25 പേർക്കുള്ള ട്രാൻസിറ്റ് ഹോമിൽ പ്രതികൾ 41

കൊല്ലം: കേരളത്തിലെ ഏക ട്രാൻസിറ്റ് ഹോമായ കൊട്ടിയത്തെ വാടകക്കെട്ടിടത്തിൽ തിങ്ങിഞെരുങ്ങി വിവിധ വിദേശ രാജ്യങ്ങളിൽനിന്നുള്ള പ്രതികൾ. സംസ്ഥാന സാമൂഹികനീതി വകുപ്പിന് കീഴിൽ 25 പേരെ പാർപ്പിക്കാനുള്ള സൗകര്യങ്ങളുമായി ആരംഭിച്ച ട്രാൻസിറ്റ് ഹോമിൽ ഇന്ന് ഏഴു രാജ്യങ്ങളിൽനിന്നുള്ള 41 പേരുണ്ട്. സംസ്ഥാനത്ത് നിയമവിരുദ്ധമായി പ്രവേശിക്കുന്ന വിദേശികൾക്ക് സുരക്ഷിതമായി പാർക്കാൻ താൽക്കാലിക സ്ഥലമെന്നനിലയിൽ എൽഡിഎ-ഫ് സർക്കാരാണ് ട്രാൻസിറ്റ് ഹോം 2022 ഡിസംബർ രണ്ടിന് ആരംഭിച്ചത്.
ട്രാൻസിറ്റ് ഹോമിന്റെ നിലവിലെ സ്ഥിതി സംബന്ധിച്ച് സത്യവാങ്മൂലം സമർപ്പിക്കാൻ സംസ്ഥാന സർക്കാരിന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിർദേശം നൽകി. മയക്കുമരുന്ന് കേസിൽ പ്രതിയായ താൻസാനിയ സ്വദേശി അബ്ദുൾ ഹമീദ് മക്കാമയുടെ ഹർജിയിലാണ് കോടതി വിധി. ഹർജി 23ന് വീണ്ടും പരിഗണിക്കും. നൈജീരിയക്കാരായ പ്രതികൾ ഹൈക്കോടതിയിൽ ഫയൽ ചെയ്‌ത കേസിന്റെ ഇടക്കാല വിധികളെത്തുടർന്നാണ് ട്രാൻസിറ്റ് ഹോം ആരംഭിച്ചത്. ശിക്ഷാകാലാവധി കഴിഞ്ഞോ പരോളിലോ ജയിൽമോചിതരാകുന്നവർ, മറ്റുവിധത്തിൽ സംരക്ഷണം വേണ്ടവർ എന്നിവർക്കുള്ള താൽക്കാലിക കേന്ദ്രം കൂടിയാണ് ട്രാൻസിസ്റ്റ് ഹോം. പുരുഷൻമാർക്കും സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പരമാവധി ഒരു വർഷം അല്ലെങ്കിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാകുന്നതുവരെയാണ് ഇവിടെ താമസിക്കാനാകുക.
തൃശൂർ പൂങ്കുന്നത്താണ് 2021 ൽ ആദ്യമായി ട്രാൻസിസ്റ്റ് ഹോം തുടങ്ങിയത്. പിന്നീട് കേന്ദ്ര മാനുവൽ പ്രകാരം കരട് മാർഗരേഖയുണ്ടാക്കി സാമൂഹ്യനീതിവകുപ്പ് കൊട്ടിയത്ത് പുതിയ കേന്ദ്രം ആരംഭിക്കുകയായിരുന്നു. ട്രാൻസിറ്റ് ഹോമിനെ ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ തടങ്കൽ പാളയമെന്ന് വിശേഷിപ്പിച്ചത് വിവാദമായിരുന്നു.
കൊട്ടിയം–-മയ്യനാട് റോഡിൽ മയ്യനാട് പഞ്ചായത്ത് പരിധിയിൽ 5000 ചതുരശ്ര അടിയുള്ള അഞ്ചു മുറിയോടുകൂടിയ ഇരുനില വാടകക്കെട്ടിടത്തിലാണ് ട്രാൻസിറ്റ് ഹോം പ്രവർത്തിക്കുന്നത്. ഹോമിൽനിന്നുള്ള മാലിന്യം സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതിയുണ്ട്. എസ്‌ഐ ഉൾപ്പെടെ ഏഴ് പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാജീവനക്കാരും കെയർ ടേക്കർ, ഹോം മാനേജർ, പാചകക്കാർ എന്നിവരും ഹോമിലുണ്ട്. തടവിലുള്ള വിദേശപൗരന്മാർക്ക് ബന്ധുക്കളുമായി സംസാരിക്കാനും മൊബൈൽ ഫോൺ ഉപയോഗിക്കാനുമെല്ലാം സ്വാതന്ത്ര്യമുണ്ട്. എന്നാൽ, കെട്ടിടത്തിനു പുറത്തേക്ക് പോകാനാകില്ല. കേസുകളിൽ വീഡിയോ കോൺഫറൻസ് വഴിയാണ് കോടതിയിൽ ഹാജരാകുന്നത്.









0 comments