ചട്ടം ലംഘിച്ച് സ്ഥലംമാറ്റം; ശക്തമായ പ്രതിഷേധം ഉയരണം: എഫ്എസ്ഇടിഒ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ പുതിയ സർക്കാർ അധികാരമേൽക്കുന്നതിന് മുൻപ് എൻജിഒ അസോസിയേഷൻ നേതൃത്വം നൽകി നടപ്പിലാക്കാൻ ശ്രമിക്കുന്ന നിയമവിരുദ്ധ സ്ഥലംമാറ്റങ്ങൾക്കെതിരെ പ്രതിഷേധം ഉയരണമെന്ന് എഫ്എസ്ഇടിഒ ജനറൽ സെക്രട്ടറി എം വി ശശിധരനും പ്രസിഡന്റ് ടി കെ എ ഷാഫിയും പ്രസ്‌താവനയിൽ പറഞ്ഞു.
കഴിഞ്ഞ 10 വർഷക്കാലമായി നടപ്പിലാക്കി വരുന്ന നിയമാനുസൃത സ്ഥലംമാറ്റ മാനദണ്ഡങ്ങളെ കാറ്റിൽ പറത്തി, നിയമവിരുദ്ധ നടപടികളിലൂടെ വകുപ്പ് ജീവനക്കാരുടെ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ച പെരുമാറ്റ ചട്ടം നിലനിൽക്കെ യാതൊരു തത്വതീക്ഷയും ഇല്ലാതെ ഇത്തരത്തിൽ ഇറക്കുന്ന സ്‌ഥലം മാറ്റങ്ങൾക്കെതിരെ കമീഷൻ മൗനം പാലിക്കുന്നത് അവസാനിപ്പിക്കണം. മുഖ്യമന്ത്രിയോ മന്ത്രിസഭയോ അധികാരത്തിലേറിയിട്ടില്ല എന്നതും ഇപ്പോഴും കാവൽ മന്ത്രിസഭയാണ് നിലവിലുള്ളത് എന്നതും വകുപ്പ് മേലധികാരികൾ ഓർക്കേണ്ടതാണ്. വിദ്യാഭ്യാസ വകുപ്പിലും ഉന്നത വിദ്യാഭ്യാസ വകുപ്പിലും എൻജിഒ അസോസിയേഷൻ്റെ പേര് പറഞ്ഞ് ഏതോ ആൾക്കാർ നൽകിയ നിർദ്ദേശക്കുറിപ്പിൻ്റെ അടിസ്‌ഥാനത്തിൽ സ്ഥലംമാറ്റം ഇറക്കുന്നത് കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. ആരോഗ്യ വിദ്യാഭ്യാസ വകുപ്പിൽ മെയ് 31ന് പെൻഷൻ ആകുന്ന ഓഫീസ് അറ്റൻഡറെ പോലും സ്ഥലം മാറ്റി ജീവനക്കാരെ ദ്രോഹിക്കുന്ന നടപടികൾ കൈക്കൊള്ളുകയാണ്.
ജീവനക്കാരുടെ അവകാശങ്ങളെ ഇല്ലാതാക്കി യാതൊരു നിയന്ത്രണവും ഇല്ലാതെ ഇറക്കുന്ന ഇത്തരം ഉത്തരവുകൾ നോക്കി നിൽക്കുവാൻ എഫ്എസ്ഇടിഒ സംഘടനകൾക്ക് കഴിയില്ല. നിയമവിരുദ്ധ സ്ഥഥല മാറ്റ നടപടികൾക്കെതിരെ ജീവനക്കാരെ അണിനിരത്തി ശക്തമായ പ്രക്ഷോഭത്തിന് എഫ്എസ്ഇടിഒ നിർബന്ധിതരാകുമെന്നും പ്രസ്ഥാവനയിൽ പറയുന്നു.











0 comments