പ്രതാപന് ഗോപാലകൃഷ്ണനുമായി ഡീൽ; സുരേഷ്ഗോപിക്ക് വോട്ട് മറിക്കാൻ എട്ട് കോടി വാങ്ങി; വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ്

ടി എൻ പ്രതാപൻ, വി എ ഫിറോസ്
തൃശൂർ: മണലൂർ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ടി എൻ പ്രതാപനെതിരെ ഗുരുതര ആരോപണവുമായി തൃശൂരിലെ കോൺഗ്രസ് നേതാവ്. പ്രതാപൻ ബിജെപിയുമായി തെരഞ്ഞെടുപ്പിൽ ഡീലുണ്ടാക്കിയെന്നും, കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയെ ജയിപ്പിക്കാൻ വോട്ട് മറിച്ചുവെന്നും നാട്ടിക കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് വി എ ഫിറോസ് വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി.
പ്രതാപനും ഗുരുവായൂരിലെ ബിജെപി സ്ഥാനാർഥി ബി ഗോപാലകൃഷ്ണനും തമ്മിൽ ഡീലുണ്ടാക്കിയിരിക്കുകയാണ്. മണലൂരിൽ യുഡിഎഫിനെ ബിജെപി സഹായിച്ചാൽ ഗുരുവായൂരിൽ തിരിച്ചു സഹായിക്കുമെന്നാണ് ധാരണ. കുടിക്കുന്ന വെള്ളത്തില്‍ വിശ്വാസിക്കാന്‍ കൊള്ളാത്ത ആളാണ് പ്രതാപന്‍. നാട്ടിക, കയ്പമംഗലം മണ്ഡലങ്ങൾക്കുവേണ്ടി മാത്രം എട്ട് കോടി രൂപ വാങ്ങിയാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ വിജയിപ്പിക്കാൻ വോട്ട് മറിച്ചത്. ഇതിന്റെ രേഖകൾ കയ്യിലുണ്ട്. പ്രതാപൻ രാവിലെ കോൺഗ്രസും വൈകിട്ട് ബിജെപിയുമാണ്.
വാടാനപ്പള്ളിയിൽ കഴിഞ്ഞ ദിവസം ഉണ്ടായ കിറ്റ് വിവാദം പ്രതാപനും ബിജെപിയും ചേർന്നുള്ള ഒത്തുകളിയാണെന്നും ഫിറോസ് ആരോപിച്ചു. കിറ്റിന്റെ പേരിൽ ഇത്തരമൊരു സംഭവമുണ്ടാകുമെന്ന് മൂന്ന് ദിവസം മുൻപേ അറിഞ്ഞതാണ്. ബിജെപിയുടെ പ്രധാന നേതാവുമായി പ്ലാൻ ചെയ്താണ് കിറ്റ് വിതരണം നടത്തിയത്. കിറ്റ് വിതരണം തടയാൻ പ്രതാപൻ എത്തിയതും പിന്നീടുണ്ടായ സംഘർഷവുമൊക്കെ ന്യൂനപക്ഷവോട്ട് കിട്ടാൻ വേണ്ടിയുള്ള ശ്രമമായിരുന്നു. പ്രതാപന് ബിനാമി ഇടപാടുണ്ടെന്നും ഫിറോസ് ആരോപിച്ചു.
തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപിയുടെ ജയം കോൺഗ്രസ് ദാനം ചെയ്തതാണെന്ന് നേരത്തെ ആരോപണമുണ്ടായിരുന്നു. എൽഡിഎഫിനായി വി എസ് സുനിൽകുമാറും യുഡിഎഫിനായി കെ മുരളീധരനും മത്സരിച്ചു. സിറ്റിങ് എംപിയായിരുന്ന ടി എൻ പ്രതാപനെ മാറ്റിനിർത്തി വടകരയിലെ എംപിയായിരുന്ന കെ മുരളീധരനെയാണ് യുഡിഎഫ് സ്ഥാനാർഥിയാക്കിയത്.
തൃശൂരിൽ മുൻതെരഞ്ഞെടുപ്പിൽനിന്നും എൽഡിഎഫ് വോട്ടുകൾ വർധിപ്പിച്ചപ്പോൾ യുഡിഎഫിന് ഗണ്യമായി കുറയുകയും സിറ്റിങ് സീറ്റിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. 2019ൽ രാജാജി മാത്യു തോമസിലൂടെ എൽഡിഎഫിന് ലഭിച്ചത് 3,21,456 വോട്ടുകളാണ്. 2024ൽ എൽഡിഎഫിലെ വി എസ് സുനിൽകുമാറിന് 3,37,652 വോട്ട് ലഭിച്ചു. 16,196 വോട്ടുകളുടെ വർധനവ്.
എന്നാൽ, 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച വോട്ടുകളിൽനിന്ന് 86,965 വോട്ടുകളാണ് കുറഞ്ഞത്. ആ വോട്ടുകൾ കൃത്യമായി ബിജെപിയിലേക്ക് എത്തുകയും ചെയ്തു. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ടുകളാണ് ബിജെപിയുടെ വിജയത്തിന് കാരണമാക്കിയതെന്ന് കണക്കുകൾ തെളിയിച്ചതാണ്. കോൺഗ്രസ്-ബിജെപി നേതൃത്വങ്ങൾ തമ്മിലുണ്ടാക്കിയ ധാരണയിലാണ് സുരേഷ്ഗോപിയുടെ ജയമെന്ന ആരോപണം ശക്തമായിരുന്നു. ഇതിന് ബലം പകരുന്നതാണ് പി കെ ഫിറോസിന്റെ വെളിപ്പെടുത്തലും.









0 comments