ad
Deshabhimani

print edition ആകെ വോട്ടർമാർ 2.71 കോടി: സംസ്ഥാനത്ത്‌ ഒന്നരലക്ഷം വോട്ടർമാരുടെ വർധന

Voters List
avatar
സ്വന്തം ലേഖകൻ

Published on Mar 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്ത്‌ എസ്‌ഐആർ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചതിനുപിന്നാലെ 1,58,212 പേർ കൂടി പട്ടികയുടെ ഭാഗമായി. ഫെബ്രുവരി 21ന്‌ പ്രസിദ്ധീകരിച്ച പട്ടികയിൽ 2.69 കോടി വോട്ടർമാരാണുള്ളത്‌. 18 വയസ്സ്‌ പൂർത്തിയായവർക്കും എസ്‌ഐആറിലൂടെ ഒഴിവാക്കപ്പെട്ടവർക്കും അപേക്ഷിക്കാനുള്ള അവസരമുണ്ടായിരുന്നു. അതുപ്രകാരം അപേക്ഷിച്ചതിൽ 1.58 ലക്ഷംപേരെയാണ്‌ കൂട്ടിച്ചേർത്തത്‌. ഇവരെ അനുബന്ധ പട്ടികയിലാണ്‌ ഉൾപ്പെടുത്തുക. ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടർമാരുടെ എണ്ണം 2.71 കോടിയായി.


73,609 പേരുടെ അപേക്ഷകൂടി കമീഷന്റെ പരിഗണനയിലുണ്ട്‌. നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം വരെ പട്ടികയിൽ പേര്​ ചേർക്കാമെന്നതിനാൽ എണ്ണം ഉയരും. വർധിച്ച ഒന്നരലക്ഷം വോട്ടർമാർ ഏതൊക്കെ മണ്ഡലത്തിലുള്ളവരാണ്‌ എന്നത്‌ വ്യക്തമാക്കിയിട്ടില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി ചില കേന്ദ്രങ്ങളിൽ ബിജെപി നേതൃത്വത്തിൽ വ്യാജ വോട്ടുകൾ കൂട്ടിച്ചേർത്തെന്ന ആരോപണമുണ്ടായിരുന്നു. ഇത്തരത്തിൽ അർഹതയില്ലാത്തവരെയും സ്ഥലത്തില്ലാത്തവരേയും ഫ്ലാറ്റുകളുടെയും കടകളുടെയും വിലാസത്തിൽ കൂട്ടിച്ചേർക്കുന്നുണ്ടോ എന്ന സംശയമുയർന്നിട്ടുണ്ട്‌.


​ഒരുക്കങ്ങൾ 
വിലയിരുത്തി


​നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങൾ വിലയിരുത്താൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ വെള്ളിയാഴ്‌ച കലക്ടർമാരുടെ യോഗം വിളിച്ചുചേർത്തു. പെരുമാറ്റച്ചട്ടം, മാധ്യമ വിഭാഗം ചുമതലയുള്ള പി ബി നൂഹ്, ധനവിനിയോഗം–ഐടി ചുമതലയുള്ള ജെറോമിക് ജോർജ് എന്നിവർ സെഷനുകൾ നയിച്ചു. പോളിങ് ശതമാനം വർധിപ്പിക്കാൻ വിപുലമായ ഇടപെടലുകൾ നടത്താൻ കലക്ടർമാർക്ക് നിർദേശം നൽകി. ഹരിത പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തെരഞ്ഞെടുപ്പ്. ഭിന്നശേഷിക്കാർക്ക് തടസമില്ലാതെ വോട്ട് ചെയ്യാനുള്ള ക്രമീകരണം ഉറപ്പാക്കും. വനിതാ കേന്ദ്രീകൃത പോളിങ് സ്റ്റേഷനുകൾ, മാതൃകാ പോളിങ് സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ലഭ്യമാക്കും. എഐയുടെ സഹായത്തോടെ തയ്യാറാക്കുന്ന പ്രചാരണ വീഡിയോകൾക്കും ചിത്രങ്ങൾക്കും മാനദണ്ഡങ്ങൾ നിശ്ചയിക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുശേഷം രാഷ്ട്രീയ പാർടികളുടെ യോഗം വിളിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home