print edition കണ്ണീർ നനവോടെ പൂരച്ചൂടിൽ മുങ്ങി

തൃശൂർ പൂരത്തിന്റെ ഭാഗമായി നടന്ന കുടമാറ്റം | ഫോട്ടോ: എം എ ശിവപ്രസാദ്
പ്രത്യേക ലേഖകൻ
Published on Apr 27, 2026, 01:44 AM | 1 min read
തൃശൂർ: ആകാശപ്പൂരത്തിൽ വിസ്‌മയം തീർക്കാനുള്ള ഒരുക്കത്തിനിടെ ഒരുനിമിഷംകൊണ്ട് പൊലിഞ്ഞുപോയവരുടെ വിങ്ങുന്ന ഓർമകൾക്കിടയിലും മണ്ണിലും മനസ്സിലും നിറങ്ങൾ ചാർത്തി ഒരു പൂരംകൂടി. കരിമരുന്നുകലാകാരൻ മുണ്ടത്തിക്കോട് സതീഷുൾപ്പെടെ 16പേരാണ് പൊട്ടിത്തെറിയിൽ പൊലിഞ്ഞത്.
കത്തുന്ന ചൂടിനെ അവഗണിച്ചെത്തിയ ജനലക്ഷങ്ങൾ ഇക്കുറിയും തൃശൂർ പൂരത്തെ അവിസ്‌മരണീയമാക്കി. മുണ്ടത്തിക്കോട് ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വെടിക്കെട്ട് ഉപേക്ഷിച്ചും കുടമാറ്റം 20 മിനിറ്റിലേക്ക് ചുരുക്കിയുമായിരുന്നു ഇക്കുറി പൂരം.
ഞായറാഴ്‌ച രാവിലെ ഏഴിന് ചെറുപൂരങ്ങളോടെ നഗരിയുണർന്നു. തിരുവന്പാടി വിഭാഗത്തിന്റെ മഠത്തിലേക്കുള്ള വരവ് രാവിലെ 7.30 ന് ആരംഭിച്ചു. മഠത്തിലെ ഇറക്കിപ്പൂജയ്‌ക്കുശേഷം പകൽ 11.15 ഓടെ പഞ്ചവാദ്യത്തിന് തുടക്കമായി. തുടർന്ന് പാണ്ടിമേളത്തോടെ ശ്രീമൂലസ്ഥാനത്ത് എഴുന്നള്ളി. പകൽ 12ന് പാറമേക്കാവ് വിഭാഗം പുറത്തേക്കെഴുന്നള്ളി. ക്ഷേത്രമുറ്റത്ത് ചെന്പടമേളവും മിനി കുടമാറ്റവും കഴിഞ്ഞ് പകൽ ഒന്നോടെ നടപ്പാണ്ടികൊട്ടി ഇലഞ്ഞിത്തറ മേളത്തിനായി വടക്കുന്നാഥ ക്ഷേത്രമുറ്റത്തേക്ക് നീങ്ങി. പകൽ രണ്ടോടെ ആരംഭിച്ച ഇലഞ്ഞിത്തറ മേളം നാലരയ്‌ക്ക് അവസാനിച്ചു. തുടർന്ന് ഇരുവിഭാഗങ്ങളുടെയും തെക്കോട്ടിറക്കം. പിന്നാലെ 20 മിനിറ്റ് കുടമാറ്റം. ഇരുവിഭാഗങ്ങളും 17 സെറ്റ് കുടകൾ മാറി. കഴിഞ്ഞ വർഷം 87 മിനിറ്റ് നീണ്ട കുടമാറ്റത്തിൽ 60 സെറ്റ് കുടകളാണ് മാറിയത്. ഫാൻസി കുടകളും ചിത്രക്കുടകളും എൽഇഡി കുടകളും ഉണ്ടായില്ല.
രാത്രി തീവെട്ടികൾക്കുമുന്നിൽ ചെറുപൂരങ്ങളും തിരുവന്പാടി, പാറമേക്കാവ് വിഭാഗങ്ങളുടെ എഴുന്നള്ളിപ്പും ആവർത്തിച്ചു. തിങ്കളാഴ്‌ച പകൽപ്പൂരത്തിനുശേഷം ഇരുവിഭാഗങ്ങളും ഉപചാരം ചൊല്ലി പിരിയുന്നതോടെ ഇൗ വർഷത്തെ പൂരത്തിന് സമാപന മാകും.










0 comments