കാലുകുത്താൻ ഇടമില്ല
print edition ടിക്കറ്റ് കൊള്ള തുടരുന്നു ; ദുരിത യാത്രതന്നെ

തിരുവനന്തപുരം
കേരളത്തിൽ ആയിരം കിലോമീറ്റർ പാത. പ്രതിദിനം പത്തുലക്ഷത്തിലധികം യാത്രക്കാർ. നവംബർ മുതൽ ജനുവരിവരെയുള്ള ശബരിമല സീസണിൽ എത്തുന്ന തീർഥാടകർ വേറെയും. ഞെങ്ങി ഞെരുങ്ങിയുള്ള യാത്രയ്‌ക്കിടയിലാണ് ആറുമാസത്തിനിടെ കേന്ദ്രസർക്കാർ രണ്ടാമതും ടിക്കറ്റ് നിരക്ക് കൂട്ടിയത്. പുതിയ നിരക്ക് വെള്ളി മുതൽ പ്രാബല്യത്തിലായി. 215 കിലോമീറ്റർവരെയുള്ള പാസഞ്ചർ ട്രെയിനുകൾക്ക് നിരക്ക് വർധനയില്ലെന്ന വാഗ്‌ദാനവും കേരളത്തിന് ഗുണകരമല്ല.
പുനലൂർ–മധുര, കോയന്പത്തൂർ–മംഗളൂരു, നിലന്പൂർ–കോട്ടയം തുടങ്ങിയ പാസഞ്ചർ ട്രെയിനുകൾ കോവിഡിനുശേഷം എക്‌സ്‌പ്രസുകളായി. 200 കിലോമീറ്ററിന് മുകളിലുള്ള പാസഞ്ചർ ട്രെയിനുകൾ എക്‌സ്‌പ്രസുകളാക്കി മാറ്റുകയായിരുന്നു. പ്രതിവാര ട്രെയിനുകൾ ഉൾപ്പെടെ തിരുവനന്തപുരത്തുനിന്ന് കോഴിക്കോട് വരെയുള്ള ട്രെയിനുകളുടെ എണ്ണം 12 മാത്രം. ജനറൽ കോച്ചുമുതൽ ഉയർന്ന ക്ലാസുകൾക്ക് ചുരുങ്ങിയ വർധന അഞ്ചുരൂപയായി. കിലോമീറ്ററിന് രണ്ടുപൈസ നിരക്കിലാണ് വർധന. ജനറൽക്ലാസിൽ തിരുവനന്തപുരത്തുനിന്ന് ആലപ്പുഴ വഴി കാസർകോടുവരെ പോകുന്നതിന് 10 രൂപ അധികം നൽകണം. 200 രൂപയാണ് പുതിയ നിരക്ക്. കോട്ടയം വഴിയാണെങ്കിൽ 15 രൂപ (205)അധികം നൽകണം. സ്ലീപ്പർ, എസി, ചെയർകാർ, എക്‌സിക്യുട്ടീവ് ചെയർകാർ എന്നിവയ്‌ക്കും ആനുപാതികമായ നിരക്ക് വർധനയുണ്ട്.
വന്ദേഭാരത് ട്രെയിനുകൾ വന്നതൊഴിച്ചാൽ അടുത്ത കാലത്തൊന്നും കേരളത്തിന് പുതിയട്രെയിനുകൾ അനുവദിച്ചിട്ടുമില്ല. വന്ദേഭാരതിലെ നിരക്ക് സാധാരണക്കാർക്ക് പ്രാപ്യവുമല്ല.
കാലുകുത്താൻ ഇടമില്ല
മംഗളൂരു സെൻട്രലിൽനിന്ന് തിരുവനന്തപുരത്തേക്ക്‌വരുന്ന ട്രെയിനുകളുടെ ജനറൽ കോച്ചുകൾ പയ്യന്നൂരിൽ എത്തുന്പോഴേക്കും ആളുകൾ നിറയും. കണ്ണൂർ സ്‌റ്റേഷൻ വിടുന്പോഴും നിന്നുതിരിയാൻ കഴിയില്ല. പിന്നീടുള്ള തലശേരി, മാഹി, വടകര, കൊയിലാണ്ടി, കോഴിക്കോട് എന്നീ സ്‌റ്റേഷനുകളിൽ ഇറങ്ങുന്നതിനേക്കാൾ മൂന്നിരട്ടിപേർ തിരിച്ചുകയറും. ഫറോക്ക്, പരപ്പനങ്ങാടി, താനൂർ, തിരൂർ, കുറ്റിപ്പുറം, പട്ടാന്പി എന്നീ സ്‌റ്റേഷനുകളിൽനിന്നും യാത്രക്കാരുടെ തള്ളിച്ചയാണ്. ദുരിതയാത്ര കൊല്ലംവരെയോ, കോട്ടയംവരെയോ തുടരും. മംഗളൂരുവിൽനിന്ന് കോഴിക്കോട് വഴി ചെന്നൈയിലേക്ക് പോകുന്ന ട്രെയിനുകളിലും സ്ഥിതിയിൽ മാറ്റമില്ല.










0 comments