print edition ട്രെയിനും ടിക്കറ്റുമില്ല ; യാത്രാദുരിതം കൂടുന്നു

തിരുവനന്തപുരം
പുതിയ ട്രെയിനുകളും ഉത്സവകാലങ്ങളിൽ ടിക്കറ്റുമില്ലാതെ സംസ്ഥാനത്ത് യാത്രാദുരിതം വർധിക്കുമ്പോഴും ടിക്കറ്റ് ചാർജ് വർധിപ്പിക്കുകയാണ് റെയിൽ മന്ത്രാലയം.
പുതിയ നിരക്ക് വർധന 26 മുതൽ നടപ്പാകുന്പോൾ തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെയുള്ള സ്ലീപ്പർ, എസി ടിക്കറ്റുകൾക്ക് 10 രൂപ അധികമായി നൽകേണ്ടി വരും. മറ്റ് ജനറൽ ക്ലാസിൽ 2.50 രൂപയാണ് കൂടേണ്ടതെങ്കിലും നിരക്ക് റൗണ്ടുചെയ്യുന്പോൾ അത് അഞ്ചുരൂപയാകും. ഫലത്തിൽ തിരുവനന്തപുരത്തുനിന്ന് കാസർകോടുവരെയുള്ള ജനറൽ ടിക്കറ്റിന് 15 രൂപയും എസി, നോൺ എസി ടിക്കറ്റിന് 20 രൂപയും കൂടി.
ഉത്സവ സീസണിലും അല്ലാത്തപ്പോഴും കേരളത്തിലെ ട്രെയിനുകളിൽ തിങ്ങിഞെരുങ്ങിയാണ് യാത്രചെയ്യേണ്ടി വരുന്നത്. ക്രിസ്‌മസ്–പുതുവത്സര സമയത്ത് ഒരു ട്രെയിനിലും റിസർവേഷൻ ടിക്കറ്റ് കിട്ടാനുമില്ല. ബംഗളൂരു, മുംബൈ, ഹൈദരാബാദ്, മംഗളൂരു, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും തിരിച്ചുമുള്ള ട്രെയിനുകളിൽ എസി, നോൺഎസി ടിക്കറ്റിനുള്ള വെയ്‌റ്റിങ് ലിസ്‌റ്റ് 100 കടന്നു. കേരളത്തിലെ കോളേജുകളിൽനിന്നും സർവകലാശാലകളിൽനിന്നും വടക്കൻകേരളത്തിലേക്കും തെക്കൻ കേരളത്തിലേക്കും യാത്ര ചെയ്യേണ്ട വിദ്യാർഥികളും ബുദ്ധിമുട്ടിലാണ്.
നാൾക്കുനാൾ യാത്രാദുരിതം കൂടുന്ന റെയിൽവേയിൽ ആറുമാസത്തിനിടെ ടിക്കറ്റ് നിരക്ക് കൂട്ടുന്നത് രണ്ടാംതവണ. ജൂലൈ ഒന്നിന് മെയിൽ, എക്സ്‌പ്രസ് ട്രെയിനുകളിലെ സ്ലീപ്പർക്ലാസ്, ഫസ്റ്റ്ക്ലാസ്, സെക്കൻഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് ഒരുപൈസയും എസി ചെയർ കാർ, എസി ത്രീ ടയർ, ഇക്കണോമി ക്ലാസ്, എസി ടയർ, എസി ഫസ്റ്റ്ക്ലാസ് ടിക്കറ്റുകൾക്ക് കിലോമീറ്ററിന് രണ്ടുപൈസയും കൂട്ടിയിരുന്നു.










0 comments