print edition ട്രെയിനിൽനിന്ന് തള്ളിയിട്ട സംഭവം ; പ്രതിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തും

തിരുവനന്തപുരം
കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ട്‌മെന്റിൽനിന്ന് പെൺകുട്ടിയെ ചവിട്ടിത്തള്ളിയിട്ട കേസിലെ പ്രതി സുരേഷ് കുമാറിനെതിരെ (50) വധശ്രമം കൂടാതെ കൂടുതൽ വകുപ്പുകൾ ചുമത്തും. ദൃക്‌സാക്ഷികളുടെ വിശദമായ മൊഴികൂടി രേഖപ്പെടുത്തിയശേഷമാകും നടപടി. ഇയാൾ കുറ്റം സമ്മതിച്ചെങ്കിലും പൊലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ഇടയ്ക്ക് മൊഴി മാറ്റിപ്പറയുന്നുണ്ട്.
ട്രെയിനിന്റെ വാതിലിൽനിന്ന് പെൺകുട്ടി മാറിയില്ലെന്നും ഇതിന്റെ ദേഷ്യത്തിലാണ് താൻ ചവിട്ടിയതെന്നുമാണ് സുരേഷ് കുമാർ ആദ്യം പറഞ്ഞത്. എന്നാൽ, ഇത് പൂർണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. അതിഥിത്തൊഴിലാളിയാണ് പെൺകുട്ടിയെ തള്ളിയിട്ടതെന്ന് ഞായറാഴ്ച ഇയാൾ പറഞ്ഞിരുന്നു.
സുരേഷ് കോട്ടയത്തുനിന്ന് മദ്യപിച്ചാണ് ട്രെയിനിൽ കയറിയത്. ശുചിമുറി ഭാഗത്തായിരുന്നു നിൽപ്പ്. ഞായർ രാത്രി വർക്കലയിൽ നിർത്തിയ ട്രെയിൻ വീണ്ടും പുറപ്പെടാൻ തുടങ്ങിയപ്പോഴാണ് പെൺകുട്ടികൾ ശുചിമുറിയിലേക്ക് പോയത്. ശ്രീക്കുട്ടി വാതിലിന് സമീപത്തുനിന്നശേഷം അർച്ചന ശുചിമുറിയിൽ കയറി. അർച്ചന മടങ്ങിവരുമ്പോഴാണ്, വാതിലിന് സമീപത്തുനിന്ന ശ്രീക്കുട്ടിയെ ഇയാൾ നടുവിന് ചവിട്ടിയിടുന്നത് കണ്ടത്. നിലവിളിച്ചതോടെ സുരേഷ് തനിക്കുനേരെ തിരിഞ്ഞ് കൈയിൽ കടന്നുപിടിച്ച് വലിച്ച് പുറത്തേക്ക് തള്ളാൻ ശ്രമിച്ചെന്നും കമ്പാർട്ട്‌മെന്റിലെ കമ്പിയിൽ പിടിച്ച് തൂങ്ങിക്കിടക്കുകയായിരുന്നെന്നും അർച്ചന മൊഴി നൽകി.
സ്ഥിരം മദ്യപാനിയായ സുരേഷിനെതിരെ മറ്റ് കേസുകളില്ല. മുള്ളുവേലികെട്ടലും പെയിന്റിങ് ജോലിയുമാണ് ഇയാൾ ചെയ്തിരുന്നത്.
നൽകുന്നത് മികച്ച ചികിത്സ
ട്രെയിനിൽനിന്ന് അക്രമിയുടെ ചവിട്ടേറ്റുവീണ് പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്ന് സൂപ്രണ്ട് ഡോ. ജയചന്ദ്രന്‍ പറഞ്ഞു. ചികിത്സയില്‍ തൃപ്തയല്ലെന്ന് യുവതിയുടെ അമ്മയുടെ പരാമര്‍ശം എന്തു കൊണ്ടാണെന്നിയില്ല. ആരോഗ്യനിലയെക്കുറിച്ചും ചികിത്സയെക്കുറിച്ചുമെല്ലാം ഒപ്പമുണ്ടായിരുന്ന യുവതിയോട് വിശദീകരിച്ചിട്ടുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സിക്കുന്നത്. മൾട്ടി ഡിസിപ്ലിനറി ഐസിയുവിൽ വെന്റിലേറ്ററിലാണുള്ളത്.










0 comments