ad
Deshabhimani

ട്രെയിൻ യാത്രാസുരക്ഷ; തിരിഞ്ഞുനോക്കാതെ മധുര ആർപിഎഫ്‌

train

പ്രതീകാത്മകചിത്രം. photo credit: Southern Railway Facebook

avatar
സ്വന്തം ലേഖകൻ

Published on May 11, 2026, 09:43 AM | 2 min read

കൊല്ലം : ചെങ്കോട്ട – പുനലൂർ –കൊല്ലം പാതയിൽ സുരക്ഷയുടെ ഭാഗമായി മധുര ഡിവിഷനിലെ ആർപിഎഫ്‌ തിരിഞ്ഞുനോക്കാറില്ല. റെയിൽവേ മധുര ഡിവിഷന്റെ അധികാര പരിധിയിൽ തന്നെയാണ്‌ കൊല്ലം കിളികൊല്ലൂർ മുതൽ ജില്ലാ അതിർത്തിയിലെ ആര്യങ്കാവ്‌ വരെ റെയിൽപ്പാത. എന്നാൽ, മധുര റെയിൽവേ പൊലീസിന്റെ അധികാര പരിധിയിൽ ചെങ്കോട്ട –പുനലൂർ –കൊല്ലം പാതയെ ഉൾപ്പെടുത്തിയിട്ടില്ല. കൊല്ലം, പുനലൂർ റെയില്‍വേ പൊലീസാണ്‌ ഇ‍ൗ റൂട്ടിൽ രാത്രികാല പട്രോളിങ്‌ നടത്തുന്നത്‌. അതിനിടെ കൊല്ലം-–ചെങ്കോട്ട, എറണാകുളം–കൊല്ലം–തിരുവനന്തപുരം റെയിൽവേ പാതകളിൽ ട്രെയിനിലെ രാത്രിയാത്ര ഇന്നും പേടി സ്വപ്‌നമാണ്‌. ട്രെയിനുള്ളിൽ ആക്രമണങ്ങള്‍ ആവർത്തിക്കുകയാണ്‌.


കഴിഞ്ഞദിവസം പാലരുവി എക്‌സ്‌പ്രസില്‍, മുത്തച്ഛനൊപ്പം ഉറങ്ങിക്കിടന്ന തമിഴ്‌നാട് സ്വദേശിനിയായ ആറുവയസ്സുകാരി ലൈംഗീകാതിക്രമത്തിന് ഇരയായതാണ് ഒടുവിലത്തെ സംഭവം. കൊല്ലം – തിരുവനന്തപുരം പാതയിൽ വർക്കലയിൽ യാത്രക്കാരിയെ ട്രെയിനിൽ നിന്ന് സാമൂഹ്യവിരുദ്ധൻ തള്ളിയിട്ടത്‌ കഴിഞ്ഞ നവംബറിലാണ്‌. മോഷണത്തിനും ലൈംഗീക പീഡനത്തിനും പുറമെ കൊല്ലം -ചെങ്കോട്ട പാതയിൽ ലഹരി, പണം കടത്തും വ്യാപകമാണ്‌. ട്രെയിനുകളിൽ പൊലീസ്‌ അകമ്പടിയേകുമ്പോഴാണ്‌ സ്‌ത്രീകൾ ഉൾപ്പെടെ യാത്രക്കാർക്കുനേരെ മദ്യപന്മാരും മോഷ്‌ടാക്കളും സാമൂഹ്യവിരുദ്ധരും ആക്രമണം നടത്തുന്നത്‌.


യാത്രക്കാരുടെ മൊബൈല്‍ മോഷ്ടിച്ചതിനും മദ്യവും കഞ്ചാവും കള്ളപ്പണവും കടത്തിയതിനും ഒട്ടേറെ കേസുകള്‍ നിലവിലുണ്ട്‌. മദ്യലഹരിയിലായ യാത്രക്കാര്‍ തമ്മിലുള്ള ബലപ്രയോഗത്തിനിടെ തൂത്തുക്കുടി മുത്തയ്യപുരം സ്വദേശിയായ നാല്‍പ്പതുകാരന്‍ കൊട്ടാരക്കര മൈലത്ത്‌ പാലരുവി എക്‌സ്‌പ്രസിൽ നിന്ന് വീണുമരിച്ചത് കഴിഞ്ഞ മേയിലാണ്‌. ചെന്നൈയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന എക്സ്പ്രസ്‌ തീവണ്ടിയില്‍ നിന്ന് രേഖകളില്ലാത്ത 25ലക്ഷം പിടിച്ചെടുത്തത് ചൊവ്വാഴ്ച പുലര്‍ച്ചയാണ്. ഒരു കൊല്ലത്തിനിടെ പുനലൂരില്‍ നിന്നുമാത്രം ഇത്തരത്തില്‍ പിടിച്ചെടുത്തത് രേഖകളില്ലാത്ത 1.33കോടി രൂപ. കൊല്ലം - ചെങ്കോട്ട പാതയിലെ ട്രെയിനുകള്‍ വഴിയാണ് കൂടുതൽ കഞ്ചാവ് പുനലൂരിലേക്ക് എത്തിക്കുന്നത്.


ഇക്കഴിഞ്ഞ ഡിസംബറില്‍ ചെന്നൈ എഗ്‌മോര്‍ - കൊല്ലം എക്സ്പ്രസില്‍ ഉടമസ്ഥനില്ലാതെ കണ്ട ബാഗില്‍ നിന്ന് നാലുകിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. ഇതിനും രണ്ടുമാസം അഞ്ചരക്കിലോ കഞ്ചാവുമായി രണ്ട് ബംഗാള്‍ സ്വദേശികളെ പുനലൂരിൽ അറസ്റ്റ് ചെയ്തിരുന്നു. പണം, ലഹരി കടത്തല്‍ കേസുകളുമായി ബന്ധപ്പെട്ട് ഒരു കൊല്ലത്തിനിടെ കസ്റ്റഡിയിലെടുത്തത് ഇതര സംസ്ഥാനക്കാരക്കം 16 പേരെയാണ്.


തീവണ്ടികളില്‍ ഇത്തരം നിയമവിരുദ്ധപ്രവൃത്തികള്‍ കൂടുതലും നടക്കുന്നത് ചെങ്കോട്ടയ്ക്കും പുനലൂരിനും മധ്യേയാണ്. പശ്ചിമഘട്ട മേഖലയില്‍പ്പെട്ട ഈ ഭാഗത്ത് തീവണ്ടികള്‍ സഞ്ചരിക്കുന്നത് മണിക്കൂറില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗതയിലാണ്. വനത്തിലൂടെയും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും കടന്നുപോകുന്ന തീവണ്ടികളുടെ വേഗക്കുറവുമൂലം അക്രമികള്‍ക്ക് എവിടെനിന്ന് കടന്നുകയറാനും രക്ഷപ്പെടാനും കഴിയുമെന്ന് റെയിൽവേ പൊലീസും ആർപിഎഫും ചൂണ്ടിക്കാട്ടുന്നു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home