരുന്നു മനോജ് കുമാറിന്റെ പാഠപുസ്തകം.

​കാടിനിണങ്ങിയ *പഠനവഴികൾ

​നിലമ്പൂർ ബിആർസിക്ക് കീഴിൽ ബിപിസിയായി പ്രവർത്തിക്കുമ്പോഴാണ് എം മനോജ് കുമാർ വിവിധ പദ്ധതികൾ നടപ്പാക്കിയത്. കോവിഡിനുശേഷം പല കുട്ടികളും സ്കൂളിലേക്ക് തിരിച്ചെത്താതായതോടെ ഉൾവനങ്ങളിലെ ആദിവാസി ഉന്നതികളിൽ പ്രശ്നം കൂടുതൽ സങ്കീർണമായി. സ്കൂളിൽ നിന്നുള്ള ദൂരം, യാത്രാസൗകര്യത്തിന്റെ അഭാവം, ഭാഷ, ഹോസ്റ്റൽ ജീവിതത്തോടുള്ള വിമുഖത തുടങ്ങിയ കാരണങ്ങൾ കുട്ടികളെ പഠനത്തിൽനിന്ന് അകറ്റി. കുട്ടികളെ സ്കൂളിലേക്ക് വിളിച്ചുവരുത്തുന്നതിനു പകരം അവർ കഴിയുന്ന ഇടങ്ങളിലേക്ക് എത്തുകയായിരുന്നു മനോജിന്റെയും സംഘത്തിന്റെയും വഴി. തിരികെ, തിങ്ക ബാന് ബെള്ളി, ഏങ്കെ ഏങ്ക കൂട്ടം, പഠിപ്പുറസി, സേവാസ്, പഠനവീട്, ഉയരെ തുടങ്ങിയ പദ്ധതികളിലൂടെ പഠനവഴിയിലെ തടസങ്ങള്‍ നീക്കി. പഠനം മുടങ്ങിയ കുട്ടികളെ കണ്ടെത്തി സ്കൂളിലെത്തിക്കുന്നതിനൊപ്പം ഭാഷ, യാത്ര, പഠനസൗകര്യങ്ങളുടെ അഭാവം, രേഖകളില്ലായ്മ തുടങ്ങിയ പ്രശ്നങ്ങൾക്കും പരിഹാരം തേടി. സ്കൂളിലെത്താൻ കഴിയാത്ത സാഹചര്യങ്ങളിൽ ഉന്നതികളിൽ ഓൺലൈൻ പഠനകേന്ദ്രങ്ങളും ഒരുക്കി. ആവശ്യമായ രേഖകളില്ലാത്ത കുട്ടികൾക്ക് ആധാർ ഉൾപ്പെടെയുള്ള രേഖകൾ ലഭ്യമാക്കാനും ഇടപെട്ടു. നിലമ്പൂർ ബിആർസിയുടെ നേതൃത്വത്തിൽ ആരംഭിച്ച തിരികെ പദ്ധതി പിന്നീട് സംസ്ഥാനതലത്തിലേക്കും വ്യാപിച്ചു. ഇന്ന് ആ കുട്ടികളിൽ പലരും വീണ്ടും സ്കൂളിന്റെ ഭാഗമാണ്. ചിലർ പഠനം തുടരുകയും ചിലർ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുകയും ചെയ്തു. നിലവിൽ കാസർകോട് മൊഗ്രാൽ ഗവ. വിഎച്ച്എസ് സ്കൂളിൽ ധനശാസ്ത്ര അധ്യാപകനാണ് എം മനോജ് കുമാർ. ഭാര്യ: രജീഷ് കല. മക്കൾ: അക്ഷയ് എം കുമാർ, ആകാശ് എം കുമാർ.

​അക്ഷരവെളിച്ചത്തിന് ദേശീയ അംഗീകാരം

​സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിൽ സമത്വവും വൈവിധ്യവും ഉറപ്പാക്കുന്നതിനായി നടത്തിയ നൂതന പ്രവർത്തനങ്ങൾക്കാണ് എം മനോജ് കുമാറിന് ദേശീയ അംഗീകാരം ലഭിച്ചത്. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷണൽ പ്ലാനിങ് ആൻഡ് അഡ്മിനിസ്ട്രേഷൻ 2023–24 വർഷത്തെ വിദ്യാഭ്യാസ ഭരണനിർവഹണത്തിലെ നൂതന ആശയങ്ങൾക്കും മികച്ച പ്രവർത്തനരീതികൾക്കുമുള്ള ദേശീയ പുരസ്കാരമാണ് അദ്ദേഹത്തിന് സമ്മാനിച്ചത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home