print edition കാതങ്ങൾ താണ്ടി; ആവേശക്കൊടിയേന്തി

കോഴിക്കോട്: പത്തനംതിട്ട സീതത്തോടിൽനിന്നാണ് ടി ആർ സജി കോഴിക്കോട്ടേക്ക് വണ്ടി കയറിയത്. ഹൃദയത്തിൽ കെടാതെ സൂക്ഷിച്ച ചെങ്കൊടി പ്രസ്ഥാനത്തോടുള്ള അണയാത്ത ആവേശവുമായി സജി സിപിഐ എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ റാലിയിലും പൊതുപരിപാടികളിലും പങ്കാളിയായി. കടപ്പുറത്തെ റാലിയിലും വിപുലീകൃത സംസ്ഥാന കമ്മിറ്റി ചേരുന്ന എ കെ ജി ഓഡിറ്റോറിയത്തിലുമെല്ലാം സജിയുടെ സാന്നിധ്യം ആവേശമായി.
സിപിഐ എമ്മിന്റെ സമ്മേളനങ്ങൾക്കെല്ലാം പതിറ്റാണ്ടുകളായി സ്ഥിരംസാന്നിധ്യമാണ് സജി. കോഴിക്കോട്ടും കണ്ണൂരും തിരുവനന്തപുരത്തുമെല്ലാം നടന്ന പാർടി കോൺഗ്രസുകൾക്കായി പത്തനംതിട്ടയിൽനിന്ന് നടന്നുപോയിട്ടുണ്ട്. കോട്ടയം, ആലപ്പുഴ, എറണാകുളം, തൃശൂർ, തിരുവനന്തപുരം തുടങ്ങിയ സംസ്ഥാനസമ്മേളനങ്ങളുടെ പ്രകടനത്തിലും പങ്കെടുത്തിട്ടുണ്ട്. പാർടി എന്നാൽ തനിക്ക് ജീവനെക്കാൾ വലുതാണെന്ന് പറയുന്ന ഇൗ അറുപത്തിമൂന്നുകാരൻ ദീർഘകാലം സീതക്കുഴി ബ്രാഞ്ചംഗവും ടാക്സി ഡ്രൈവേഴ്സ് യുണിയന്റെ (സിഐടിയു) പ്രവർത്തകനുമായിരുന്നു.
അഞ്ചാംവയസ്സിൽ അച്ഛൻ രാഘവന്റെ തോളിലേറി എ കെ ജിയെ കണ്ടത് സജിയുടെ ഓർമയിലിന്നും ആവേശമാണ്. ഇ എം എസ്, ഇ കെ നായനാർ, വി എസ് അച്യുതാനന്ദൻ തുടങ്ങിയ നേതാക്കളുടെയെല്ലാം യോഗങ്ങൾക്കായി വിദൂരസ്ഥലങ്ങളിലടക്കം പോകാറുണ്ട്. അമ്മ രത്നമ്മയും ഭാര്യ ഓമനയും മക്കളായ അഖിലും അനന്തുവുമടങ്ങുന്ന കുടുംബമാകെ പാർടിയാണ്.









0 comments