കൂട്ടിയ ട്രെയിൻ നിരക്ക് നിലവിൽ വന്നു ; പ്രതീക്ഷിക്കുന്നത് 1500 കോടിയുടെ അധികവരുമാനം

തിരുവനന്തപുരം
ട്രെയിൻ നിരക്ക് വർധനവിലൂടെ കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത് 1500 കോടിയുടെ അധികവരുമാനം. മെയിൽ, എക്‌സ്‌പ്രസ് സെക്കൻഡ് ക്ലാസ്, സ്ലീപ്പർക്ലാസ്, ഫസ്റ്റ്‌ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് ഒരു പൈസയും എസി ചെയർകാർ, എസി ത്രീ ടയർ, ഇക്കണോമി ക്ലാസ്, എസി ടു ടയർ, എസി ഫസ്റ്റ്‌ക്ലാസ് ടിക്കറ്റുകൾക്ക് രണ്ടുപൈസയുമാണ് കൂട്ടിയത്. സ്ലീപ്പർ ക്ലാസ് ഓർഡിനറി, ഫസ്റ്റ്‌ക്ലാസ് ഓർഡിനറി ടിക്കറ്റിന് അരപൈസയും കൂടും.
തേജസ് രാജധാനി, രാജധാനി, ശതാബ്‌ദി, തുരന്തോ, വന്ദേ ഭാരത്, ഹംസഫർ, അമൃത്‌ഭാരത്, അന്ത്യോദയ, ഗരീബ് രഥ്, യുവ എക്‌സ്‌പ്രസ്, അനുഭൂതി കോച്ച്, എസി വിസ്‌താഡം ടിക്കറ്റുകൾക്കും നിരക്ക് വർധനയുണ്ട്. മറ്റ് ട്രെയിനുകളുടെ എസി നിരക്കിനേക്കാൾ കൂടുതലാണിത്. എടുക്കുന്ന ടിക്കറ്റിൽ ഒരു രൂപയാണ് വർധനയെങ്കിൽ അത് റൗണ്ട് ചെയ്‌ത് അഞ്ചുരൂപയാക്കുന്നുണ്ട്.
തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് സ്ലീപ്പർ ക്ലാസിന് പത്തുരൂപ മുതൽ 15 രൂപവരെയും അൺറിസർവ്‌ഡ് ടിക്കറ്റിന് പത്തുരൂപയുടെയും വർധനയുണ്ട്. വന്ദേഭാരതിന് ചെയർ കാറിന് 15 രൂപയും എക്‌സിക്യൂട്ടീവ് ചെയർകാറിന് അതിൽകൂടുതലും വർധനയുണ്ടായി. വെയ്‌റ്റിങ് ലിസ്റ്റ് പട്ടിക ഉയർത്തിയതിലൂടെയും വരുമാനം ലഭിക്കും.
തിരുവനന്തപുരത്തുനിന്ന് കാസർകോട്ടേക്ക് റിസർവേഷൻ ചാർജ് ഒഴിച്ചുള്ള നിരക്ക്. വന്ദേഭാരത് എസി ചെയർ കാർ–-1530 രൂപ. എക്‌സിക്യൂട്ടീവ് കാർ: 2815 രൂപ. നേത്രാവതി, മാവേലി എക്‌സ്‌പ്രസ് സ്ലീപ്പർക്ലാസ്–- 340, എസിത്രി ടയർ–-920, ടു ടയർ –-1305, എസി ഫസ്റ്റ്‌ക്ലാസ്–-2165. തിരുവനന്തപുരം–-മംഗളൂരു, മലബാർ എക്‌സ്‌പ്രസ് സ്ലീപ്പർക്ലാസ്–- 345, എസി ത്രിടയർ–-930, ടു ടയർ –-1320. ജനറൽ കോച്ച്: 190.










0 comments