print edition മാനദണ്ഡവിരുദ്ധ സ്ഥലംമാറ്റം: മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌ത ഡിവൈഎസ്‌പിയെ കണ്ണൂരിലേക്ക് മാറ്റി

പാലക്കാട്: രാഷ്‌ട്രീയ പ്രതികാരം മാത്രം മാനദണ്ഡമാക്കി ഡിവൈഎസ്‌പിമാരെ മാറ്റി നിയമിച്ച യുഡിഎഫ് സർക്കാർ നടപടി പ്രതിഷേധത്തിനിടയാക്കുന്നു. ലൈംഗിക പീഡനക്കേസിൽ മുൻ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പാലക്കാട്ടെ ഹോട്ടൽമുറിയിൽ അറസ്‌റ്റ് ചെയ്‌ത ഉദ്യോഗസ്ഥനെ കണ്ണൂരിലേക്കാണ് സ്ഥലം മാറ്റിയത്. തൃശൂർ കുന്നംകുളം ഡിവൈഎസ്‌പിയായ എൻ മുരളീധരനെയാണ് കണ്ണൂർ, കാസർകോട് ജില്ലകളുടെ സാന്പത്തിക കുറ്റാന്വേഷണ വിഭാഗത്തിലേക്ക് മാറ്റിയത്.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വന്തം ജില്ലയിൽ ജോലി ചെയ്‌തിരുന്ന ഷൊർണൂർ ഡിവൈഎസ്‌പി എൻ മുരളീധരനെ ജില്ലയ്‌ക്ക് പുറത്തേക്ക് മാറ്റിയിരുന്നു. പെരുമാറ്റച്ചട്ടം പിൻവലിച്ചാൽ തിരിച്ച് നിയമിക്കുകയാണ് പതിവ്. എന്നാൽ, പീഡനക്കേസ് പ്രതിയെ അറസ്‌റ്റ് ചെയ്യാൻ നേതൃത്വം നൽകിയതിന്റെ പേരിൽ കണ്ണൂരിലേക്ക് മാറ്റി. ജനുവരി 11ന് രാത്രി 12.30നാണ് മാങ്കൂട്ടത്തിലിനെ അതീവ രഹസ്യമായി കസ്‌റ്റഡിയിലെടുത്തത്. നെന്മാറ ഇരട്ടക്കൊലപാതകക്കേസിലും അന്വേഷണത്തിന് നേതൃത്വം നൽകിയത് മുരളീധരനായിരുന്നു. കേസിൽ പ്രതിയെ വധശിക്ഷയ്‌ക്ക് വിധിച്ചപ്പോൾ അന്വേഷകസംഘത്തെ കോടതി പ്രത്യേകം അനുമോദിച്ചിരുന്നു. കോടതിയുടെ അഭിനന്ദനത്തിനുപിന്നാലെയാണ് സർക്കാരിന്റെ പ്രതികാര നടപടി.
വനിതാ എസ്ഐയെയും സ്ഥലം മാറ്റി
രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്‌ത പൊലീസ് സംഘത്തിലുണ്ടായിരുന്ന വനിതാ എസ്ഐയെ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന് രണ്ടുമാസം തികയും മുന്പ് പലതവണ സ്ഥലംമാറ്റി. എഐജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേകത്തിലുണ്ടായിരുന്ന അന്നത്തെ ടൗൺ സൗത്ത് പൊലീസ് സ്റ്റേഷനിലെ എസ്ഐ ആയിരുന്ന ഹേമലതയെയാണ് രണ്ട് മാസത്തിനിടെ മൂന്നുതവണ സ്ഥലം മാറ്റിയത്. ആദ്യം പാലക്കാട് സൗത്ത് സ്റ്റേഷനിൽനിന്ന് വനിതാ പൊലീസ് സ്റ്റേഷനിലേക്കും അവിടെനിന്ന് കൺഡ്രോൾ റൂമിലേക്കും തുടർന്ന് കസബ സ്റ്റേഷനിലേക്കുമാണ് മാറ്റിയത്.










0 comments