പരമ്പരാഗത വ്യവസായ മേഖലയെ ശക്തിപ്പെടുത്തും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: പരമ്പരാഗത വ്യവസായ മേഖല നേരിടുന്ന വെല്ലുവിളികൾ പരിഹരിച്ച് മേഖലയെ ശക്തിപ്പെടുത്താൻ സർക്കാർ മുൻകൈയെടുക്കുമെന്ന് മന്ത്രി പി രാജീവ്. ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായുള്ള മേഖലാ നിർദ്ദിഷ്ട കോൺക്ലേവുകളുടെ ഭാഗമായ 'ടെക്സ്റ്റൈൽ കോൺക്ലേവ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ടെക്സ്റ്റൈൽ, കൈത്തറി മേഖലയുടെ പ്രവർത്തനവും വിപണന സാധ്യതയും മെച്ചപ്പെടുത്താനുള്ള നടപടികൾ സർക്കാർ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു. ഇൻവെസ്റ്റ് കേരള ഗ്ലോബൽ ഉച്ചകോടിയുടെ ഭാഗമായി നിക്ഷേപ സാധ്യതയുള്ള മേഖലയായിട്ടാണ് ടെക്സ്റ്റൈൽ, കൈത്തറി മേഖലകളെ കാണുന്നത്. വിപണിക്ക് ആവശ്യമായ ഏറ്റവും മികച്ചതും നൂതനവുമായ ഉത്പന്നങ്ങൾ നൽകാൻ ഈ മേഖലയ്ക്ക് സാധിക്കണം. വ്യാജ ഉത്പന്നങ്ങൾ തിരിച്ചറിയുന്നതിന് പരിശോധന കർശനമാക്കും. കൈത്തറി മേഖല നേരിടുന്ന പുതിയ വെല്ലുവിളികൾ നേരിടുന്നതിന് ബദൽ പരിഹാരങ്ങൾ കൈക്കൊള്ളും. മേഖലയെ കൂടുതൽ ആകർഷമാക്കാനുള്ള പരിപാടികൾ ആലോചിക്കും.
എല്ലാ മേഖലകളെയും ഉൾക്കൊള്ളുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന വ്യവസായ നയമാണ് കേരളത്തിൻറേതെന്ന് മന്ത്രി വ്യക്തമാക്കി. വ്യവസായ സംരംഭങ്ങളിൽ സ്ത്രീകൾ, ട്രാൻസ് ജെൻഡർ തുടങ്ങിയവർക്കെല്ലാം പ്രാധാന്യം നൽകുന്ന. സംരംഭക വർഷത്തിൽ കേരളത്തിലുണ്ടായ നാലു ലക്ഷത്തോളം എംഎസ്എംഇ സംരംഭങ്ങളിൽ 40 ശതമാനത്തോളം വനിതാ സംരംഭകരാണ്. വ്യവസായ മേഖലയിൽ നിലവിൽ അനുകൂലമായ അന്തരീക്ഷമാണ് കേരളത്തിൻറേത്. ഇത് പരമാവധി പ്രയോജനപ്പെടുത്തണം. പുതിയ വ്യവസായ സംരംഭങ്ങൾ തുടങ്ങാനുള്ള നടപടിക്രമങ്ങൾ ഇപ്പോൾ ഏറെ സുതാര്യമാണ്. ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഒന്നാം സ്ഥാനത്ത് എത്തിയത് കേരളത്തിലേക്കുള്ള നിക്ഷേപസാധ്യതയ്ക്ക് ആക്കം കൂട്ടും. ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൽ വിവിധ മേഖലകളിലായി വൻകിട കമ്പനികളിൽ നിന്ന് ഉൾപ്പെടെയുള്ള നിക്ഷേപം കേരളം പ്രതീക്ഷിക്കുന്നു.
സംസ്ഥാനത്ത് കൂടുതൽ തൊഴിലവസരം ഒരുക്കുന്ന 31 പ്രൈവറ്റ് ഇൻഡസ്ട്രിയൽ പാർക്കിന് സർക്കാർ ഇതുവരെ അനുമതി നൽകി. ഫെബ്രുവരിയോടെ ഇത് 50 ൽ എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. 10 കാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് അനുമതി നൽകിയതായും മന്ത്രി വ്യക്തമാക്കി. കൈത്തറി, ടെക്സ്റ്റൈൽ മേഖലയുടെ സുസ്ഥിര വളർച്ചയ്ക്കായി ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണം ആവശ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. കൈത്തറി ഉത്പന്നങ്ങളിലെ കലർപ്പ് തടയുന്നതും മികച്ച ഉത്പന്നങ്ങൾ നൽകുന്നതും വിപണി കണ്ടെത്തുന്നതും പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് മുന്നോടിയായി ഇതുവരെ 40 സെക്ടറൽ യോഗങ്ങൾ നടത്തിയെന്ന് സ്വാഗതപ്രസംഗം നടത്തിയ കെഎസ്ഐഡിസി എംഡി എസ്. ഹരികിഷോർ പറഞ്ഞു. ടെക്സ്റ്റൈൽ, കൈത്തറി മേഖലയെ അഭിസംബോധന ചെയ്യാനുള്ള വേദി കൂടിയായി ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് മാറുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ഐഡിസി എക്സിക്യുട്ടീവ് ഡയറക്ടർ ഹരികൃഷ്ണൻ ആർ, ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് ഒഎസ് ഡി വിഷ്ണുരാജ് പി, ഹാൻഡ്‌ലൂം ആൻഡ് ടെക്സ്റ്റൈൽസ് ഡയറക്ടർ അനിൽകുമാർ കെ.എസ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഉദ്ഘാടന സമ്മേളനത്തിനു ശേഷം ടെക്സ്റ്റൈൽ, കൈത്തറി വ്യവസായ മേഖലയുമായി ബന്ധപ്പെട്ട് ഇൻററാക്ഷൻ സെഷനും നടന്നു. മേഖലയിലെ സംരംഭകരും നിക്ഷേപകരും ഇതുമായി ബന്ധപ്പെട്ട സാധ്യതകളെയും അവസരങ്ങളെയും കുറിച്ച് അഭിപ്രായങ്ങൾ പങ്കിട്ടു.










0 comments