ad
Deshabhimani

'എങ്ങനെ നയിക്കണമെന്ന് അറിയില്ല, പ്രസിഡന്റ് വെറും സ്റ്റാബ്'; അമ്മ ഭാരവാഹികൾക്കെതിരെ ടിനി ടോം

Tini Tom

ടിനി ടോം

വെബ് ഡെസ്ക്

Published on May 15, 2026, 05:05 PM | 2 min read

താരസംഘടനയായ അമ്മയുടെ ഭാരവാഹികൾക്കെതിരെ നടൻ ടിനി ടോം രം​ഗത്ത്. സംഘടനയെ എങ്ങനെ നയിക്കണമെന്ന് അറിയാത്തവരുടെ ഇടപെടലുകൾ കൊണ്ടാണ് പുതിയ വിവാദം ഉണ്ടായതെന്ന് ടിനി ടോം പറയുന്നു. ട്രഷറർ ഭരണപരമായ കാര്യങ്ങളിലേക്ക് കടന്നു. അദ്ദേഹത്തിന്റെ ജോലിയെന്താണെന്ന് മനസിലായിട്ടുണ്ടാവില്ലെന്നും ടിനി ടോം കൂ‌ട്ടിച്ചേർത്തു. സംഘടനയുടെ ഫ്രണ്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന ജീവനക്കാരി ഉണ്ണി ശിവപാലിനെതിരേ തൊഴിൽ പീഡന പരാതിയുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് ട്രഷററോട് നിർബന്ധിത അവധിയിൽപോവാൻ പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ നിർദേശം നൽകിയതിന് പിന്നാലെയാണ് ടിനി ടോം നേതൃത്വത്തിനെതിരെ രം​ഗത്ത് വന്നത്.


'അഡ്മിനിസ്‌ട്രേഷൻ എന്തെന്ന് അറിയാത്തവരുടെ ഇടപെടലുകളിലാണ് പ്രശ്‌നങ്ങളുണ്ടായത്. ട്രഷറർ അഡ്മിനിസ്‌ട്രേറ്റീവ് ഡിപ്പാർട്‌മെന്റിലേക്ക് കടന്നതാണ് പറ്റിയത്. അദ്ദേഹത്തിന്റെ ജോലി എന്താണെന്ന് കൃത്യമായി മനസിലാവാത്തതായിരിക്കും. ഇടവേള ബാബുവിനെപ്പോലെയുള്ളവർ മാറിയ ശേഷം ഒരു പരിപാടി നടത്തിയപ്പോഴാണ് സംഘടന മുന്നോട്ടുകൊണ്ടുപോവാനുള്ള ബുദ്ധിമുട്ട് മനസിലായത്. ഞങ്ങൾ ചക്രശ്വാസം വലിച്ചു. മറ്റൊരു സംഘടനയുടെ തലപ്പത്തിരിക്കുന്നവർക്കും അമ്മയെ മുന്നോട്ടുകൊണ്ടുപോവാൻ പറ്റില്ല. കാരണം ‘അമ്മ’യുടെ ഘടന വേറെയാണ്. തുടർന്നുള്ള രണ്ടുവർഷം പ്രശ്‌നങ്ങൾ മറികടന്ന് മുന്നോട്ടുപോവാൻ സീനിയേഴ്‌സിന്റെ സഹായം അഭ്യർഥിച്ചിട്ടുണ്ട്. അവർ നമ്മുടെ കൂടെയുണ്ടാവും.


'ജീവനക്കാരി ഉന്നയിച്ച പരാതികൾ പൂർണ്ണമായി അംഗീകരിച്ചിട്ടില്ല. തെളിവുസഹിതം കണ്ടെത്തിയ കാര്യങ്ങളിലാണ് നടപടി. എക്‌സിക്യൂട്ടീവ് അംഗങ്ങൾ ഒന്നിച്ചെടുത്ത തീരുമാനത്തിലാണ് ജീവനക്കാരിയെ നിയമിച്ചത്. പിരിച്ചുവിടുമ്പോൾ അതുണ്ടായില്ല. അത് ഞങ്ങൾക്ക് എല്ലാവർക്കും വേദനയുണ്ടാക്കി. വിദേശരാജ്യത്തായിരുന്ന ഞാൻ സന്ദേശം കണ്ടപ്പോൾ ഞെട്ടിപ്പോയി. പ്രസിഡന്റ് ഉൾപ്പെടെ തീരുമാനം അറിഞ്ഞിരുന്നില്ല. അത് നിയമവിരുദ്ധമാണ് എന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് യോഗം ചേർന്ന് പിരിച്ചുവിടൽ തീരുമാനം റദ്ദാക്കിയത്', ബൈലോ പ്രകാരം അധികാരം പൂർണ്ണമായും ജനറൽ സെക്രട്ടറിക്കാണ്. ആ അധികാരം ദുരുപയോഗം ചെയ്തു.


ഇടവേള ബാബു ജനറൽ സെക്രട്ടറിയായിരുന്നപ്പോൾ, ഒരു ബൾബ് മാറ്റിയാൽപ്പോലും യോഗത്തിൽ അറിയിക്കുമായിരുന്നു. അതില്ലാതെ വരികയും പലതും സ്വന്തം ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാൻ തുടങ്ങുകയും ചെയ്തതോടെയാണ് പലരും പ്രതികരിക്കാൻ തുടങ്ങിയത്. ചില തീരുമാനങ്ങൾ ആരാണ് എടുക്കുന്നതെന്ന് അറിയില്ല. പ്രസിഡന്റിന് അധികാരമില്ല. വെറും സ്റ്റാമ്പ് മാത്രമാണെന്ന് ബോധ്യപ്പെട്ടു. ഇടവേള ബാബുവും സിദ്ധിഖും ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് താൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ചത്. സംഘടന അന്യാധീനപ്പെട്ടുപോവരുത്, കാര്യങ്ങൾ അറിയാവുന്ന ഒരാൾ വേണമെന്ന് അവർ പറഞ്ഞു. അവിടെ നടക്കുന്ന കാര്യങ്ങൾ ആദ്യമൊക്കെ അറിയിച്ചിരുന്നു.


പിന്നീട്, അറിയിക്കാത്ത അവസ്ഥ വന്നു. അധികാര ദുർവിനിയോഗം നടന്നു. അതുമനസിലായപ്പോഴാണ് ട്രഷററോട് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർ ലീവിൽ പോവാൻ ആവശ്യപ്പെട്ടത്. അമ്മ നിലനിൽക്കേണ്ടത് എന്റേയോ കൈലാഷിന്റേയോ ഇടവേള ബാബുവിന്റേയോ ആവശ്യമല്ല. ഒരുപാട് നിരാലംബരായ ആളുകളുണ്ട്. അവർ സംഘടനയിൽനിന്ന് സംരക്ഷണം പ്രതീക്ഷിക്കുന്നുണ്ട്. അതിനുവേണ്ടിയാണ് ഞങ്ങൾ നിലനിൽക്കുന്നത്', ടിനി ടോം പറയുന്നു. കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലായിരുന്നു വിമർശനം. മുൻ ജനറൽ സെക്രട്ടറി ഇടവേള ബാബു, എക്‌സിക്യൂട്ടീവ് അംഗം കൈലാഷ് എന്നിവരും വാർത്താസമ്മേളനത്തിലുണ്ടായിരുന്നു.







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home