യാത്രക്കാരുടെ ശ്രദ്ധയ്ക്ക്... ട്രെയിൻ സർവീസിൽ മാറ്റം

പാലക്കാട്: തിരുനെൽവേലി ജങ്‌ഷൻ യാർഡിൽ നവീകരണം നടത്തുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തി. 30-ന് പകൽ 12.30-ന് തിരുനെൽവേലിയിൽനിന്ന് പുറപ്പെടേണ്ട 16732–-ാം നമ്പർ തിരുച്ചെന്തൂർ–പാലക്കാട് ജങ്‌ഷൻ എക്‌സ്‌പ്രസ് വൈകിട്ട് 4.20-ന് മധുര ജങ്‌ഷനിൽനിന്നായിരിക്കും യാത്ര ആരംഭിക്കുക. തിരുച്ചെന്തൂരിനും മധുര ജങ്‌ഷനും ഇടയിലുള്ള സർവീസ് റദ്ദാക്കി.
അതേസമയം ട്രെയിനുകളിൽ ടിക്കറ്റില്ലാതെയും അനധികൃതമായും യാത്ര ചെയ്യുന്നവരിൽ നിന്ന് ഈടാക്കുന്ന ഏറ്റവും കുറഞ്ഞ പിഴത്തുക ഇന്ത്യൻ റെയിൽവേ കുത്തനെ ഉയർത്തി. സാധാരണക്കാരായ യാത്രക്കാരെ വലിയ രീതിയിൽ ബാധിക്കുന്ന പിഴത്തുക 250 രൂപയിൽ നിന്ന് ഒറ്റയടിക്ക് 500 രൂപയായാണ് ഇരട്ടിയാക്കിയത്. അനധികൃത യാത്രകൾ തടയുന്നതിനും ട്രെയിൻ സർവീസുകൾ സുഗമമാക്കുന്നതിനുമാണ് ഈ നടപടിയെന്നാണ് റെയിൽവേയുടെ വിശദീകരണം.
'ജൻ വിശ്വാസ് ആക്ട്, 2026'-ലെ വ്യവസ്ഥകൾ മുൻനിർത്തി, 1989-ലെ റെയിൽവേ നിയമത്തിലെ 137, 138 വകുപ്പുകൾ പ്രകാരമുള്ള മിനിമം പിഴയാണ് പരിഷ്കരിച്ചത്. ജൂൺ 20 മുതൽ പുതിയ നിരക്ക് രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നതായി റെയിൽവേ അധികൃതർ എക്സ് (ട്വിറ്റർ) ഹാൻഡിലിലൂടെ ഔദ്യോഗികമായി അറിയിച്ചു. പിഴ നടപടികൾ ഒഴിവാക്കാൻ യാത്രക്കാർ കൃത്യമായ ടിക്കറ്റുകൾ കൈവശം സൂക്ഷിക്കണമെന്നും റെയിൽവേ ആവശ്യപ്പെട്ടു.










0 comments