ad
Deshabhimani

തൃശൂർ പൂരം: ഉപചാരം ചൊല്ലൽ ഇന്ന്‌

Thrissur Pooram.jpg
വെബ് ഡെസ്ക്

Published on Apr 27, 2026, 07:11 AM | 1 min read

തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ തിങ്കൾ പകൽ 12.30ന്‌ ഉപചാരം ചൊല്ലിപ്പിരിയും. പാറമേക്കാവ് - തിരുവമ്പാടി ഭഗവതിമാരുടെ തിടമ്പേറ്റി വടക്കുന്നാഥനെ സാക്ഷിയാക്കി പടിഞ്ഞാറേനടയിൽ ശ്രീമൂലസ്ഥാനത്തെത്തിയാണ്‌ ഉപചാരം ചൊല്ലുക. തിങ്കൾ രാവിലെ എട്ടോടെ 15 ആനകളും പാണ്ടിമേളവുമായി മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും എഴുന്നള്ളും.


ഇനി അടുത്തപൂരത്തിന്‌ കാണാമെന്ന്‌ ജനാവലി പ്രഖ്യാപിക്കും. ഉപചാരം ചൊല്ലലിനുശേഷം അടുത്ത വർഷത്തെ പൂരം തീയതി പ്രഖ്യാപിക്കും. കരിമരുന്നിൽ കത്തിയമർന്ന 16 മനുഷ്യജീവനുകളുടെ ഓർമയിൽ വെടിക്കെട്ട്‌ ഉപേക്ഷിച്ചതിനാൽ ഉപചാരം ചൊല്ലലിന്‌ ശേഷമുള്ള വെടിക്കെട്ട്‌ ഉണ്ടാവില്ല. രാത്രി ഉത്രം വിളക്കോടെ കൊടിയിറക്കും.


കഴിഞ്ഞ 13 വർഷമായി തിരുവമ്പാടിക്കായി വെടിക്കെട്ട്‌ ഒരുക്കിയിരുന്ന മുണ്ടത്തിക്കോട്‌ സതീഷടക്കം 16 തൊഴിലാളികളാണ്‌ വെടിക്കോപ്പ്‌ നിർമാണശാല പൊട്ടിത്തെറിയിൽ മരിച്ചത്‌. തൃശൂർ പൂരത്തിന്റെ സാന്പിൾ വെടിക്കെട്ട്‌ നടക്കേണ്ട ദിവസമായിരുന്നു ചികിത്സയിലിരിക്കെ സതീഷിന്റെ മരണം.


രാത്രി പൂരം നടക്കുന്നതിനിടയിലാണ്‌ മലപ്പുറം എടപ്പാൾ സ്വദേശി ഉണ്ണിക്കൃഷ്ണൻ മരിച്ചത്‌. സമാധാനത്തിനും സ്‌നേഹത്തിനുമായി വാനിൽ ചുവന്ന ഹൃദയം വിരിയുന്ന അമിട്ടായിരുന്നു സതീഷ്‌ ഒരുക്കിയിരുന്ന സസ്‌പെൻസ്‌. അതുകണ്ട്‌ പൂരപ്പറമ്പിൽ സന്തോഷത്തോടെ നിൽക്കേണ്ട സതീഷും തൊഴിലാളികളും വെടിക്കെട്ടുമില്ലാതെയാണ്‌ ഇത്തവണത്തെ പൂരം.


പകൽ പൂരത്തിന്റെ തനിയാവർത്തനമായ രാത്രി പൂരം കാണാൻ പൂരപ്രേമികളെത്തി. രാത്രി കാഴ്‌ച കാണാനിറങ്ങിയ ആളുകളും ഉണ്ടായിരുന്നു. അതിനപ്പുറത്തേക്ക്‌ പൂര രാവിന്റെ തിരക്കില്ലാത്ത പൂരമായി ഇത്തവണത്തേത് മാറി. മുണ്ടത്തിക്കോട്‌ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട്‌ ഒഴിവാക്കിയതിനാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്‌ വെടിക്കെട്ട്‌ കാണാൻ വരുന്നവർ ഇത്തവണ പൂരത്തിനെത്തിയില്ല. ആളുകളുടെ ഇ‍ൗ കുറവ്‌ രാത്രി കച്ചവടത്തെയും കാര്യമായി ബാധിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home