print edition അങ്ങനെ ഒടുങ്ങില്ല ‘പുനർജനി’; പറവൂരിലുണ്ട് തട്ടിപ്പിന്റെ നേർക്കാഴ്‌ച

വി ഡി സതീശൻ
സ്വന്തം ലേഖകൻ
Published on Jul 31, 2026, 12:43 AM | 2 min read
കൊച്ചി: മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലമായ പറവൂരിൽ ഇപ്പോഴുമുണ്ട് മഹാപ്രളയത്തിന്റെ മറവിൽനടത്തിയ പുനർജനി തട്ടിപ്പിന്റെ നേർക്കാഴ്‌ച. യുഡിഎഫ് രാഷ്ട്രീയ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേസ് അവസാനിപ്പിച്ചെങ്കിലും യാഥാർഥ്യം മായുന്നില്ല.
യുകെയിലെ ബെർമിങ്‌ഹാമിലെത്തി പണം പിരിച്ചെന്ന് സതീശൻ പറവൂരിലെ വാർത്താസമ്മേളനത്തിൽ തുറന്നുസമ്മതിക്കുന്ന വീഡിയോ ഉൾപ്പെടെ നിർണായക തെളിവുകളുണ്ട്. വിദേശത്തടക്കം പര്യടനം നടത്തി തുക സ്വരൂപിച്ചിട്ടും പുനർജനിയിൽ വാഗ്‌ദാനം ചെയ്‌ത വീടുകളും ഫ്ലാറ്റുകളും ഉയർന്നില്ല. പ്രളയബാധിതർക്ക് സർക്കാർ പദ്ധതിയിലോ, സ്‌പോൺസർമാരോ വ്യവസായ, വാണിജ്യസ്ഥാപനങ്ങളോ നിർമിക്കുന്ന വീടുകൾ അന്തിമഘട്ടത്തിലാകുന്പോൾ ചെറിയ സാന്പത്തികസഹായം വാഗ്‌ദാനം ചെയ്‌ത് പുനർജനി ബോർഡ് തൂക്കുന്നതായിരുന്നു രീതി. സഹകരണവകുപ്പ്, സന്നദ്ധസംഘടനകൾ, സുമനസ്സുകൾ ചേർന്ന് നിർമിച്ച വീടുകൾ എന്നിവയിൽ ‘പുനർജനി’ ബോർഡ് തൂക്കി.
തട്ടിപ്പ് പുറത്തുവന്നപ്പോൾ, 216 വീടുകൾ പണിതുവെന്നായിരുന്നു സതീശന്റെ അവകാശവാദം. സോഷ്യൽ ഓഡിറ്റ് നടത്തുമെന്നും കണക്ക് പുറത്തുവിടുമെന്നും വിന്പിളക്കി. നിർമിച്ച വീടുകൾ ഏതെന്നോ, എവിടെയെന്നോ, എത്ര പണം സ്വരൂപിച്ചെന്നോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സതീശന്റെ വെബ്‌സൈറ്റിൽനിന്ന് പുനർജനി ലിങ്ക് അപ്രത്യക്ഷമായി.
കല്ല്, റോഡ്, ബോർഡ്
പുത്തൻവേലിക്കര മുട്ടിക്കപാടത്ത് 12 കുടുംബത്തിന് ഫ്ലാറ്റ് നിർമിക്കുമെന്ന് പ്രഖ്യാപിച്ച് സതീശനിട്ട കല്ല് അവിടെയുണ്ട്. ചിറ്റാറ്റുകര പഞ്ചായത്തിൽ തരിശുനിലത്തിലേക്ക് പുനർജനിയുടെ പേരിൽ റിയൽ എസ്‌റ്റേറ്റിന് വഴിവെട്ടി. 1.66 ഏക്കറിലെ തരിശുനിലത്തിലേക്ക് റോഡ് നിർമിക്കാൻ എംഎൽഎ ഫണ്ടിൽനിന്ന് അനുവദിച്ചത് 25 ലക്ഷം രൂപ. പുനർജനി റോഡ് എന്ന് പേരുമിട്ടു. വൈദ്യുതി ലൈനിന് മൂന്നുലക്ഷവും കുടിവെള്ളത്തിന് 1.99 ലക്ഷവും അനുവദിച്ചു. പ്രളയബാധിതരെ സഹായിക്കാൻ ഭൂവുടമ നൽകിയ സ്ഥലത്ത് വ്യവസായ ഗ്രൂപ്പ് ഒരു വീട് നിർമിച്ചിരുന്നു. തരിശുനിലത്തിലേക്ക് റോഡ് നിർമിക്കാനുള്ള ശുഷ്‌കാന്തിക്കുപിന്നിൽ റിയൽ എസ്‌റ്റേറ്റ് താൽപ്പര്യമെന്ന് അന്നേ ആക്ഷേപമുയർന്നു.
എന്തിനീ പേടിച്ചോട്ടം
സി കെ ദിനേശ്
തിരുവനന്തപുരം: പുനർജനി പദ്ധതി കേസ് സ്വയം തീരുമാനിച്ച് അവസാനിപ്പിച്ചത് മുഖ്യമന്ത്രി വി ഡി സതീശനും യുഡിഎഫ് സർക്കാരിനും രാഷ്‌ട്രീയമായി തിരിച്ചടിയും നിയമപരമായി വെല്ലുവിളിയുമാകും. സിപിഐ എം നേതാക്കൾക്കുനേരെ അടിസ്ഥാനരഹിത ആരോപണമുയരുമ്പോൾ കൂക്കിവിളിച്ച് വീമ്പ് പറയുന്നവരാണ് അഴിമതി തള്ളിക്കളയാനാകില്ലെന്ന് നീതിപീഠം സംശയിക്കുന്ന കേസ് സ്വയം തള്ളിയത്.
പത്തുവർഷം ഭരണത്തിലുണ്ടായിട്ടും എൽഡിഎഫ് ഒരു പരാതിയും സ്വയം തീരുമാനിച്ച് ഇല്ലാതാക്കിയിട്ടില്ല. പ്രമാദമായ പല കേസുകളിലും കോടതി തീർപ്പുകൽപ്പിക്കട്ടെ എന്ന നിലപാടാണ് കെ കരുണാകരനും ഉമ്മൻചാണ്ടിയും ഉൾപ്പെടെയുള്ളവരും സ്വീകരിച്ചിട്ടുള്ളത്. എന്നാൽ, മുഖ്യമന്ത്രിയായി മൂന്നാംമാസം സതീശൻ തനിക്കെതിരായ അഴിമതിക്കേസ് സ്വയം അവസാനിപ്പിച്ചു.
കേസ് സിബിഐ ക്ക് വിടാൻ വെല്ലുവിളിച്ച, വിജിലൻസ് ശുപാർശയുടെ വാർത്തകളോട് ‘താൻ പേടിച്ചു പോയെന്ന് പറഞ്ഞേക്ക്’ എന്ന് ഡയലോഗിട്ട ധൈര്യശാലിയാണ് കസേരയിൽ ഇരുന്നയുടൻ സ്വയം തടിതപ്പിയത്. കോടതി ഇടപെടലിനെയും വിദേശത്തടക്കമുള്ള അന്വേഷണത്തേയും മുഖ്യമന്ത്രി ഭയപ്പെടുന്നുവെന്നാണ് തിടുക്കത്തിലെ "തള്ളൽ' വ്യക്തമാക്കുന്നത്. ഹൈക്കമാൻഡിലെ എതിരാളി എങ്ങനെ ‘ആക്ട്’ ചെയ്യുമെന്ന ഭയവുമുണ്ടാകാം. സതീശനും രമേശ് ചെന്നിത്തലയും പൊതുശത്രുവിനെതിരായി യോജിച്ചെന്നാണ് കോൺഗ്രസ് ഇടനാഴികളിലെ ചർച്ച.
2018ലെ പ്രളയത്തെ തുടർന്ന് പറവൂരിൽ വീട് നിർമിക്കാനെന്ന പേരിൽ വിദേശത്തുനിന്ന് പണം പിരിച്ചതിന് തെളിവ് പുറത്തുവരികയും വീടുകൾ നിർമിക്കാതിരിക്കുകയും ചെയ്തതോടെയാണ് പരാതിയായത്. വിദേശത്ത് പണപ്പിരിവിന് സതീശന് അനുമതി നൽകിയിട്ടില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. വിദേശത്തുള്ള ചില സുഹൃത്തുക്കളുടെ അക്കൗണ്ട് വഴി പണം സ്വീകരിച്ചുവെന്ന് സതീശൻ സമ്മതിച്ചിട്ടുമുണ്ട്. പരാതിക്കാരൻ ജയ്‌സൺ പാനികുളങ്ങര അടുത്തിടെ അന്തരിച്ചതും സർക്കാർ അവസരമാക്കി.










0 comments