print edition കോൺഗ്രസ് നേതാവ് ഉൾപ്പെട്ട കുഴൽപ്പണ കവർച്ചാക്കേസ്: മുഖ്യസൂത്രധാരൻ ബംഗളൂരുവിൽ അറസ്റ്റിൽ

തൃശൂർ: പാലക്കാട് വിളയൂരിലെ കോൺഗ്രസ് നേതാവ് മുഹമ്മദ് റാഫി ഉൾപ്പെട്ട കുഴൽപ്പണ കവർച്ചാക്കേസിലെ മുഖ്യസൂത്രധാരനെ ബംഗളൂരുവിൽനിന്ന് പിടികൂടി. കട്ടിങ് നബീൽ എന്നറിയപ്പെടുന്ന മലപ്പുറം അരീക്കോട് മുതുവലൂർ സ്വദേശി ചത്തകുണ്ടങ്ങൽ വീട്ടിൽ നബീലാ (26)ണ് അറസ്റ്റിലായത്. പെൺസുഹൃത്തിനൊപ്പം ദുബായിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് പ്രത്യേക അന്വേഷക സംഘത്തിന്റെ പിടിയിലായത്.
മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ യുഎസ് ഡോളർ തരാമെന്നുപറഞ്ഞാണ് മുഹമ്മദ് റാഫി ഉൾപ്പെടെയുള്ള നാലംഗ സംഘത്തെ തൃപ്രയാറിലെത്തിച്ച് കാർ ആക്രമിച്ച് കുഴൽപ്പണം തട്ടിയത്.
കവർച്ചയ്‌ക്കുശേഷം ബംഗളൂരുവിലെ ആഡംബര വില്ലയിൽ പെൺസുഹൃത്തിനൊപ്പം കഴിയുകയായിരുന്നു. ബുധനാഴ്ച ദുബായിലേക്ക് കടക്കാനിരിക്കുകയായിരുന്നു. പൊലീസിനെ കണ്ട് വില്ലയുടെ വാതിൽ തുറന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച നബീലിനെ പൊലീസ് കീഴ്പ്പെടുത്തുകയായിരുന്നു. റൂറൽ എസ്‌പി മുഹമ്മദ് നദീമുദ്ദീന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. അന്തിക്കാട് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ നടപടിക്രമങ്ങൾക്കുശേഷം കോടതിയിൽ ഹാജരാക്കും.
പ്രതികളെ പിടികൂടാൻ പൊലീസ് എട്ട് സ്ക്വാഡുകളായി തിരിഞ്ഞാണ് അന്വേഷണം തുടങ്ങിയത്. ഇതര സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലും ഒരേ സമയം അന്വേഷണം നടക്കുന്നുണ്ട്. അക്രമികളെത്തിയ കാർ വാടകയ്‌ക്കെടുത്ത സി ബി ശർമ നേരത്തെ പിടിയിലായി. 11 പ്രതികളെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇരിങ്ങാലക്കുട ഡിവൈഎസ്‌പി എം സന്തോഷ് കുമാർ, അന്തിക്കാട് എസ്എച്ച്ഒ വി എം കേഴ്സൺ, എസ്ഐ എം അഫ്സൽ, പി ജയകൃഷ്ണൻ, എഎസ്ഐമാരായ രാജു, ഷൈൻ, ലിജു ഇയ്യാനി, ഇ എസ് ജീവൻ, സിപിഒമാരായ സോണി സേ വ്യർ, സി കെ ബിജു, കൃഷ്ണദാസ്, കെ ജെ ഷിന്റോ, സുർജിത് സാഗർ എന്നിവരാണ് പ്രത്യേക അന്വേഷക സംഘത്തിലുണ്ടായിരുന്നത്.











0 comments