print edition അടുത്ത പൂരത്തിന് കാണാം; ഉള്ളുപൊള്ളാതെ

തൃശൂർ പൂരത്തിന് സമാപനം കുറിച് തിരുവമ്പാടി പാറമേക്കാവ് വിഭാഗങ്ങൾ ഉപചാരം ചൊല്ലി പിരിയുന്നു
തൃശൂർ: വടക്കുന്നാഥക്ഷേത്രത്തിന്റെ നിലപാടുതറയിൽ തിരുവമ്പാടി, പാറമേക്കാവ് ഭഗവതിമാരുടെ കോലമേന്തിയ കൊമ്പന്മാർ മുഖാമുഖംനിന്ന് തുമ്പിയുയർത്തി. 2027 ഏപ്രിൽ 17ന് അടുത്ത പൂരത്തിന് വീണ്ടും കാണാമെന്ന ഉപചാരം ചൊല്ലൽ വികാരസാന്ദ്രം. ആകാശപ്പൂരത്തിനായി ഒരുക്കങ്ങൾ നടത്തിയവരിൽ പതിനാറാമത്തെയാൾകൂടി പൊലിഞ്ഞെന്ന വാർത്ത പൂരപ്രേമികളുടെ ഉള്ള് പൊളിച്ചു. വെടിക്കെട്ട് ബാക്കിയാക്കി തൃശൂർ പൂരത്തിന് കൊടിയിറങ്ങി.
മണികണ്ഠനാൽ പന്തലിൽനിന്ന് പാറമേക്കാവ് വിഭാഗവും നായ്ക്കനാൽ പന്തലിൽനിന്ന് തിരുവമ്പാടി വിഭാഗവും എഴുന്നള്ളി. പാറമേക്കാവിന് കൊന്പൻ എറണാകുളം ശിവകുമാറും തിരുവന്പാടിക്ക് തിരുവന്പാടി ചന്ദ്രശേഖരനും കോലമേന്തി. മേളപ്പെരുക്കത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പുകൾ ശ്രീമൂലസ്ഥാനത്തേക്ക് നീങ്ങി.
പാണ്ടിയിൽ കിഴക്കൂട്ട് അനിയൻമാരാരും ചെറുശ്ശേരി കുട്ടൻമാരാരും പ്രമാണികളായി. പടിഞ്ഞാറേനടയിൽ വർണക്കുടകൾ മാറിമറിഞ്ഞു. മേളങ്ങൾ കൊട്ടിക്കലാശിച്ച് ഇരുവിഭാഗവും നിലപാട് തറയിൽനിന്നു. പകൽ 12.40ന് മൂന്നുതവണ തുമ്പിക്കൈ ഉയർത്തി ഇരുവിഭാഗത്തിന്റെയും ഉപചാരം ചൊല്ലൽ പൂർത്തിയായി.
സമാപന വെടിക്കെട്ടിന് പകരം കതിനകൾ മുഴങ്ങി. പാറമേക്കാവ് വിഭാഗം വടക്കുന്നാഥ ക്ഷേത്രത്തിനകത്തുകൂടി സ്വന്തം ക്ഷേത്രത്തിലേക്ക് മടങ്ങി. സരസ്വതിയാലിന് സമീപമെത്തി നടപ്പാണ്ടി മേളത്തോടെ തിരുവമ്പാടിക്കാരും തിരിച്ചെഴുന്നള്ളി. ക്ഷേത്രങ്ങളിൽ കൊടിയിറക്കത്തോടെ ഇൗയാണ്ടത്തെ പൂരക്കാലത്തിന് സമാപനം.










0 comments