Deshabhimani

'ഇനിയൊരു പെൺകുട്ടിക്ക് ഈ അവസ്ഥ ഉണ്ടാകരുത്'; മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി ട്രെയിനിൽ ആക്രമിക്കപ്പെട്ട യുവതി

ARREST
വെബ് ഡെസ്ക്

Published on Nov 12, 2026, 10:40 AM | 1 min read

തിരുവനന്തപുരം: മലബാർ എക്‌സ്പ്രസിൽ ലൈംഗികാതിക്രമത്തിനും മർദനത്തിനും ഇരയായ ചെയ്ത യുവതി മനുഷ്യാവകാശ കമ്മീഷന് പരാതി നൽകി. തനിക്കുണ്ടായ ദുരനുഭവം മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന ആവശ്യവുമായാണ് യുവതി കമ്മീഷനെ സമീപിച്ചത്.


നവംബർ പത്തിന് രാവിലെ ചിറയിൻകീഴിൽനിന്ന് തിരുവനന്തപുരത്തേക്ക് മലബാർ എക്‌സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെയാണ് യുവതിക്കുനേരെ ലൈംഗികാതിക്രമമുണ്ടായത്. സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശി വിജീഷിനെ (39) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു. തിരക്കിനിടെ പിന്നിൽനിന്ന് ശരീരത്തിൽ സ്പർശിക്കുകയും മോശമായി പെരുമാറുകയും ചെയ്തയാളെ യുവതി ചോദ്യംചെയ്തു. യുവതി കരയുന്നത് ശ്രദ്ധിച്ച സഹയാത്രികൻ ഇടപെട്ട് ഇയാളെ പിടിച്ചുമാറ്റിയെങ്കിലും അതിക്രമം തുടർന്നുവെന്നാണ് പരാതി.


പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ലൈംഗികാതിക്രമം, മർദനം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. യാത്രക്കാരുടെയും സമീപത്തുണ്ടായിരുന്നവരുടെയും ഇടപെടലാണ് യുവതിയെ കൂടുതൽ ഗുരുതരമായ ആക്രമണത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.


പേട്ട റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ യുവതിയെ പ്രതി പിന്തുടർന്ന് വീണ്ടും അപമാനിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ അസഭ്യം വിളിക്കുകയും മുഷ്ടി ചുരുട്ടി മുഖത്തിടിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്തുവീണ യുവതിയെ വീണ്ടും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ സമീപത്തുണ്ടായിരുന്നവർ ഇടപെട്ടു. താടിയെല്ലിന് ചതവും മുട്ടിന് പരിക്കുമേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തന്നെ കൊല്ലാനുള്ള വെപ്രാളമാണ് പ്രതിയുടെ മുഖത്ത് കണ്ടതെന്ന് യുവതി പിന്നീട് വെളിപ്പെടുത്തിയിരുന്നു.


സംഭവത്തിന് പിന്നാലെ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും പരിശോധന കർശനമാക്കാൻ റെയിൽവേ പൊലീസും സിറ്റി പൊലീസും നടപടി ആരംഭിച്ചിട്ടുണ്ട്. പേട്ട ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് പരിശോധന നടത്താനും യാത്രക്കാർ സ്റ്റേഷൻ വിട്ടുപോകുന്നതുവരെ നിരീക്ഷണം ഉറപ്പാക്കാനുമാണ് തീരുമാനം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home