ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ടു; അഗ്‌നിരക്ഷാ സേന വാഹനം മറിഞ്ഞ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

എസ് ആർ രഞ്ജിത്ത്
ചിറ്റാർ (പത്തനംതിട്ട): അഗ്‌നിരക്ഷാസേന വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ് ഉദ്യോഗസ്ഥൻ മരിച്ചു. പത്തനംതിട്ട പ്ലാപ്പള്ളി ഭാഗത്തുനിന്ന് തുലാപ്പള്ളിയിലേക്ക് പോകുംവഴി ആലപ്പാട്ട് കവലയിലുണ്ടായ അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന അഗ്‌നിരക്ഷാസേന തിരുവല്ല യൂണിറ്റിലെ ഉദ്യോഗസ്ഥൻ കൊല്ലം ആയൂർ ആർക്കന്നൂർ സ്വദേശി എസ് ആർ രഞ്ജിത്ത് (41) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ളാഹ – പമ്പ റൂട്ടിൽ ചെളിക്കുഴി ഭാഗത്ത് ഒടിഞ്ഞുവീണ മരം നീക്കം ചെയ്തശേഷം പ്ലാപ്പള്ളിയിൽനിന്ന് തുലാപ്പള്ളിയിലേക്ക് പോകുംവഴി ആലപ്പാട്ടുപടിയിലെ കുത്തിറക്കത്തിൽ വാഹനത്തിന്റെ നിയന്ത്രണം നഷ്‌ടപ്പെടുകയായിരുന്നു.
കർക്കിടകമാസ പൂജയ്ക്കായി ശബരിമല നട തുറന്നതിനാൽ നിലയ്ക്കലുണ്ടായിരുന്ന അഗ്നിരക്ഷാസേനയുടെ കോട്ടയം യൂണിറ്റിലെ വാഹനവും ജീവനക്കാരുമാണ് ചെളിക്കുഴിയിൽ ഒടിഞ്ഞുവീണ മരം നീക്കാനെത്തിയത്.
മരം നീക്കംചെയ്ത ശേഷം വനപാലകരും അഗ്‌നിരക്ഷാസേന യൂണിറ്റും ഭക്ഷണം കഴിയ്ക്കാൻ പ്ലാപ്പള്ളി വഴി തുലാപ്പള്ളിയിലേക്ക് പോവുകയായിരുന്നു. വാഹനത്തിന്റെ ക്യാബിനിൽ ഞെരിഞ്ഞമർന്ന രഞ്ജിത്തിനെ ഒരുമണിക്കൂർ നടത്തിയ ശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. അപ്പോഴേക്കും മരിച്ചു.
അഗ്‌നിരക്ഷാസേന വാഹനം തൊട്ടുമുന്നിൽ പോയ വനപാലകരുടെ ജീപ്പിലും റോഡുവക്കിൽ നിർത്തിയിട്ടിരുന്ന ശബരിമല തീർഥാടകരുടെ വാഹനത്തിലും ഇടിച്ച ശേഷമാണ് മറിഞ്ഞത്. ഈ സമയം തീർഥാടകർ വാഹനത്തിൽ ഇല്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. രഞ്ജിത്തിന്റെ മൃതദേഹം മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടത്തിയശേഷം പോസ്‌റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് മാറ്റി. രഞ്‌ജിത്ത് കഴിഞ്ഞ രണ്ടുവർഷമായി അഗ്‌നിരക്ഷാസേനയുടെ തിരുവല്ല ഓഫീസിൽ ജോലി ചെയ്യുകയായിരുന്നു.











0 comments