വർക്കല തീവണ്ടി അക്രമം: കൂടെയുണ്ടായിരുന്ന പെൺകുട്ടിയേയും ചവിട്ടി പുറത്താക്കാന്‍ ശ്രമിച്ചു

തിരുവനന്തപുരം: പെൺകുട്ടിയെ തീവണ്ടിയിൽനിന്ന് പുറത്തേക്കു ചവിട്ടിത്തള്ളി ഗുരുതരമായി പരിക്കേൽപ്പിച്ച അക്രമി കൂടെയുണ്ടായിരുന്ന പെൺകുട്ടിക്കുനേരെയും അതിക്രമം നടത്തി. ആലുവയിൽ പഠനാവശ്യത്തിനുപോയി സുഹൃത്ത് അർച്ചനയ്‌ക്കൊപ്പം മടങ്ങുകയായിരുന്നു ശ്രീക്കുട്ടി(സോന). ശുചിമുറിയിൽ പോയി മടങ്ങുംവഴിയാണ് മദ്യപനായ ആൾ ആക്രമിച്ചതെന്ന് അർച്ചന പറഞ്ഞു.
'സോനയെ തള്ളിയിട്ടതുകണ്ട് പകച്ചുനിന്ന എന്നെയും അയാൾ പുറത്തേക്കു ചവിട്ടിത്തള്ളി. ഞങ്ങൾ ശുചിമുറിയിൽപോയി മടങ്ങുംവഴിയാണ് പരിചയമില്ലാത്ത ഒരാൾ ആക്രമിച്ചത്. വാതിലിന്റെ വശത്തേക്ക് എത്തിയപ്പോൾ അയാൾ സോനയെ നടുവിൽ ചവിട്ടി തള്ളിയിടുകയായിരുന്നു. അവൾ തെറിച്ചുവീഴുന്നതുകണ്ട് നിലവിളിച്ച എന്നെയും അയാൾ ചവിട്ടി. കമ്പിയിൽ തൂങ്ങിക്കിടന്ന തന്നെ നിലവിളികേട്ടെത്തിയ മറ്റു യാത്രക്കാരാണ് ഉള്ളിലേക്കു തൂക്കിക്കയറ്റിയത്', അർച്ചന ഭീതി വിട്ടുമാറാതെ പറഞ്ഞു.അക്രമി വെള്ളറട പനച്ചമൂട് സ്വദേശി സുരേഷ്‌കുമാറിനെ(50) യാത്രക്കാർ തീവണ്ടിയിൽ തടഞ്ഞുവെച്ചു. കൊച്ചുവേളിയിൽവെച്ചാണ് റെയിൽവേ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുക്കുമ്പോൾ അക്രമാസക്തനായ ഇയാളെ ബലപ്രയോഗത്തിലൂടെയാണ് കീഴ്പ്പെടുത്തിയത്.
ഞായർ രാത്രി 8.30 ഓടെ വർക്കല അകത്തുമുറിയിലാണ് സംഭവം. ആലുവയിൽനിന്ന് ട്രെയിൻ കയറിയ പെൺകുട്ടികൾക്ക് പ്രതിയെ യാതൊരു മുൻപരിചയവുമില്ല. പെൺകുട്ടി ട്രാക്കിലേക്ക് വീഴുന്നതുകണ്ട് എതിർദിശയിൽവന്ന മെമുവിന്റെ ലോക്കോ പൈലറ്റ് ട്രെയിൻ ഉടൻ നിർത്തുകയായിരുന്നു. കുറ്റിക്കാട്ടിൽ വീണ പെൺകുട്ടിയെ മെമുവിലാണ് വർക്കല സ്റ്റേഷനിലെത്തിച്ചത്. അവിടെനിന്ന് പൊലീസ് വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് മെഡിക്കൽ കോളേജിലേക്കുമാറ്റി.










0 comments