Deshabhimani

അടിച്ചൊതുക്കാനാകില്ല; ഉദ്യോ​ഗാർഥികൾക്ക് പിന്തുണയേറുന്നു; പൊലീസ് വേട്ടയിൽ വ്യാപകപ്രതിഷേധം

LPST Candidates protest Secretariat

എൽപിഎസ്ടി ഉദ്യോ​ഗാർഥികൾ സെക്രട്ടറിയറ്റിന് മുൻപിൽ സമരം തുടരുന്നു

ഫോട്ടോ: Niliya Venugopal
വെബ് ഡെസ്ക്

Published on Nov 12, 2026, 11:19 AM | 1 min read

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തല്ലിച്ചതയ്ക്കാൻ ശ്രമിച്ചിട്ടും നീതി തേടിയുള്ള എൽപിഎസ്ടി ഉ​ദ്യോ​ഗാർഥികളുടെ സമരം വർധിതവീര്യത്തോടെ തുടരുന്നു. പൊലീസ് ബലംപ്രയോ​ഗിച്ച് അറസ്റ്റ് ചെയ്ത സമരസമിതി കൺവീനർ എസ് വളർമതിക്ക് ശേഷം കാസർകോട്‌ സ്വദേശി എം ജയകൃഷ്‌ണൻ നിരാഹാരസമരം തുടരുകയാണ്. ഉദ്യോ​ഗാർഥികൾക്ക് പിന്തുണയുമായി നിരവധിപേർ സമരപ്പന്തലിലെത്തി. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിനും പ്രസിഡന്റ് ചിന്ത ജെറോമും ഉദ്യോ​ഗാർഥികളുമായി സംസാരിച്ചു. ബുധൻ രാത്രി ഇരച്ചെത്തി പൊലീസ് സമരപ്പന്തൽ പൊളിച്ചതോടെ ഡിവൈഎഫ്ഐയാണ് ഉദ്യോ​ഗാർഥികൾക്കായി പുതിയ സമരപ്പന്തൽ നിർമിച്ചത്.


മരിച്ചാലും സമരത്തിൽനിന്ന് പിന്മാറില്ലെന്ന് ഉദ്യോ​ഗാർഥികൾ പറയുന്നു. തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾക്ക് നൽകിയ വാക്ക് മുഖ്യമന്ത്രി പാലിക്കണം. ക്രിമിനൽ കേസ് എടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തുകയാണ്. സമാധാനപരമായ രീതിയിൽ സമരം തുടരുമെന്നും ജയകൃഷ്‌ണൻ പറഞ്ഞു.


ബുധന്‍ രാത്രി ഒമ്പതോടെയായിരുന്നു പൊലീസ് ആക്രമണം. മറ്റ് ഉദ്യോഗാർഥികള്‍ ഭക്ഷണം കഴിക്കാന്‍ പോയ തക്കം നോക്കിയാണ് പൊലീസ്‌ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്, വളർമതിയെ ബലാൽക്കാരമായി കസ്‌റ്റഡിയിലെടുത്തത്. സമരക്കാരുടെ മൈക്കും കസേരയും കട്ടിലും പിടിച്ചെടുത്തു. നിമിഷങ്ങള്‍ക്കകം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അതേ സ്ഥാനത്ത് സമരപ്പന്തല്‍ ഉയര്‍ത്തി. ഉദ്യോഗാര്‍ഥികള്‍ സമരവും പുനരാരംഭിച്ചു. ജനറൽ ആശുപത്രിയിലെ മെഡിക്കൽ ഐസിയുവിലേക്ക്‌ മാറ്റിയ വളര്‍മതി ആശുപത്രിയിലും നിരാഹാരസമരം തുടരുകയാണ്‌.


സമരംചെയ്യാനുള്ള അവകാശം ചോദ്യംചെയ്ത മറ്റ്‌ ഉദ്യോഗാർഥികളെ പൊലീസുകാർ പിടിച്ചുതള്ളി. ബുധനാഴ്‌ച സമരപ്പന്തലിൽനിന്ന്‌ ഉദ്യോഗാർഥികളെ നീക്കണമെന്ന്‌ മുഖ്യമന്ത്രി വി ഡി സതീശന്റെയും സിറ്റി പൊലീസ്‌ കമീഷണറുടെയും കർശന നിർദേശമുണ്ടായിരുന്നു. ചൊവ്വാഴ്ച വൈകിട്ടുമുതൽ സമരപ്പന്തലിനുസമീപം പൊലീസ്‌ തമ്പടിച്ചിരുന്നു. ബുധനാഴ്ച രാത്രി 7.30ന്‌ കൂടുതൽ പൊലീസുകാരെത്തി. ഒമ്പതിന്‌ വളർമതിയുടെ അടുത്തെത്തി സമരം അവസാനിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടു. അവസാനിപ്പിക്കില്ലെന്ന്‌ വളർമതി അറിയിച്ചതോടെ മൂന്ന്‌ സിഐമാരുടെ നേതൃത്വത്തിൽ നൂറോളം പൊലീസുകാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസിനെ തടഞ്ഞ ഡിവൈഎഫ്‌ഐ പ്രവർത്തകരെയും ആക്രമിച്ചു. സമീപത്ത്‌ വി ഡി സതീശനെതിരായ പോസ്റ്ററുകൾ പതിച്ചിരുന്നതും നീക്കി.


പൊലീസ്‌ അതിക്രമത്തെ പ്രതിപക്ഷ നേതാവ്‌ പിണറായി വിജയൻ അപലപിച്ചു. അതിക്രമത്തിൽ പ്രതിഷേധിച്ച്‌ ഡിവെഎഫ്‌ഐ ഇന്ന് സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധമാർച്ച് നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home