പരിശോധനക്കായി അടിയിൽ നിൽക്കുമ്പോൾ ട്രെയിൻ നീങ്ങി; ഒടുവിൽ അത്ഭുതകരമായ രക്ഷപ്പെടൽ

train
വെബ് ഡെസ്ക്

Published on Sep 16, 2025, 08:20 AM | 1 min read

കൊല്ലം: പരിശോധന നടത്താനായി ഇറങ്ങിയ ട്രെയിൻ മാനേജർ(ഗാർഡ്) അടിയിൽ നിൽക്കുമ്പോൾ ട്രെയിൻ നീങ്ങി. രണ്ട് കോച്ചുകളാണ് മുന്നോട്ടുനീങ്ങിയത്. തിരുവനന്തപുരം കുണ്ടമൺകടവ് സ്വദേശിനി ടി കെ ദീപയാണ് അപകടത്തിൽ പെട്ടത്..പെട്ടെന്ന് ട്രാക്കിൽ കമിഴ്ന്നുകിടന്നതിനാൽ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.


തിങ്കളാഴ്ച രാവിലെ 9.15ന് തിരുവനന്തപുരത്ത് നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട നേത്രാവതി എക്‌സ്പ്രസിന്റെ കോച്ചിനടിയിൽ നിന്ന് പുക ഉയരുന്നത് മുരുക്കുംപുഴ സ്‌റ്റേഷനിലെ ജീവനക്കാരാണ് കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ട്രെയിൻ ചിറയിൻകീഴിൽ നിർത്തി. എവിടെ നിന്നാണ് പുക ഉയരുന്നതെന്ന് പരിശോധിക്കാനായി ദീപ ട്രെയിനിന് അടിയിലേക്ക് ഉറങ്ങി. പരിശോധനയ്ക്ക് ഇടയിൽ ട്രെയിൻ മുന്നോട്ട് എടുക്കുകയായിരുന്നു.


ട്രാക്കിൽ വീണ് ദീപയുടെ കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്. ഡ്യൂട്ടി തുടർന്ന ദീപയെ കൊല്ലത്ത് റെയിൽവേ ആശുപത്രിയിലും പിന്നീട് പേട്ടയിലെ റെയിൽവേ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മറ്റൊരു ഗാർഡിനെ നിയോഗിച്ച ശേഷമാണ് നേത്രാവതി പിന്നീട് സർവീസ് തുടർന്നത്. സംഭവത്തെപ്പറ്റി റെയിൽവേ അന്വേഷണം ആരംഭിച്ചു.


ട്രാക്കിൽ കമിഴ്ന്ന് കിടന്നതുമൂലമാണ് ദീപയ്ക്ക് ജീവൻ രക്ഷിക്കാനായത്. ഇതിനിടയിൽ വോക്കിടോക്കിയിലൂടെ ലോക്കോ പൈലറ്റുമാരെ ബന്ധപ്പെടാൻ ദീപ ശ്രമിച്ചിരുന്നതായും കണ്ടുനിന്നവർ പറഞ്ഞു. ആളുകൾ ഉച്ചത്തിൽ ബഹളം വച്ചതോടെയാണ് ട്രെയിൻ നിർത്തിയത്. സ്‌റ്റേഷനിലെ ഗേറ്റ് കീപ്പർ എത്തിയാണ് ദീപയെ പുറത്തെത്തിച്ചത്.



deshabhimani section

Related News

View More
0 comments
Sort by

Home