ഗുരുവായൂരിൽ വൻജനത്തിരക്ക്

അഷ്ടമിരോഹിണി ആഘോഷങ്ങളില്‍ പങ്കാളിയാകാന്‍ ഗുരുവായൂരിലെത്തിയവരുടെ തിരക്ക്
ഗുരുവായൂര്‍
അഷ്ടമിരോഹിണി നാളിൽ ഗുരുവായൂർ ക്ഷേത്രത്തില്‍ വന്‍ ജനത്തിരക്ക്. നിർമാല്യത്തിനായി വ്യാഴം രാത്രി തന്നെ നൂറുക്കണക്കിന് പേര്‍ വരിയിൽ ഇടംതേടിയിരുന്നു. നിർമാല്യ ദർശനത്തിനായി നട തുറന്നപ്പോൾ മുതൽ ദർശനത്തിനായി ജനങ്ങളെത്തി. ദർശനത്തിനായുള്ള വരി രാവിലെ കിഴക്കേനട പിന്നിട്ട് കൗസ്തുഭം വളപ്പിലെ പ്രത്യേക പന്തൽ വരെ നീണ്ടു. പ്രത്യേക ദർശനങ്ങൾ നിയന്ത്രിച്ചതിനാൽ പൊതുവരി ദർശനത്തിന് സൗകര്യമായി. വരിനിന്നവർക്ക് ആവശ്യത്തിന് കുടിവെള്ളവും തണ്ണിമത്തനും നൽകി. ദേവസ്വം ചെയർമാൻ എ വി ഗോപിനാഥ്, ഭരണസമിതി അംഗം എം യു ഷിനിജ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ് ഹരി ഗോപാൽ എന്നിവർ സജ്ജീകരണങ്ങൾക്ക് നേതൃത്വം നൽകി. പുലികളുമിറങ്ങി അഷ്ടമിരോഹിണി നാളില്‍ പുലികളുമിറങ്ങി. വെള്ളിയാഴ്‌ച വൈകിട്ടാണ് ക്ഷേത്ര നഗരിയില്‍ ഗുരുവായൂര്‍ സൗഹൃദ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പുലിക്കൂട്ടമിറങ്ങിയത്. പുലിയാട്ടം കാണാന്‍ ജനക്കൂട്ടം ഒഴുകിയെത്തി. കൊട്ടിക്കയറിയ പുലിത്താളത്തിനൊത്ത് ചുവടുവച്ച്, അരമണി കിലുക്കി, ഉടലും വയറും ഇളക്കി പുലികള്‍ ഗുരുവായൂരിന്റെ നടവഴികളില്‍ ആര്‍ത്തിരമ്പി. കണ്ണനും ഗോപികമാരും ഒപ്പം അണിനിരന്നതോടെ വലിയ ദൃശ്യാനുഭവമായി മാറി. നൂറുകണക്കിന് വരുന്ന ജനാവലിയും പുലിത്താളത്തിലലിഞ്ഞ് ചുറ്റുംനിരന്നു.








0 comments