ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് ലഹരി വിൽപ്പന; മൂന്നംഗ സംഘം പിടിയിൽ

കോഴിക്കോട്: ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് കറങ്ങിനടന്ന് ലഹരി വിൽപ്പന നടത്തിവന്നിരുന്ന മൂന്നംഗ സംഘത്തെ ഡാൻസാഫ് പിടികൂടി. കോഴിക്കോട് പേരാമ്പ്രയിൽ വച്ചാണ് പ്രതികൾ പോലീസിന്റെ വലയിലായത്. കക്കട്ടിൽ സ്വദേശികളായ മുഹമ്മദ് തസ്നീം, സിറാജ്, ബംഗളൂരു സ്വദേശി മുഹമ്മദ് യാസീൻ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി.
പ്രതികൾ സഞ്ചരിച്ചിരുന്ന ക്രെറ്റ കാറിന്റെ ഡാഷ് ബോർഡിൽ നിന്ന് 51.43 ഗ്രാം എം ഡി എം എയും സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിൽ 8 ലക്ഷം രൂപയും പോലീസ് പിടിച്ചെടുത്തു. ലഹരിമരുന്ന് വിൽപ്പനയിലൂടെ സമ്പാദിച്ച പണമാണിതെന്ന് ചോദ്യം ചെയ്യലിൽ പ്രതികൾ സമ്മതിച്ചിട്ടുണ്ട്. ആർക്കും സംശയം തോന്നാതിരിക്കാനാണ് ഇവർ ആഡംബര കാറുകൾ വാടകയ്ക്കെടുത്ത് വിവിധ സ്ഥലങ്ങളിൽ ലഹരി എത്തിച്ചിരുന്നത്.
വിദേശത്തായിരുന്ന പ്രതികളിലൊരാളായ മുഹമ്മദ് തസ്നീം, നാട്ടിലെത്തിയ ശേഷം തന്റെ സാമ്പത്തിക ബാധ്യതകൾ തീർക്കാനാണ് ലഹരി വിൽപ്പനയിലേക്ക് തിരിഞ്ഞതെന്ന് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ പൊലീസ് അന്വേഷണം കൂടുതൽ വ്യാപിപ്പിച്ചിട്ടുണ്ട്.











0 comments