print edition ശരീരഭാഗങ്ങളും തലയും കണ്ടെത്തി

മുണ്ടത്തിക്കോട് വെടിക്കോപ്പ് നിർമാണശാലയിൽ അപകടമുണ്ടായ സ്ഥലത്ത് കഡാവർ ഡോഗുമായി പരിശോധന നടത്തുന്നു
ജിബിന സാഗരൻ
Published on Apr 24, 2026, 12:27 AM | 1 min read
മുണ്ടത്തിക്കോട് (തൃശൂർ): സ്‌ഫോടനമുണ്ടായ മുണ്ടത്തിക്കോടും അതിനുചുറ്റുമുള്ള പ്രദേശത്തും നടത്തിയ പരിശോധനയില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി. വ്യാഴം രാവിലെ 7.30ഓടെ ആരംഭിച്ച ആദ്യഘട്ട പരിശോധനയില്‍ മൂന്ന് കഡാവര്‍ നായകളെയും സ്‌ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ പരിശീലനം ലഭിച്ച രണ്ടു നായകളെയും ഉപയോഗിച്ചു.
ശരീരഭാഗങ്ങള്‍ ലഭിച്ചതിനെത്തുടര്‍ന്ന് 15 പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 150 പൊലീസുകാര്‍ സ്‌ഫോടനമുണ്ടായ പ്രദേശത്തിനുചുറ്റും പരിശോധന നടത്തി. സ്‌ഫോടനപ്രദേശത്ത് നിന്ന് 400മീറ്റര്‍ അകലെ വാഴകള്‍ക്കിടയില്‍ നിന്നും സമീപത്തെ കുളത്തില്‍ നിന്നും ശരീരാവശിഷ്ടം കണ്ടെത്തി. 300 മീറ്റര്‍ അകലെയുള്ള കുളത്തിന്റെ കരയില്‍ കത്തിക്കരിഞ്ഞ നിലയിൽ തല കണ്ടെത്തി. പുരുഷന്റേതാണോ സ്‌ത്രീയുടേതാണോ എന്ന് തിരിച്ചറിയാനായില്ല. ഇതുവരെ 32 ശരീരഭാഗങ്ങൾ കണ്ടെത്തി.
പ്രത്യേക പൊലീസ് സംഘത്തിന്റെയും ജുഡീഷ്യല്‍ കമീഷന്റെയും അന്വേഷണത്തിനായി അപകടമേഖല പൂര്‍ണമായും പൊലീസ് നിയന്ത്രണത്തിലാക്കി. അപകടസമയത്ത് വെടിപ്പുരയില്‍ 38 പേരുണ്ടെന്ന് സ്ഥിരീകരിച്ചതായി സിറ്റി പൊലീസ് കമീഷണര്‍ നകുല്‍ ആര്‍ ദേശ്‌മുഖ് പറഞ്ഞു. അപകടകാരണം വൃക്തമായിട്ടില്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോ കാരണമെന്നറിയാന്‍ വൈദ്യുത പരിശോധനാ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വരണം. ദൃക്‌സാക്ഷികളുടെ മൊഴി വീണ്ടുമെടുക്കും.
100 കിലോ സ്‌ഫോടകവസ്തുക്കൾ നീക്കി
മുണ്ടത്തിക്കോട്
സ്‌ഫോടനമുണ്ടായ പ്രദേശത്ത് രണ്ടുദിവസമായി നടത്തിയ പരിശോധനയില്‍ 100കിലോ സ്‌ഫോടക വസ്തുക്കള്‍ നീക്കി. വ്യാഴാഴ്ച മൂന്ന് എല്‍ഇഡി, 96 അമിട്ട്, അഞ്ച് ഇടത്തരം അമിട്ട്, ആറ് കളര്‍ അമിട്ട്, ഒരു കിലോ കരിമരുന്ന് ഗുളിക എന്നിവയാണ് കണ്ടെടുത്തത്. അസംസ്കൃത വസ്‌തുക്കള്‍ സൂക്ഷിക്കുന്ന ഷെഡില്‍ നിന്ന് 362കിലോ കരിമരുന്നും (15 ചാക്ക്) 50.9കിലോ അലുമിനിയം പൊടിയും കണ്ടെത്തി. ഇവ മഹ്സര്‍ ചെയ്ത് വടക്കാഞ്ചേരിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിന്നീട് നിര്‍വീര്യമാക്കും.
സാന്പിൾ പരിശോധനക്കയച്ചു
പാലക്കാട്
തൃശൂർ പൂരത്തിന് പാറമേക്കാവ് ദേവസ്വത്തിനുവേണ്ടി വെടിക്കോപ്പുകൾ നിർമിച്ചിരുന്ന കേന്ദ്രത്തിലെ സാമഗ്രികളുടെ സാമ്പിൾ ജില്ലാ ഫോറൻസിക് ലാബിലേക്ക് പരിശോധനക്കയച്ചു. പാലക്കാട് ബോംബ് സ്‌ക്വാഡും കൊല്ലങ്കോട് പൊലീസുമാണ് കൊല്ലങ്കോട് മുതലമട വെള്ളാരംകടവിൽനിന്ന് സാമ്പിൾ ശേഖരിച്ചത്. ദിവസങ്ങൾക്കുള്ളിൽ ഫലം ലഭിക്കും.










0 comments