print edition മനസ്സുറപ്പിന്റെ പേരാണ് അഡ്വ. സംയുക്ത

തൃശൂർ: തുറിച്ചുനോട്ടങ്ങളെ നേരിടാനാവാതെ വിഷമിച്ച കുട്ടിക്കാലമുണ്ട് സംയുക്തയ്‌ക്ക്. പൊക്കക്കുറവ് ഒരു വേദനയായിരുന്നുവെങ്കിലും അവൾ തളരാൻ ഒരുക്കമായിരുന്നില്ല. മറികടക്കാനുള്ള നിശ്‌ചയമായി പിന്നീട് ജീവിതം. അവസരങ്ങൾ തേടിവരുന്നതല്ല, തേടികണ്ടെത്തുന്നതാണ്.
അതാണ് വിജയമെന്ന് തിരിച്ചറിഞ്ഞ്, അതിലേയ്‌ക്ക് മനസ്സുറപ്പിക്കുകയായിരുന്നു പിന്നീട് സംയുക്ത. പരിമിതികളെല്ലാം വിധിയെന്ന് വിലപിച്ചും പഴിച്ചും കഴിഞ്ഞുകൂടുന്നവരുടെ കൂട്ടത്തിൽ കൂടാൻ തയ്യാറാവാതിരുന്ന പെൺകുട്ടിയിൽ നിന്നാണ് ഇന്നത്തെ അഡ്വ. സംയുക്ത പി മേനോൻ രൂപപ്പെട്ടത്.
‘‘വിജയത്തിന് മുന്നിൽ ആർക്കും പരിമിതിയില്ല. ആത്മവിശ്വാസത്തോടെ അവസരങ്ങൾ ക ണ്ടെത്തുകയും വിനിയോഗിക്കുകയും ചെയ്യണം. അതാണ് ആദ്യ വിജയം. പരിശ്രമിച്ചുകൊണ്ടേയിരിക്കണം. '' വിജയപ്പടവുകളിലൂടെ ആത്മവിശ്വാസത്തോടെ മുന്നേറുമ്പോൾ സംയുക്ത പങ്കുവയ്‌ക്കുന്ന വാക്കുകളാണിത്.
ചെറുപ്പം മുതൽ നിയമം പഠിക്കാനായിരുന്നു ആഗ്രഹം. പ്ലസ്‌ടു പഠനശേഷം കോമൺ ലോ അ ഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) എഴുതി കളമശേരി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ (നുവാൽസ്) പ്രവേശനം നേടി. ഇതിനിടെ ഫോർ വീലർ ലൈസൻസുമെടുത്തു. 2024 ജൂലൈയിൽ ഹൈ ക്കോടതിയിൽ അഭിഭാഷകയായി എൻറോൾ ചെയ്തു. ഡിസംബറോടെ തൃശൂർ ജില്ലാ കോടതിയിൽ അഡ്വ. നമ്പനത്ത് ശ്രീകുമാറിന്റെ കീഴിൽ ജൂനിയറായി പ്രാക്ടീസ് ചെയ്തുതുടങ്ങി.
ഒന്നര വർഷമായി കാറോടിച്ചാണ് സംയുക്ത അയ്യന്തോൾ നമ്പനത്ത് ബിൽഡിങ്ങിലെ ഓഫീസിലേക്കെത്തുന്നത്. സംയുക്തയുടെ ഉയരത്തിനനുസൃതമായി ബ്രേ ക്കും ആക്സിലേറ്ററും സീറ്റും ഉയർത്തിയിട്ടുണ്ട്. ഒറ്റയ്ക്ക് കാറോടിക്കാൻ ആരംഭിച്ചതോടെ ആ ത്മവിശ്വാസം ഇരട്ടിയായെന്ന് സംയുക്ത പറഞ്ഞു. നിയമത്തിൽ മാത്രമല്ല, സംഗീതത്തിലും നൃത്തത്തിലും മിടുക്കിയാണ്. samsac_menon എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ സമൂഹമാധ്യമങ്ങളിലും വൈറലാണ്.
അച്ഛൻ പ്രമോദ് മേനോൻ തൃശൂർ ഗവ. മെഡിക്കൽ കോളേജിലെയും അമ്മ ദീപ്തി പ്രമോദ് അമല മെഡിക്കൽ കോളേജിലെയും ഡോക്ടർമാരാണ്. അമല ഹോസ്പിറ്റൽ ക്വാർട്ടേഴ്സിലാണ് താമസം. സ ഹോദരന്മാർ: പരേതനായ സച്ചിൻ, തന്മയ്.









0 comments