print edition വെടിക്കെട്ടില്ല; പൂരം ആർഭാടരഹിതം

തൃശൂർ: മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കി തൃശൂർ പൂരം നടത്താൻ ധാരണ. ഞായറാഴ്‌ച പൂരത്തിന്റെ ആചാരങ്ങളും ചടങ്ങുകളും തടസ്സമില്ലാതെ നടത്താനും മന്ത്രിമാരും പാറമേക്കാവ്, തിരുവന്പാടി ദേവസ്വം ഭാരവാഹികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗം തീരുമാനിച്ചു.
കുടമാറ്റം പ്രതീകാത്മകമായി 15 മിനിറ്റ് നടത്തും. വെള്ളിയാഴ്‌ചത്തെ സാന്പിൾ വെടിക്കെട്ട് ഒഴിവാക്കും.
പൂരം വിളംബരം, ഇലഞ്ഞിത്തറ മേളം, മഠത്തിൽനിന്നുള്ള വരവ്, ശ്രീമൂലസ്ഥാനത്തെ മേളം, ചെറുപൂരങ്ങൾ, രാത്രി എഴുന്നള്ളിപ്പ്, ഉപചാരം ചൊല്ലി പിരിയൽ എന്നിവ പതിവുപോലെ. പുലർച്ചെ വെടിക്കെട്ടുസമയത്ത് കതിന പൊട്ടിക്കും.
പാറമേക്കാവ് വിഭാഗത്തിന്റെ ചമയ പ്രദർശനം വെള്ളിയാഴ്‌ച ആരംഭിക്കും. ഉദ്‌ഘാടനവും ആഘോഷങ്ങളുമില്ല. പന്തൽ ദീപ വിതാനം വെള്ളിയാഴ്‌ചയുണ്ടാകും. തിരുവന്പാടി വിഭാഗം മൂന്നുദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ ചമയ പ്രദർശനവും പന്തൽ ദീപവിതാനവും ശനിയാഴ്‌ചയേ ആരംഭിക്കൂ.
തീരുമാനങ്ങൾ ഏകകണ്ഠമായിരുന്നുവെന്ന് തിരുവന്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാറും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി രാജേഷും പറഞ്ഞു.
കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ മന്ത്രി വി എൻ വാസവൻ അധ്യക്ഷനായി. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി, എംഎൽഎമാരായ സേവ്യർ ചിറ്റിലപ്പിള്ളി, പി ബാലചന്ദ്രൻ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ രവീന്ദ്രൻ, കലക്‌ടർ ശിഖ സുരേന്ദ്രൻ, കമീഷണർ നകുൽ ആർ ദേശ്‌മുഖ് തുടങ്ങിയവർ പങ്കെടുത്തു.










0 comments