print edition തെക്കേഗോപുരം തുറന്നു, ഇനി പൂരം

തൃശൂർ പൂരം വിളംബരം അറയിച്ച് നെയ്‌തിലക്കാവ് ഭഗവതിയുടെ തിടന്പേറ്റിയ എറണാകുളം ശിവകുമാർ തെക്കേഗോപുരനട തുറന്ന് പുറത്തേക്ക് വരുന്നു / ഫോട്ടോ ഡിവിറ്റ് പോൾ
തൃശൂർ: വലിയൊരു ദുരന്തത്തിന്റെ കണ്ണുനീർ തളം കെട്ടി നിൽക്കുന്ന നാടിനെ സാക്ഷിയാക്കി തൃശൂർ പൂരത്തിനു തുടക്കമായി. ഒരു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശനി പകൽ 12.20ന് പൂര വിളംബരമറിയിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുന്നാഥന്റെ തെക്കേ ഗോപുരനട തുറന്നു. പൊൻതിളക്കമുള്ള നെറ്റിപ്പട്ടവും ആടയാഭരണങ്ങളും അണിഞ്ഞ് കോലമേന്തിയ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റി ഗോപുരം തുറന്നത്.
തേക്കിൻകാട് മൈതാനിയിൽ കാത്തുനിന്ന ജനക്കൂട്ടം ആർപ്പുവിളികളോടെ എതിരേറ്റു. രാവിലെ ആറാട്ടിനുശേഷം എറണാകുളം ശിവകുമാർ തിടമ്പേറി വടക്കുന്നാഥനിലേക്ക് പുറപ്പെട്ടു. മണികണ്ഠനാൽ വഴി തേക്കിൻക്കാട്ടിലേക്ക് കയറിയത്തോടെ പൂരപ്രേമികൾ ശിവകുമാറിനു ചുറ്റുംകൂടി. അവിടെനിന്ന് പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്ത് എത്തിയതോടെ ജനക്കൂട്ടം ആർത്തിരന്പി.
ക്ഷേത്രത്തിനകത്ത് കയറി പ്രദക്ഷിണ വഴിയിലൂടെ വടക്കുന്നാഥനെ വലംവച്ച് തെക്കേ ഗോപുരവാതിൽ അകത്തേക്ക് തുറന്ന് ശിവകുമാർ പുറത്തിറങ്ങി. പുറത്ത് കാത്തുനിന്ന പൂരപ്രേമികളെ മൂന്നുതവണ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്‌തു പൂര വിളംബരമറിയിച്ചു. ആർപ്പു വിളിച്ച് പൂക്കളെറിഞ്ഞ് അവർ ശിവകുമാറിനെയും പൂരത്തിനെയും വരവേറ്റു. ഇതിനു ശേഷം നിലപാട് തറയിലെത്തി ശംഖ് വിളിച്ചു. ഇനി വർണ, വാദ്യ, ശബ്ദ മേളങ്ങളുടെ സമന്വയമായ 30 മണിക്കൂറാണ്.










0 comments