Deshabhimani

'അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടിനടന്നു’; റോജി ജോണിനെതിരെ എസ്‌എഫ്‌ഐ പ്രതിഷേധം

sfi kannur govt
വെബ് ഡെസ്ക്

Published on Nov 12, 2026, 11:43 AM | 1 min read

കണ്ണൂർ: കണ്ണൂർ ഗവ. എൻജിനീയറിങ് കോളേജിൽ മന്ത്രി റോജി എം ജോൺ പങ്കെടുത്ത പരിപാടിയിൽ എസ്‌എഫ്‌ഐ പ്രതിഷേധം. ‘അതുകൊണ്ടരിശം തീരാഞ്ഞവനാപ്പുരയുടെ ചുറ്റും മണ്ടിനടന്നു’ എന്ന കുഞ്ചൻ നമ്പ്യാരുടെ വരികൾ ഉദ്ധരിച്ച് ഹൈക്കോടതി നടത്തിയ വിമർശനമാണ് പ്രവർത്തകർ ബാനറിൽ ഉയർത്തിയത്. കാലടി സർവകലാശാലയിലെ വിദ്യാർഥികൾക്കെതിരായ പ്രതികാരനടപടിയിൽ ഹൈക്കോടതി നടത്തിയ പരാമർശം ബാനറാക്കിയാണ് മന്ത്രി പങ്കെടുക്കുന്ന പരിപാടിക്കിടെ എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. സർക്കാരിന്റെയും സർവകലാശാല വൈസ് ചാൻസലറുടെയും നിലപാടിനെതിരെ വിദ്യാർഥികൾ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു പ്രതിഷേധം.


കാലടി സംസ്കൃത സർവകലാശാലയിൽ പ്രതിഷേധിച്ചതിന്റെ പേരിൽ 16 വിദ്യാർഥികളെ രണ്ടുമാസത്തിലേറെയായി സസ്പെൻഡ് ചെയ്ത നടപടിയെയാണ് ഹൈക്കോടതി രൂക്ഷമായി ചോദ്യംചെയ്തത്. ഇത്രയും ദിവസം വിദ്യാർഥികളെ പുറത്തുനിർത്തിയിട്ടും സർവകലാശാലയുടെ അരിശം തീർന്നില്ലേയെന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണൻ ചോദിച്ചു. സസ്പെൻഷൻ പിൻവലിക്കാൻ വിദ്യാർഥികൾ രേഖാമൂലം മാപ്പുപറയണമെന്ന സർവകലാശാലയുടെ പിടിവാശിയെയും കോടതി വിമർശിച്ചു.


വിദ്യാർഥികളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് വാദത്തിനുവേണ്ടി സമ്മതിച്ചാൽപ്പോലും അറുപത് ദിവസത്തെ സസ്പെൻഷൻ മതിയാകില്ലേയെന്നായിരുന്നു കോടതിയുടെ ചോദ്യം. സസ്പെൻഷനിലൂടെ പഠനം മുടങ്ങിയതിനുപുറമെ പരീക്ഷയെഴുതാനുള്ള അവസരവും വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി. കുടിവെള്ളക്ഷാമം, അധ്യാപക ഒഴിവുകൾ, ഹോസ്റ്റൽ നിയന്ത്രണങ്ങൾ, അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത തുടങ്ങിയ പ്രശ്നങ്ങളുയർത്തി ഓഗസ്റ്റ് 13ന് നടത്തിയ പ്രതിഷേധത്തിന്റെ പേരിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. 12 പേരുടെ സസ്പെൻഷൻ മാപ്പപേക്ഷ നൽകിയാൽ പിൻവലിക്കാമെന്നും നാലുപേരുടെ സസ്പെൻഷൻ രണ്ടുമാസംകൂടി നീട്ടാനുമായിരുന്നു സർവകലാശാലയുടെ തീരുമാനം. മന്ത്രിയും ഇതിന് കൂട്ടുനിന്നു. ഇതിനിടെ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ സിംഗിൾ ബെഞ്ച് നൽകിയ അനുമതിക്കെതിരെയും സർവകലാശാല അപ്പീൽ നൽകിയിരുന്നു.


വിദ്യാർഥികൾ തന്നെ ആക്രമിച്ചുവെന്നായിരുന്നു വൈസ് ചാൻസലർ സിസ തോമസിന്റെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്ന തെളിവുകളൊന്നും അന്വേഷണസമിതിക്ക് കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴും വിസി പറയുന്നത് തെളിയിക്കാനുള്ള ദൃശ്യങ്ങളൊന്നും ലഭിച്ചില്ലെന്ന് അന്വേഷണസമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 16 വിദ്യാർഥികൾക്കെതിരെ നടപടി തുടരാൻ മതിയായ തെളിവില്ലെന്നും സമിതി കണ്ടെത്തി. എന്നിട്ടും കള്ളമാവര്‍ത്തിച്ച വിസിയും മന്ത്രിയും സസ്പെൻഷൻ പിൻവലിക്കാൻ വിദ്യാർഥികൾ മാപ്പുപറയണമെന്നാവശ്യപ്പെടുകയായിരുന്നു. ഈ പിടിവാശിയെയാണ് ഹൈക്കോടതി രൂക്ഷമായി ചോദ്യംചെയ്തത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home