print edition ബാസിലിന്റെ മനസ്സിൽ പാരലിമ്പിക്‌സ്

മുഹമ്മദ് ബാസിൽ (ഇടത്ത്) ദിലീഗ് മഹദു ഗവിത്തിനൊപ്പം ദേശീയ പതാകയുമായി ആഘോഷത്തിൽ
കോമണ്‍വെല്‍ത്ത് ഗെയിംസ് പാരാ അത്‌ലറ്റിക്‌സ് 100 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡലാണ് മലപ്പുറം പൊന്നാനി സ്വദേശി മുഹമ്മദ് ബാസിലിന്. T47 വിഭാഗത്തിൽ 10.83 സെക്കൻഡിലാണ് ഫിനിഷ്. സ്വർണം മഹാരാഷ്‌ട്രക്കാരനായ ദിലീഗ് മഹദു ഗവിത്ത്(10.71) സ്വന്തമാക്കി. വെള്ളി നേട്ടത്തിനുശേഷം ബാസിലുമായി നടത്തിയ അഭിമുഖം.
മെഡല്‍ നേട്ടം അനുഭവം?
വളരെ സന്തോഷമുള്ള നിമിഷമാണിത്. സ്വര്‍ണം പ്രതീക്ഷിച്ചാണ് ട്രാക്കിലിറങ്ങിയത്. വിചാരിച്ച വേഗം കൈവരിക്കാനായില്ല. എങ്കിലും നിരാശയില്ല. ആദ്യ രാജ്യാന്തര മത്സരത്തില്‍തന്നെ നേട്ടംകൊയ്യാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. സുഹൃത്തുക്കളും നാട്ടുകാരുമടക്കം നിരവധിയാളുകളാണ് അഭിനന്ദന സന്ദേശമയക്കുന്നത്. രാഷ്ട്രപതി അഭിനന്ദിച്ചത് വലിയ അഭിമാനമാണ്. ലോക്‌സഭയില്‍ എന്റെ പേര് കേട്ടപ്പോള്‍ സന്തോഷമുണ്ടായി.
മത്സരം എളുപ്പമായിരുന്നോ?
ഒരിക്കലുമല്ല. കാലാവസ്ഥയായിരുന്നു പ്രധാന വില്ലന്‍. നമ്മുടെ നാട്ടിലേതുപോലെയല്ല. നല്ല തണുപ്പാണിവിടെ. വര്‍ക്കൗട്ട് ചെയ്യുന്ന സമയത്തുതന്നെ ബുദ്ധിമുട്ട് തോന്നിയിരുന്നു. മത്സരത്തിന്റെ ആദ്യ സെക്കന്‍ഡില്‍ കുഴപ്പമില്ലായിരുന്നു. പക്ഷേ, ഓട്ടത്തിനിടെ തണുപ്പ് കാരണം പേശീവലിവുണ്ടായി, വേഗം കുറഞ്ഞു.
സ്വര്‍ണം നഷ്ടത്തെക്കുറിച്ച് ?
ഇതൊരു തുടക്കംമാത്രമാണ്. സ്വര്‍ണം നേടിയതും ഇന്ത്യക്കാരനായതില്‍ അഭിമാനം. പൊന്നണിഞ്ഞ ദിലീപ് ഗവിത്തുമായി നല്ല സൗഹൃദമാണ്. രാജ്യാന്തര മത്സരങ്ങളില്‍ എന്നേക്കാള്‍ പരിചയമുള്ളയാളാണ് അദ്ദേഹം. ബംഗളൂരുവില്‍ കഴിഞ്ഞമാസം നടന്ന ഏഷ്യന്‍ ഗെയിംസ് യോഗ്യതാ ചാമ്പ്യന്‍ഷിപ്പില്‍ എനിക്ക് സ്വര്‍ണവും ഗവിത്തിന് വെള്ളിയുമായിരുന്നു. ഇവിടെ തിരിച്ചായെന്നുമാത്രം.
തുടക്കകാലത്തെ അനുഭവം ?
പൊന്നാനിയിലെ മണ്‍ ട്രാക്കുകളിലാണ് ഓടിത്തുടങ്ങിയത്. ആദ്യം ബുദ്ധിമുട്ട് തോന്നിയിരുന്നു. പ്ലസ്ടുവരെ നാട്ടില്‍തന്നെയായിരുന്നു പരിശീലനം. തിരുവനന്തപുരം സായിയിലെത്തിയതോടെയാണ് സിന്തറ്റിക് ട്രാക്കില്‍ പരിശീലനത്തിന് അവസരം ലഭിച്ചത്. ഓട്ടം മെച്ചപ്പെടുത്താന്‍ അതുകൊണ്ടായി. രാവിലെയും വൈകിട്ടുമായി അഞ്ചുമണിക്കൂര്‍ പരിശീലനത്തിന് ചെലവഴിക്കും. സായിയില്‍ തന്നെ തുടരാനാണ് ആഗ്രഹം.
മുന്നിലുള്ള ലക്ഷ്യം ?
മികച്ച അത്‌ലീറ്റായി മാറണം. ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. വിട്ടുവീഴ്ചയില്ലാതെ പരിശീലനം തുടരും. പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടുകയാണ് വലിയ ലക്ഷ്യം.










0 comments