ആശമാർക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: ആശാവർക്കർ എന്നറിയപ്പെടുന്ന അക്രഡിറ്റഡ് സോഷ്യൽ ഹെൽത്ത് ആക്ടിവിസ്‌റ്റുകൾക്ക് മൂന്ന് മാസത്തെ ഓണറേറിയം നൽകാൻ ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍. ജൂൺ മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിൽ ഓണറേറിയം ആയി നൽകേണ്ട തുകയാണ് അനുവദിച്ചത്. പ്രതിമാസം 7000 രൂപ വീതം 26,125 ആശമാർക്കാണ് ഓണറേറിയം ലഭിക്കുക. ഇതിനായി 54,86,25,000 രൂപയാണ് അനുവദിച്ചത്.
2005ൽ കേന്ദ്ര സർക്കാർ തുടങ്ങിയ ആശാ പദ്ധതിയുടെ ഭാഗമായി കേരളത്തിൽ നിലവിൽ ഇരുപത്തിയാറായിരത്തിന് മുകളിൽ ആശമാരാണുള്ളത്. ഇവർക്ക് 500 രൂപയായിരുന്നു തുടക്കത്തിൽ ഓണറേറിയം. 2016ൽ ആയിരം രൂപയായി. എൽഡിഎഫ് സർക്കാരാണ് ആയിരത്തിൽനിന്ന് ഏഴായിരം രൂപയാക്കിയത്. ഈ തുക സംസ്ഥാനമാണ് നൽകുന്നത്. ആശമാർക്ക് രാജ്യത്ത് ഏറ്റവും ഉയർന്ന വേതനം നൽകുന്നത് കേരളത്തിലാണ്. ഓണറേറിയത്തിനു പുറമേയുള്ള ഇൻസെന്റീവിൽ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇതിലാണ് കേന്ദ്രം നൽകേണ്ട നൂറുകോടി കുടിശ്ശികയായത്. കേന്ദ്ര സർക്കാർ നൽകിയില്ലെങ്കിലും സംസ്ഥാനം ഇതുംകൂടി ചേർത്താണ് വിതരണംചെയ്‌തത്.
കൃത്യമായി ജോലി ചെയ്യുകയാണേൽ ഇൻസെന്റീവ് ഉൾപ്പെടെ കേരളത്തിലെ ആശയ്‌ക്ക് പ്രതിമാസം 13,200 രൂപവരെ ലഭിക്കും. കേന്ദ്രവിഹിതം മുടങ്ങിയിട്ടും സംസ്ഥാന സർക്കാർ വേതനം നൽകുന്നു. ഈ വസ്‌തുതതകൾ വ്യക്തമായിട്ടും സംസ്ഥാന സർക്കാരിനെതിരെ ഒരുവിഭാഗം ആശമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയിരിക്കുകയാണ് കോൺഗ്രസ്.
0 comments