ആഘോഷങ്ങളില്ലാതെ ഉപചാരം ചൊല്ലിപ്പിരിഞ്ഞു; തൃശൂർ പൂരത്തിന് സമാപനം

AI പ്രതീകാത്മക ചിത്രം / Gemini
തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരത്തിന് സമാപനം. തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ ഉപചാരം ചൊല്ലിപ്പിരിയലോടെ പൂർത്തിയായി. പാറമേക്കാവ് – തിരുവമ്പാടി ഭഗവതിമാർ പടിഞ്ഞാറേ നടയിലെ ശ്രീമൂലസ്ഥാനത്ത് വെച്ച് ഉപചാരം ചൊല്ലി വേർപിരിഞ്ഞതോടെ തേക്കിൻകാട് മൈതാനം അടുത്ത പൂരത്തിനായുള്ള കാത്തിരിപ്പിലേക്ക് വഴിമാറി.
പതിനഞ്ച് ആനകളുടെ അകമ്പടിയോടെ പാണ്ടിമേളത്തിന്റെ അകമ്പടിയോടെയാണ് ഘടകപൂരങ്ങൾ എത്തിയത്. മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടിയും ശ്രീമൂലസ്ഥാനത്തേക്ക് എഴുന്നള്ളി. വെടിക്കെട്ട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങളും ആർഭാടങ്ങളും പൂർണ്ണമായും ഒഴിവാക്കിയായിരുന്നു ഇത്തവണത്തെ പൂരം. ഉപചാരം ചൊല്ലലിന് ശേഷമുള്ള വർണ്ണാഭമായ വെടിക്കെട്ടും ഇത്തവണ ഉണ്ടായില്ല. 2027 ഏപ്രിൽ 17-നാണ് അടുത്ത പൂരത്തിന് കൊടിയേറുന്നത്.
അതേസമയം വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിന്റെ ആഘാതത്തിൽ മരിച്ചവരുടെ എണ്ണം 17 ആയി ഉയർന്നു. ചികിത്സയിലായിരുന്ന രണ്ട് പേർ കൂടി കഴിഞ്ഞ ദിവസങ്ങളിൽ മരണത്തിന് കീഴടങ്ങിയതോടെയാണിത്. നിലവിൽ രണ്ടുപേർ കൂടി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്. ഇവർക്കായി വിദഗ്ധ ചികിത്സയാണ് ലഭ്യമാക്കുന്നത്.
അപകടസ്ഥലത്തുനിന്ന് ശേഖരിച്ച ശരീരഭാഗങ്ങൾ ആരുടേതാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഡിഎൻഎ പരിശോധന അടക്കമുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മെഡിക്കൽ സംഘം അറിയിച്ചു. പരിശോധനാ ഫലം പുറത്തുവരുന്നതോടെ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെ കാര്യത്തിൽ വ്യക്തതയുണ്ടാകും.










0 comments