സ്മാർട്ട്ഫോണുകളുടെ വില കുത്തനെ കൂടി, ദീപാവലി വില്പന ഇടിഞ്ഞു; ചെറുകിട വ്യാപാരികൾ പ്രതിസന്ധിയിൽ

ന്യൂഡൽഹി : ദീപാവലി കാലത്ത് കച്ചവടത്തിൽ പുത്തനുണർവ് കാത്തിരുന്ന വ്യാപാരികളുടെ പ്രതീക്ഷകളെ ഇല്ലാതാക്കി മൊബൈൽ ഫോൺ വില്പനയിൽ വൻ ഇടിവ്. സ്മാർട്ട് ഫോണുകളുടെ വില കുത്തനെ ഉയർന്നതും, ഉപഭോക്താക്കളുടെ വാങ്ങൽശേഷി കുറഞ്ഞതും വില്പനയെ ബാധിച്ചതാണ് വിപണിക്ക് തിരിച്ചടിയായത്. രാജ്യത്തെ ഒന്നരലക്ഷത്തിലേറെ മൊബൈൽ റീട്ടെയിൽ വ്യാപാരികളിൽ വലിയൊരു വിഭാഗത്തിനും പ്രതീക്ഷിച്ച കച്ചവടം ലഭിച്ചില്ല. വിൽപ്പന കുറഞ്ഞതോടെ ചെറുകിട കടകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി. ഇതോടെ മേഖലയിലെ തൊഴിൽ അവസരങ്ങൾ വെട്ടിക്കുറച്ചതായും റിപ്പോർട്ടുണ്ട്.
കുറഞ്ഞ വിലയിലുള്ള സ്മാർട്ട്ഫോണുകൾക്ക് കുത്തനെ വില കൂടിയതാണ് വലിയ തിരിച്ചടിയായത്. 15,000 രൂപയിൽ താഴെയുള്ള ഫോണുകളുടെ വില ഉയർന്ന് 15,000–20,000 രൂപ നിരക്കിലേക്ക് മാറി. ഇതോടെ സാധാരണക്കാരായ ഉപഭോക്താക്കൾ പുതിയ ഫോൺ വാങ്ങുന്നതിൽ നിന്ന് പിന്മാറുകയാണ്. പലരും കുറഞ്ഞ വിലയ്ക്ക് യൂസ്ഡ് ഫോണുകൾ തേടുകയാണ്. ഈ വിഭാഗത്തിലെ ഫോണുകളുടെ വിൽപ്പനയിൽ 65 ശതമാനം ഇടിവുണ്ടായിട്ടുണ്ട്.
ഉത്സവസീസണിൽ സ്റ്റോക്ക് വാങ്ങാനുള്ള നിക്ഷേപം ഇരട്ടിയായിട്ടും വില്പന പകുതിയായി കുറഞ്ഞതോടെ ബാങ്ക് വായ്പയെടുക്കേണ്ടിവന്ന വ്യാപാരികളുമുണ്ട്. ചിപ്പുകളുടെ ആഗോള വിലവർധനയാണ് ഫോണുകളുടെ വില ഉയരാൻ പ്രധാന കാരണങ്ങളിലൊന്ന്. പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ചിപ്പ് വില ഉയർന്നതും നിർമാണച്ചെലവ് വർധിച്ചതും വില വർധനയിലേക്കെത്തിച്ചു. പുതിയ മോഡൽ ഫോണുകൾ കുറഞ്ഞ വിലയിൽ വാങ്ങാൻ ആഗ്രഹിച്ചവർക്ക് വില വർധിച്ചതോടെ ഇവയൊന്നും എത്തിപ്പിടിക്കാനാകാത്ത സാഹചര്യമായി.
ആഗോള സാങ്കേതിക ഗവേഷണ സ്ഥാപനമായ ഒഎംഡിയയുടെ കണക്കനുസരിച്ച്, 2026ലെ മൂന്നാം പാദത്തിൽ ഇന്ത്യയിലെ സ്മാർട്ട്ഫോൺ കയറ്റുമതി 26 ശതമാനം കുറഞ്ഞ് 3.58 കോടി യൂണിറ്റായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 4.84 കോടി യൂണിറ്റായിരുന്നു. പത്തുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്.
വില്പന കുറഞ്ഞതോടെ മിക്ക വ്യാപാരികളും തൊഴിലാളികളുടെ എണ്ണം കുറച്ചു. ഓൾ ഇന്ത്യ മൊബൈൽ റീട്ടെയിലേഴ്സ് അസോസിയേഷന്റെ കണക്കുകൾ പ്രകാരം, ഉപഭോക്താക്കളുടെ വരവും വില്പനയും കുറഞ്ഞതോടെ 15,000 മുതൽ 20,000 വരെ ജീവനക്കാരെയാണ് മുൻനിര കമ്പനികൾ വെട്ടിക്കുറച്ചത്. ദീപാവലി കച്ചവടത്തിലും നഷ്ടം നേരിട്ടതിനാൽ ഇനിയുമൊരുപാട് ജീവനക്കാർക്ക് ജോലി നഷ്ടമാകാമെന്നാണ് വിലയിരുത്തുന്നത്.
നിർമാണ ഫാക്ടറികളിലെ ഉല്പാദനം കുറഞ്ഞതോടെ കരാർ, 3,000ലധികം ദിവസവേതനക്കാർക്ക് തൊഴിൽ നഷ്ടമായേക്കും. സ്മാർട്ട്ഫോൺ ബ്രാൻഡുകൾക്കുവേണ്ടി പ്രവർത്തിക്കുന്ന പ്രമോട്ടർമാരുടെ എണ്ണവും കുറച്ചിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ രാജ്യത്തെ മൊബൈൽ ഫോൺ വില്പന ഇനിയും ഇടിവ് നേരിടുമെന്നാണ് വിപണി ഗവേഷകരുടെ വിലയിരുത്തൽ. സ്മാർട്ട് ഫോണുകളുടെ വിലക്കയറ്റത്തിനൊപ്പം ഉപഭോക്താക്കളുടെ വാങ്ങൽശേഷി കുറയുന്നത് തുടരുകയാണെങ്കിൽ ചെറുകിട മൊബൈൽ വ്യാപാരികൾ കൂടുതൽ പ്രതിസന്ധിലാകും.








0 comments